
കുഞ്ചിത്തണ്ണി (ഇടുക്കി): ചൊക്രമുടിയില്‍ സി.പി.ഐ.യും സി.പി.എമ്മും മത്സരിച്ചാണ് റവന്യൂ ഭൂമി കൈയേറുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ചൊക്രമുടിയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഒരു സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലാത്തത് അതിന് തെളിവാണ്. ചൊക്രമുടിയില്‍ അനധികൃത കൈയേറ്റവും നിര്‍മാണവും നടന്ന ഭാഗം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ റവന്യൂമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറ പുറംപോക്കെന്ന് സര്‍ക്കാര്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമി കൈയേറാന്‍ സര്‍ക്കാര്‍തന്നെ കൂട്ടുനിന്നിരിക്കുകയാണ്. റവന്യൂ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ നേതാക്കളുടെ ഒത്താശയോടെയാണ് ഈ കൈയേറ്റം. തീയതി ഇല്ലാതെ റവന്യൂമന്ത്രിക്ക് ലഭിച്ച കത്താണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് ഐ.ജി.യുടെ റിപ്പോര്‍ട്ടില്‍ത്തന്നെ പറയുന്നുണ്ട്. കത്തിന്റെ അടിസ്ഥാനത്തിലാണ് 354 ഹെക്ടര്‍ സ്ഥലം ക്രമപ്പെടുത്തിയെടുത്തത്.
ചൊക്രമുടിയുടെ പടിഞ്ഞാറുഭാഗത്ത് സി.പി.എം. നേതാവ് എം.എം. മണി എം.എല്‍.എ.യുടെ സഹോദരന്‍ ലംബോദരനും അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്മാര്‍ക്കും ഏക്കറുകണക്കിന് കൈയേറ്റഭൂമിയുണ്ട്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ഷൈലജയുടെ ഭര്‍ത്താവ് സുരേന്ദ്രനെതിരേ ഇവിടെ സര്‍ക്കാര്‍ഭൂമിയില്‍ രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിച്ചതിന് 2023-ല്‍ ഭൂസംരക്ഷണ നിയമപ്രകാരം റവന്യൂ വകുപ്പ് കേസെടുത്തിട്ടുള്ളതാണെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍, ഭൂമി കൈയേറ്റത്തിന് കേസെടുത്തിട്ടില്ലാത്തത് അദ്ഭുമാണ്.
ചൊക്രമുടിയില്‍ ഭൂമി കൈയേറിയവര്‍ കൊട്ടാക്കമ്പൂരില്‍ മുന്‍പ് 200 ഏക്കറോളം ഭൂമി കൈയേറിയിട്ടുള്ളവരാണ്. അന്ന് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നെങ്കില്‍ ചൊക്രമുടിയിലെ കൈയേറ്റം ഉണ്ടാകുമായിരുന്നില്ല. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ചൊക്രമുടിയിലെ മുഴുവന്‍ കൈയേറ്റക്കാരെയും ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എം.പി., ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പ്രൊഫ.എം.ജെ. ജേക്കബ്, റോയി കെ.പൗലോസ്, ബിജോ മാണി, ഇ.എം. ആഗസ്തി, എം.എന്‍. ഗോപി, ഇബ്രാഹിംകുട്ടി കല്ലാര്‍, എ.പി. ഉസ്മാന്‍, പി.വി. സ്‌കറിയ, അലോഷി തിരുതാളില്‍ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു. കൈയേറ്റവിവാദഭൂമി സന്ദര്‍ശിച്ചശേഷം ബൈസണ്‍വാലി ടൗണില്‍ നടന്ന പ്രതിഷേധയോഗം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്തു.
Content Highlights: vd satheesan criticises cpim leaders for illegal constructions at chokramudi peak
Published: 01 Oct 2024, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented