പാലോട്: പഠനകാലംമുതൽ മഞ്ജുവിന്റെ സ്വപ്‌നമായിരുന്നു സർക്കാർജോലി. കുടുംബത്തിന്റെ ഇല്ലായ്മകളിലും കഠിന പരിശ്രമങ്ങൾക്കൊടുവിൽ അത് കൈയെത്തും ദൂരത്തായി. എന്നാൽ ജോലിയിൽ ചേരാനുള്ള അവസാനവട്ട ഒരുക്കത്തിനിടയിൽ അവരെ മരണം തട്ടിയെടുത്തു. റോഡപകടത്തിന്റെ രൂപത്തിൽ. ബുധനാഴ്ച രാത്രി വർക്കലയിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഇടിഞ്ഞാർ മാടൻകരിക്കകം ഷാലോം നിവാസിൽ റിബിൻ ജോസിന്റെ ഭാര്യ മഞ്ജു(33)വിനാണ് ഈ ദുർവിധിയുണ്ടായത്.

To advertise here,

പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡേറ്റാ എൻട്രി തസ്തികയിൽ ടെസ്റ്റും അഭിമുഖവും കഴിഞ്ഞുനിൽക്കുകയായിരുന്നു മഞ്ജു.

പാരിപ്പള്ളിയിൽനിന്ന് പാളയംകുന്നിലേക്കു കുടുംബമായി യാത്രചെയ്യുമ്പോൾ പാരിപ്പള്ളിയിൽവെച്ച് ഇവർ യാത്രചെയ്ത ബൈക്കിന്റെ പിന്നിൽ കാർ ഇടിക്കുകയായിരന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് മഞ്ജു മരിച്ചത്. ഭർത്താവിന്റെ കൂട്ടുകാരന്റെ പുതിയ വീട് സന്ദർശിച്ചിട്ട് മടങ്ങുംവഴിയായിരുന്നു അപകടം.

പാരിപ്പള്ളിയിലെ കടയിൽനിന്നു വീട്ടുസാധനങ്ങളും വാങ്ങി യാത്ര തുടരുമ്പോഴാണ് പിന്നിൽനിന്ന്‌ അമിതവേഗത്തിലെത്തിയ കാർ, ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചത്. ഇടിഞ്ഞാറിൽ കുടുംബശ്രീ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മഞ്ജു. റിബിൻ ജോസും പൊതുപ്രവർത്തനരംഗത്ത് സജീവമാണ്. കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. മഞ്ജുവിന്റെ മൃതശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇടിഞ്ഞാർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്‌ സെമിത്തേരിയിൽ സംസ്‌കരിച്ചു.

ബൈക്കിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ചു

: കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതി മരിച്ചു. ബൈക്കോടിച്ചിരുന്ന ഭർത്താവിനും രണ്ട് മക്കൾക്കും പരിക്കേറ്റു. പെരിങ്ങമ്മല ഇടിഞ്ഞറ ശാലോം ഹൗസിൽ മഞ്ജു (33) വാണ് മരിച്ചത്. ഭർത്താവ് റിബിൻ ജോസ് (41), മക്കളായ ആരോൺ (11), ആരാധ്യ (ആറ്) എന്നിവർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 10.30-ഓടെ ചാവർകോട് ജങ്ഷന് സമീപമായിരുന്നു അപകടം. ബൈക്കിൽ പാളയംകുന്നിൽ നിന്നും പാരിപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു റിബിനും കുടുംബവും.

ചാവർകോട് ജങ്ഷന് സമീപമെത്തിയപ്പോൾ പിന്നിൽ നിന്നും അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലുപേരും റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മരിച്ചു.

അപകടത്തിൽ റിബിൻ ജോസിന്റെ നട്ടെല്ലിന്റെ ഭാഗത്ത് മുറിവും ചതവുമുണ്ടായി. മകൻ ആരോണിന്റെ ശരീരത്തിന്റെ മുറിവും ചതവുമുണ്ട്. മകൾ ആരാധ്യയുടെ വലതു കൈയ്ക്ക് പൊട്ടലും മുറിവുമുണ്ട്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

അപകടത്തെ തുടർന്ന് കാർഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാർ സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. കാർ ഓടിച്ചിരുന്നയാളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായി അയിരൂർ പോലീസ് അറിയിച്ചു. റിബിനും മഞ്ജുവും പാളയംകുന്നിൽ താമസിച്ച് റബ്ബർ ടാപ്പിങ് ജോലി ചെയ്തുവരികയായിരുന്നു.