തിരുവനന്തപുരം: അർഹതപ്പെട്ട പലരേയും മന്ത്രിമാരുടെ പട്ടികയിൽ ഉൾക്കൊള്ളിനായില്ലെന്നുപറഞ്ഞാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ പട്ടിക പുറത്തിറക്കിയത്. സോഷ്യൽ, റീജിയണൽ ബാലൻസ് പരിഗണിക്കുമ്പോൾ എല്ലാവരെയും പരിഗണിക്കാൻ സാധിച്ചില്ലെന്നും അതിൽ ദുഃഖമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. ജില്ലകളുടെയും സാമുദായിക പ്രാതിനിധ്യവും വനിതാ പ്രാതിനിധ്യമടക്കം പരിഗണിച്ചാണ് യുഡിഎഫ് മന്ത്രിമാരുടെ പട്ടിക പുറത്തിറക്കിയത്. ഒട്ടേറെ പുതുമുഖങ്ങൾ മന്ത്രിസഭയിലെത്തിയപ്പോൾ പ്രതീക്ഷിച്ചിരുന്ന പലരും പട്ടികയിൽ ഇടംപിടിച്ചില്ല.
മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.മുരളീധരൻ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയപ്പോൾ ഒട്ടേറെ യുവാക്കൾക്കും മന്ത്രിസഭയിൽ ഇടംകിട്ടി. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയുൾപ്പെടെ 12 പേരും ഘടകകക്ഷിയയ ലീഗിൽ നിന്ന് അഞ്ചുപേരും മന്ത്രിസഭയിലെത്തി. ആർഎസ്പി, കേരള കോൺഗ്രസ്, സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നീ പാർട്ടികളിൽ നിന്ന് ഓരോ അംഗങ്ങളും ടീം വിഡിഎസ്സിലുണ്ട്. 21 അംഗ മന്ത്രിസഭ തിങ്കളാഴ്ചയാണ് അധികാരമേൽക്കുന്നത്.
പരമാവധി ജില്ലകളുടെ പ്രാതിനിധ്യം ലക്ഷ്യമിട്ട് ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ പ്രഖ്യാപനം നടന്നത്. എന്നിട്ടും കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു മന്ത്രിയുമില്ല. 13 ൽ 12 സീറ്റും ജയിച്ച് 20 വർഷത്തിന് ശേഷം കോൺഗ്രസിന് എംഎൽഎമാരെ കിട്ടിയിട്ടും ജില്ലയിൽ നിന്ന് മന്ത്രിയില്ലാത്തതാണ് ശ്രദ്ധേയം. നിലവിൽ ലീഗിൽ നിന്നും കോഴിക്കോടിന് മന്ത്രിയില്ല. എന്നാൽ രണ്ടരവർഷം കഴിഞ്ഞാൽ പാറയ്ക്കൽ അബ്ദുള്ള ലീഗിൽ നിന്ന് മന്ത്രിയാകും. അത് കൂടി പരിഗണിച്ചാണ് കോഴിക്കോടുനിന്ന് കോൺഗ്രസ് മന്ത്രിമാരെ ഉൾപ്പെടുത്താതിരുന്നത്.
വയനാട്ടിൽ നിന്ന് ടി. സിദ്ദിഖ് മാത്രമാണ് നിലവിൽ മന്ത്രിയാകുന്നത്. ജില്ലയിൽ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ മികച്ചുനിന്ന നേതാവാണ് സിദ്ദിഖ്. രാഹുൽ ഗാന്ധിയുടേതടക്കം താത്പര്യം സിദ്ദിഖിന് അനുകൂലമായി എന്നുവേണം മനസിലാക്കാൻ. അതേസമയം സിദ്ദിഖെത്തുന്നതിനാൽ ഐ.സി. ബാലകൃഷ്ണൻ കാബിനറ്റിലുണ്ടാവില്ല. വയനാട് ജില്ലയിൽനിന്ന് രണ്ട് മന്ത്രിമാരെ പരിഗണിക്കാനാവാത്ത സാഹചര്യമാണ്. എന്നാൽ കെ.എ. തുളസിക്ക് പകരം ടേം വ്യവസ്ഥയിൽ ഐ.സി. ബാലകൃഷ്ണൻ പിന്നീട് മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. ടി. സിദ്ദിഖ് മന്ത്രിസഭയിലെത്തിയതിനാൽ ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത് എന്നിവരുടെ വഴിയടഞ്ഞു. സീനിയോറിറ്റി ഉണ്ടായിട്ടും സാമുദായിക സമവാക്യങ്ങളാണ് ഷാനിമോൾ ഉസ്മാനെ പരിഗണിക്കാനാവാത്ത സ്ഥിതിയുണ്ടാക്കിയത്. ഷാനിമോൾ ഉസ്മാനെ പകരം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിച്ചു. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ പദവിയിലേക്കാണ് പരിഗണിച്ചത്.
പി.സി.വിഷ്ണുനാഥ്, എം.ലിജു, ഒ.ജെ.ജനീഷ് എന്നിവരും യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നു. ലിജുവും വിഷ്ണുനാഥും മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഒ.ജെ.ജനീഷ് എത്തിയതാണ് മന്ത്രിമാരിലെ സർപ്രൈസ് എൻട്രി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ജനീഷ് അവസാനഘട്ടമാണ് ചർച്ചകളിലേക്ക് കടന്നുവന്നത്. പി.സി. വിഷ്ണുനാഥിന് പുറമേ കൊല്ലം ജില്ലയിൽ നിന്ന് ബിന്ദു കൃഷ്ണയും മന്ത്രിയാകും. രണ്ട് വനിതാ മന്ത്രിയെന്ന പരിഗണന വെച്ചാണ് കെ.എ.തുളസിക്ക് നറുക്ക് വീഴുന്നത്. അതോടെ കോൺഗ്രസിൽ നിന്ന് യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം ഉറപ്പായി.
അതേസമയം റോജി എം. ജോണും കോൺഗ്രസിൽ നിന്ന് മന്ത്രിയാകുന്നവരുടെ കൂട്ടത്തിലുണ്ട്. അതേസമയം എം. വിൻസെന്റ്, ടി.ജെ. വിനോദ്, ചാണ്ടി ഉമ്മൻ എന്നിവർക്ക് മന്ത്രിസഭയിൽ ഇടംകിട്ടിയില്ല. ആദ്യഘട്ടത്തിൽ ചർച്ചകളിലടക്കം ഈ പേരുകൾ വന്നിരുന്നുവെങ്കിലും സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചപ്പോഴാണ് മാറിവന്നത്. ആർഎസ്പി യിൽ നിന്ന് ഷിബു ബേബി ജോൺ മന്ത്രിയായതും ഒരു ഘടകമായി. എൻ.ശക്തൻ, വി.ടി ബൽറാം, കെ.ജയന്ത്, സേനാപതി വേണു എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അവസാന ലിസ്റ്റിൽ നിന്ന് പുറത്തായി.
ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരാണുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാർ. രണ്ടരവർഷം കഴിഞ്ഞാൽ പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും. കോഴിക്കോടിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമാണിത്. അതോടെയാണ് കോൺഗ്രസിൽ നിന്ന് കോഴിക്കോടിന് മന്ത്രി ഇല്ലാതിരുന്നത്. കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫും സിഎംപിയിൽ നിന്ന് സി.പി. ജോൺ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്ന് അനൂപ് ജേക്കബ് എന്നിവരാണ് സതീശൻ സർക്കാരിന്റെ ഭാഗമാകുന്നത്.
Content Highlights: VD Satheesan leads a 21-member UDF cabinet set to take oath on Monday., Cabinet composition balances regional, communal, and youth representation., Includes 12 Congress members and 5 Muslim League ministers., Features a term-based power-sharing agreement for specific districts like Kozhikode., Strategic inclusion of youth leaders and female representatives.
Published: 17 May 2026, 08:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented