തിരുവനന്തപുരം : കുട്ടികൾ കുറഞ്ഞതോടെ ജോലിനഷ്ടമായ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരിൽ പലരും ആത്മഹത്യയുടെ വക്കിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന അധ്യാപക അവാർഡ് വിതരണച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എട്ടും പത്തും വർഷം അധ്യാപകരായിരുന്നവർ ഇപ്പോൾ വീട്ടുജോലിക്കുവരെ പോകുന്നുണ്ട്. ജോലിനഷ്ടമാകുന്ന അധ്യാപകരെ സംരക്ഷിക്കാൻ മാനേജ്‌മെന്റുകൾ പദ്ധതി തയ്യാറാക്കണം. സഹകരിക്കാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ചില അധ്യാപകർ ചുമതല ഏറ്റെടുക്കുമ്പോൾ സ്കൂൾ പുരോഗമിക്കും. എന്നാൽ, ചിലർ വരുമ്പോൾ സ്കൂളിൽ നാശം തുടങ്ങും. കുട്ടികളെപ്പോലെത്തന്നെ അധ്യാപകർക്കും യൂണിഫോം വേണമോയെന്ന കാര്യം അധ്യാപകസംഘടനകൾ ആലോചിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി.
സമ്മാനത്തുക വർധിപ്പിക്കും
അധ്യാപക അവാർഡിനുള്ള സമ്മാനത്തുക പതിനായിരത്തിൽനിന്ന് ഇരുപതിനായിരം രൂപയായും എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങൾക്ക് നൽകുന്ന ജോസഫ് മുണ്ടശ്ശേരി അവാർഡ് പതിനായിരത്തിൽനിന്ന് ഇരുപത്തയ്യായിരം രൂപയായും ഉയർത്തുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ കുട്ടികളെ പ്രീപ്രൈമറിയിൽ പ്രവേശിപ്പിക്കുന്ന സ്കൂളുകൾക്കും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് കൂടുതൽ കുട്ടികളെ പരീക്ഷയെഴുതിക്കുന്ന സ്കൂളുകൾക്കും മുഖ്യമന്ത്രിയുടെപേരിൽ ട്രോഫി നൽകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂൾ നിയമനപ്പരീക്ഷ: കുറിപ്പിലുണ്ട്, പ്രസംഗത്തിലില്ല
എയ്ഡഡ് സ്കൂളുകളിലെ നിയമനത്തിന് പ്രവേശനപരീക്ഷ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുവെന്ന് മന്ത്രിക്ക് പ്രസംഗിക്കാൻ തയ്യാറാക്കിയ കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങൾക്ക് നൽകുകയുംചെയ്തു. എന്നാൽ, ഇക്കാര്യം മന്ത്രി പ്രസംഗിച്ചിരുന്നില്ല. ഇത് മാധ്യമങ്ങളിലൂടെ പുറത്തുവന്ന് വിവാദമായതോടെ ഇക്കാര്യം മന്ത്രി പ്രസംഗിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഓഫീസ് പുതിയ കുറിപ്പ് പുറത്തിറക്കി.
Content Highlights: v sivankutty on less students in schools
Published: 11 Sept 2025, 04:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented