
വൈക്കം: തലയാഴം സി.പി.ഐ. ലോക്കൽ കമ്മിറ്റി ഓഫീസിന് മുമ്പിൽ പന്തലിൽ തൂങ്ങിമരിച്ച കാർഷിക സംരംഭകൻ കൂവം പുളിക്കാശ്ശേരിയിൽ കെ.ചെല്ലപ്പന്റെ (67) മൊബൈൽ ഫോൺ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ഇതുസംബന്ധിച്ച് കുടുംബം രേഖാമൂലം വൈക്കം പോലീസിൽ പരാതി നൽകും. ചൊവ്വാഴ്ച രാവിലെയാണ്, മക്കൻ ചെല്ലപ്പൻ എന്നറിയപ്പെടുന്ന ചെല്ലപ്പനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്മാർട്ട് ഫോണാണ് ചെല്ലപ്പൻ ഉപയോഗിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇടപെട്ടിരുന്നത് ഈ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതും ഈ ഫോണിലൂടെയാകാനാണ് സാധ്യതയെന്ന് മകൾ ജ്യോതി പറഞ്ഞു. നമ്പരിലേക്ക് വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫ് ആണ്.
കഴിഞ്ഞദിവസം ചെല്ലപ്പൻ പാട്ടത്തിനെടുത്ത രണ്ടരയേക്കർ വരുന്ന കാർഷിക നഴ്സറി പോലീസ് സാന്നിധ്യത്തിൽ തുറന്ന് മകൻ പി.സി. ദീപു പരിശോധിച്ചെങ്കിലും മൊബൈൽ ഫോണിന്റെ കവർ മാത്രമേ കണ്ടെത്താനായുള്ളൂ. മരിക്കുന്നതിന്റെ തലേദിവസവും മകൻ ദീപുവിനെ ഫോണിൽ വിളിച്ചുവരുത്തി ചെല്ലപ്പൻ താൻ നേരിടുന്ന ഭീഷണികളെയും സമ്മർദ്ദങ്ങളെയും കുറിച്ച് സംസാരിച്ചിരുന്നു.
ചെല്ലപ്പൻ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് വീഡിയോയിൽ വർഷങ്ങളായി തനിക്കുണ്ടായ ദുരനുഭവങ്ങൾക്ക് പ്രദേശത്തെ ചില സി.പി.ഐ. നേതാക്കളാണ് ഉത്തരവാദികളെന്ന് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കഴിയുംവരെ താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും, എന്തെങ്കിലും സംഭവിച്ചാലും അതിന് പുറകെ വരരുതെന്നും ചെല്ലപ്പൻ പറഞ്ഞിരുന്നതായും കഴിഞ്ഞദിവസം മകൻ ദീപു വെളിപ്പെടുത്തി.
ചെല്ലപ്പന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തെങ്കിലും കുടുംബാംഗങ്ങളെ കാണിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കി. അടുത്തദിവസം ആത്മഹത്യാക്കുറിപ്പ് കാണിക്കാമെന്ന് പോലീസ് അറിയിച്ചതായി കുടുംബം പറയുന്നു. മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുള്ള സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് മക്കളായ ജ്യോതിയും പി.സി. ദീപുവും ചെല്ലപ്പന്റെ ഭാര്യ ആനന്ദവല്ലിയും ആവശ്യപ്പെടുന്നത്.
Content Highlights: Family demands probe into the suspicious death of entrepreneur Chellappan., Mobile phone used for social media activity is missing from the crime scene., Deceased had alleged political pressure in a pre-recorded 2026 social media video., Family expresses protest over police withholding the suicide note., Call for justice amid allegations against local political leaders.
Published: 10 Apr 2026, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented