തിരുവനന്തപുരം: മലബാറില്‍ വലിയ പ്രചാരണം നേടിയ 'മെക് സെവന്‍' വ്യായാമ കൂട്ടായ്മയില്‍ സംശയമുണ്ടെന്ന് മുന്‍വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ മെക് സെവന് പിന്നിലുണ്ടെന്നു സംശയിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ തിരിച്ചറിഞ്ഞു വേണം ആളുകള്‍ ഇത്തരം പരിപാടികളില്‍ പോകാന്‍. സി.പി.എമ്മിന് ആശങ്ക ഉണ്ടാകുന്നെങ്കില്‍ നല്ല കാര്യം.  ബി.ജെ.പി. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

To advertise here,

ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവന്‍. മലപ്പുറം തുറക്കലിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സ്വലാഹുദ്ദീനാണ് സ്ഥാപകന്‍. 2022-ല്‍ തുടങ്ങിയ മെക് സെവന്‍ മലബാറില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകളായി വളര്‍ന്നു. ഒരു വ്യായാമ പദ്ധതിയെന്ന നിലയില്‍ വലിയ സ്വീകാര്യത കിട്ടിയെങ്കിലും ഇതിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിക്കും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനും കയ്യുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. 

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മെക് സെവനെതിരേ രംഗത്ത് വന്നിരുന്നു. മെക് സെവന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നാണ് പി മോഹനന്റെ വിമര്‍ശനം. മെക് സെവന്‍ വാട്‌സ്ആപ്പ്‌ കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നതായി മോഹനന്‍ പറയുന്നു.

മെക് സെവന് ചതി ഉണ്ടെന്നും വിശ്വാസികള്‍ പെട്ടുപോകരുതെന്നും എ.പി. സുന്നി വിഭാഗം സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുന്നറിയിപ്പ് നല്‍കിയതും ചര്‍ച്ചയായി. മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണമെന്നും പേരോട് സഖാഫി പറയുന്നു.  മെക് സെവന്‍ പ്രവര്‍ത്തനം സംശയാസ്പദമാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍.ഡി.എഫ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴും സമാന രീതിയാണ് പ്രയോഗിച്ചതെന്നും എസ്.വൈ.എസ്. കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരും ആരോപിച്ചു.

ആരോപണങ്ങളെല്ലാം മെക് സെവന്‍ അംബാസിഡര്‍ ബാവ അറക്കല്‍ നിഷേധിച്ചു. സദുദ്ദേശ്യത്തോടെ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമ കൂട്ടായ്മ മാത്രമാണ് മെക് സെവന്‍. വളരെ എളുപ്പം ജീവിതശൈലി രോഗങ്ങളില്‍നിന്ന് മുക്തമാകാന്‍ കഴിയുന്നത് കൊണ്ടും സൗജന്യമായി നല്‍കുന്നതു കൊണ്ടുമാണ് വേഗം പ്രചാരം ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മതങ്ങളിലുള്ളവലും മെക് സെവനിന്റെ ഭാഗമാണ്. മലപ്പുറത്ത് പന്ത്രണ്ടോളം ലീഗ് എം.എല്‍.എമാര്‍ മെക്‌സവന്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ബാവ അറക്കല്‍ വ്യക്തമാക്കി.