വടകര: കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തതിൽ മനംനൊന്ത് തിരുവള്ളൂരിലെ ഇബ്രാഹിം ഹാജി എന്ന വൃദ്ധൻ തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ സൊസൈറ്റി പ്രസിഡന്റായിരുന്ന മുൻ കോൺഗ്രസ് നേതാവ് സുധീർ കുമാർ അറസ്റ്റിൽ. സംഭവത്തിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്ന സുധീറിനെ ചേന്ദമംഗലൂരിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്. സുധീറിനെ കുടാതെ ബോർഡ് അംഗം റെനീഷ്, ബോർഡ് പ്രസിഡന്റ് പ്രീന എന്നിവരും കേസിൽ പ്രതികളാണ്.

To advertise here,

കഴിഞ്ഞ മെയ് 29 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരിച്ച് കിട്ടാത്തതിനെ തുടർന്ന് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി ബോർഡ് പ്രസിഡന്റായിരുന്ന സുധീർ കുമാറിന്റെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഇബ്രാഹിം ഹാജിയുടെ മരണത്തിന് ശേഷം നിരവധി പേരാണ് സൊസൈറ്റിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഡിസിസി സെക്രട്ടറിയായിരുന്ന സുധീർകുമാറിനെ സംഭവത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പരിശോധനയിൽ 2.16 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സഹകരണ വകുപ്പ് നൽകിയ പരാതിയിൽ കേസ് റൂറൽ ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.

യുഡിഎഫ് നേതൃത്വത്തിലുള്ള സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇബ്രാഹിം ഹാജി നൽകിയ പരാതിയിൽ കഴിഞ്ഞ ജനുവരി 28ന് തന്നെ പോലീസ് കേസെടുത്തിരുന്നു. സുധീർകുമാർ, ഇപ്പോഴത്തെ പ്രസിഡന്റ് ബഷീർ അഹമ്മദ്, സെക്രട്ടറി തുടങ്ങിയവരുടെ പേരിലായിരുന്നു കേസ്. 2021 ജൂലായ് 29 മുതൽ 2023 ജൂലായ് 22 വരെയുള്ള കാലയളവിൽ നിക്ഷേപിച്ച 22 ലക്ഷം തിരികെ നൽകിയില്ലെന്നായിരുന്നു കേസ്. ഈ പണം ആവശ്യപ്പെട്ട് നിരന്തരം ഇബ്രാഹിം ഹാജി സൊസൈറ്റി ഓഫീസിലും സെക്രട്ടറിയുടേയും പ്രസിഡന്റിന്റെയും വീടുകളിലും കയറി ഇറങ്ങിയിരുന്നു. എന്നിട്ടും പണം തിരികെ നൽകാതെ വന്നതോടെയാണ് സുധീർകുമാറിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.