കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും 'അഭിനയം' മാത്രമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ കൈയ്യിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ കഴുത്തും കൈയും കെ.എസ്.യു പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണെന്ന് സതീശൻ പറഞ്ഞു. ഇതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത് തെറ്റായ നടപടിയാണെന്നും സർക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ആരോഗ്യമേഖലയിലെ തകർച്ചയും സർക്കാരിനെതിരായ ജനവികാരവും മറച്ചുവെക്കാനാണ് ഇത്തരമൊരു നാടകം ആസൂത്രണംചെയ്തതെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. പ്ലാറ്റ്‌ഫോമിലൂടെ സാധാരണ രീതിയിൽ നടന്നുപോയ മന്ത്രി പിന്നീട് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിക്കപ്പെട്ടതും ഗൗരവകരമായ പരിക്കുകളില്ലെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതും ഈ നാടകത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കയ്യിലുണ്ടായിരുന്ന കരിങ്കൊടിയുടെ ഒരു നൂലിഴ പോലും മന്ത്രിയുടെ ദേഹത്ത് തട്ടിയിട്ടില്ലെന്നും കരിങ്കൊടി മാരകായുധമാണോ എന്ന് പോലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ പ്രസ്താവനകളിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്നത് വാസ്തവവിരുദ്ധമായ ഒരു കാര്യമാണെന്നും ഡിസിസി ഓഫീസ് ആക്രമിച്ചത് കണ്ണൂർ ജില്ലയിലെ മാർക്സിസ്റ്റ് നേതാക്കളുടെ അറിവോടെയാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. ആരോഗ്യവകുപ്പിനെതിരെയും സർക്കാരിനെതിരെയും ഉയരുന്ന ശക്തമായ പ്രതിഷേധത്തെ തടയുന്നതിനായി കെട്ടിച്ചമച്ച കള്ള പ്രചരണമാണിതെന്നും അത് ജനങ്ങൾ തള്ളിക്കളയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: V.D. Satheesan denies any attack on Health Minister Veena George by KSU activists., Accuses CPM State Secretary M.V. Govindan of deliberately provoking party workers., Claims the Chief Minister is misleading the public regarding the incident., Asserts that video evidence from the Kannur Railway Station is clear.
Published: 26 Feb 2026, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented