കൊച്ചി: വി.ഡി. സതീശനെ സ്വീകരിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരുടെ തിക്കിലും തിരക്കിലും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഇൻഫർമേഷൻ സെന്ററിന്റെ ചില്ല് തകർന്നു. വന്ദേഭാരതിലെത്തിയ വി.ഡി. സതീശനെ തോളിലേറ്റി പ്രവർത്തകർ പുറത്തേക്ക് പോകുമ്പോഴായിരുന്നു ചില്ല് തകർന്നത്. പ്രവർത്തകരുടെ കൈവശം കൊടിയും മറ്റുമുണ്ടായിരുന്നു ഇത് കൊണ്ടതാകാം ചില്ല് തകരാൻ കാരണമെന്നാണ് സൂചന.

To advertise here,

പ്ലാറ്റ്‌ഫോമിൽ സതീശനെ സ്വീകരിക്കാനെത്തിയവരുടെ തിരക്കുകാരണം വന്ദേഭാരതിലേക്ക് കയറാനോ ഇറങ്ങാനോ സാധിക്കാതെ യാത്രക്കാർ ബുദ്ധിമുട്ടിയതിനാൽ തീവണ്ടി അൽപനേരം സ്റ്റേഷനിൽ പിടിച്ചിട്ടു.

എറണാകുളത്ത് വൈകീട്ട് 6.42-ന് എത്തേണ്ട തീവണ്ടി, 6.51-ന് ആണ് എത്തിയത്. പ്ലാറ്റ്‌ഫോമിലെ കോൺഗ്രസ് പ്രവർത്തകരുടെ തിരക്കൊഴിഞ്ഞശേഷം 7.01-ന് ആണ് വന്ദേഭാരത് പുറപ്പെട്ടത്. ഇതിനിടെ റെയിൽവേ സ്റ്റേഷന് അകത്തേക്കു പോലും കയറാനാകാത്ത യാത്രക്കാരും ഉണ്ടായിരുന്നു.

യു.ഡി.എഫിന്റെ ചരിത്ര ജയത്തിനു ശേഷം വി.ഡി. സതീശൻ തിരുവനന്തപുരത്തു നിന്ന് എത്തുന്നു എന്ന് വിവരം ലഭിച്ചതും കോൺഗ്രസ് പ്രവർത്തകർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഒഴുകുകയായിരുന്നു. മംഗലാപുരത്തേക്കുള്ള വന്ദേഭാരത് എത്തുന്നതിന് ഒരുമണിക്കൂർ മുൻപേ വെള്ളഖദറുകാരും ത്രിവർണ കൊടികളും ഒന്നംനമ്പർ പ്ലാറ്റ്ഫോമിൽ ഇടംപിടിച്ചു. യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷന് അകത്തേക്ക് വഴിയൊരുക്കാൻ പോലീസ് നന്നേ പണിപ്പെട്ടു.