പയ്യന്നൂർ: പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവ് പിണറായി വിജയനും നൽകിയ വിശദീകരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ. അണികൾക്കും ജനങ്ങൾക്കുമുണ്ടായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമാണ് പരാജയത്തിന് കാരണമായതെന്ന പിണറായിയുടെ നിലപാടിനെ ശക്തമായി ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം രംഗത്തെത്തി.

To advertise here,

പാർട്ടി നയം വിശദീകരിക്കാൻ  പിണറായി വിജയൻ എത്തുമ്പോൾ, വീണാ വിജയന്റെയും മുൻമുഖ്യമന്ത്രിയുടെയും മാസപ്പടി വിവാദം ഉൾപ്പെടെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രധാന വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ തക്ക വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും വിശദീകരിക്കാനോ സൂചിപ്പിക്കാനോ അദ്ദേഹം സന്നദ്ധനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. തെറ്റ് തിരുത്താനുള്ള ശ്രമമില്ല. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസിലാക്കിട്ടും വെല്ലുവിളിക്കുന്ന പ്രസംഗമാണ് പിണറായി നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. 

അണികളും ജനങ്ങളും തെറ്റിദ്ധരിക്കപ്പെട്ടതാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്ന പിണറായിയുടെ വാദത്തെ കുഞ്ഞികൃഷ്ണൻ പ്രതിരോധിച്ചു. ജനുവരി 4-നാണ് തന്റെ പുസ്തകപ്രകാശനം നടന്നത്, ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടന്നത്. ഇതിനിടയിലുള്ള നീണ്ട സമയത്തിനുള്ളിൽ ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ വിശദീകരിച്ച് മാറ്റാൻ പാർട്ടിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്ന് അവർ പരിശോധിക്കണം. പയ്യന്നൂരിൽ പുതിയ സംഘടനാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചാറു വർഷമായി താൻ പാർട്ടിക്കുള്ളിൽ ഉന്നയിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ് തന്നെ പുറത്താക്കിയ നാൾമുതൽ പാർട്ടി നേതാക്കൾ ഇപ്പോഴും ആവർത്തിക്കുന്നത്. പുതിയ കാര്യങ്ങളൊന്നും ഇതിൽ കേൾക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റിദ്ധാരണ മാറ്റാൻ പാർട്ടി നടത്തിയ ശ്രമങ്ങളൊന്നും ജനങ്ങൾ അംഗീകരിച്ചില്ല. ജനങ്ങളെ ബോധ്യപ്പെടുത്താൻ തക്കതായ ഒരു വിശദീകരണവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ശത്രുവിന്റെ കയ്യിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറി, വഴിതെറ്റിപ്പോയവർ തെറ്റുകൾ തിരുത്തണം- പിണറായി

പാർട്ടിക്കുള്ളിൽ തന്നെ പാർട്ടിക്കെതിരേ അസംതൃപ്തിയുണ്ട്. പയ്യന്നൂരിൽ മാത്രമല്ല, കേരളത്തിലാകെ അത് വളർന്നുവരുന്നുണ്ട്. ആ അസംതൃപ്തി പൊട്ടിത്തെറിയിലേക്ക് എത്താത്തതുകൊണ്ടാണ് കേരളം ബംഗാൾ ആവാത്തത്. അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ഒരു മണ്ഡലം മാറിമറിഞ്ഞ് എതിർസ്ഥാനാർത്ഥി ഏതാണ്ട് 7,500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു എന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ഇത്രയധികം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ തനിക്ക് ഒറ്റയ്ക്ക് സാധിച്ചുവെന്ന് പാർട്ടി സമ്മതിക്കുകയാണെങ്കിൽ അത്രയും കാലം അവർ എന്ത് തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തിയതെന്നാണ് ജനങ്ങൾ ചോദിക്കുക. വീണ്ടും പരിഹാസ്യരാകുന്ന നിലയിലുള്ള പ്രചാരണമാണ് ഇപ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.കെ. രാഗേഷ് നടത്തിയ പത്രസമ്മേളനത്തിലെ 'ബഹുജനങ്ങളും പൊതുജനങ്ങളും' എന്ന പ്രയോഗങ്ങൾ പരിഹാസ്യമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടി നേതൃത്വത്തിലിരുന്ന സമയത്ത് കുഞ്ഞികൃഷ്ണൻ എതിരാളികളുമായി കൈകോർത്ത് ചതിക്കുകയായിരുന്നു എന്ന പിണറായി വിജയന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു. താൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വരെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും ചർച്ചയോ ധാരണയോ നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല, എന്നാൽ പിന്നീട് മത്സരിക്കാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷവും ആരെയും കാണാൻ താൻ തയ്യാറായിട്ടില്ല. യു.ഡി.എഫ് തനിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. മത്സരരംഗത്തിറങ്ങിയ ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ ആ പിന്തുണ സ്വീകരിക്കുക മാത്രമാണ് താൻ ചെയ്തത്. ഇതിനപ്പുറം താൻ മുൻകൂട്ടി ഏതെങ്കിലും പാർട്ടിയുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്താൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സമീപനമാണ് സി.പി.എം തുടക്കം മുതൽ സ്വീകരിച്ചുപോരുന്നതെന്നും ഇത് തന്റെ പുസ്തകത്തിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയിൽ കുഞ്ഞികൃഷ്ണനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന സി.പി.എം ജില്ലാ സെക്രട്ടറി കെകെ രാഗേഷിന്റെ വെല്ലുവിളിയോടും അദ്ദേഹം പ്രതികരിച്ചു. കേസ് വന്നാൽ അത് നേരിടുമെന്നും അതൊരു വെല്ലുവിളിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ തനിക്കെതിരെ യാതൊരു കേസുമില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത പെറ്റീഷൻ ഇതുവരെ കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. അതിൽ നിരവധി സാങ്കേതിക തകരാറുകൾ ഉള്ളതിനാൽ അത് സ്വീകരിക്കാമോ എന്ന് പരിശോധിക്കാൻ കോടതി കേസ് മാറ്റിവെച്ചിരിക്കുകയാണ്. തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി വിവരമില്ല. ലഭിച്ച വക്കീൽ നോട്ടീസിന് കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ഇനി കേസ് ഫയൽ ചെയ്യേണ്ടത് അവരാണ്. കേസ് വരുമ്പോൾ അതിനനുസരിച്ച് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.