കോട്ടയം: അമേരിക്കയുടെ പകരച്ചുങ്കം റബ്ബർ മേഖലയിൽ ഇരട്ടപ്രഹരം ഏൽപ്പിക്കുമെന്ന് ആശങ്ക. ചുങ്കപ്രശ്നത്തിൽ ചൈനീസ് ഏജൻസികൾ പിൻമാറിനിന്നതോടെ അന്താരാഷ്ട്രവിലയിൽ തിരിച്ചുവരവ് മോശമായി. ഇൗ അവസരം മുതലെടുത്ത് ടയർ കമ്പനികൾ വൻതോതിൽ റബ്ബർ ബുക്ക് ചെയ്താൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇരട്ടിയാകും.
ചുങ്കവിഷയത്തിൽ 90 ദിവസത്തെ ഇളവ് ചൈനയ്ക്ക് അമേരിക്ക അനുവദിച്ചെങ്കിലും തീരുമാനങ്ങളിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുവെന്നാണ് ചൈനീസ് ഏജൻസികൾ പറയുന്നത്. നിലപാട് ഇതാണെങ്കിലും അന്താരാഷ്ട്രവിപണിയിൽ വില താഴ്ത്തുക എന്നതാണ് പരോക്ഷമായി അവർ ഉദ്ദേശിക്കുന്നത്. ആകെ ചരക്കിന്റെ 40-45 ശതമാനം വരെയാണ് ചൈനീസ് ഏജൻസികൾ വാങ്ങുന്നത്. വില താഴ്ത്തിവാങ്ങുകയെന്ന തന്ത്രമാണ് ഇവരും പയറ്റുന്നത്. ഇവരുടെ വിട്ടുനിൽക്കൽ അന്താരാഷ്ട്രവിപണിയെ ആകെ ഉലയ്ക്കും.
അന്താരാഷ്ട്രവിപണി ഇതിലും മോശമായിനിന്ന സാഹചര്യത്തിൽ ബുക്കുചെയ്ത ചരക്ക് ഇന്ത്യയിലേക്ക് വരുന്നുണ്ട്. 40,000 ടണ്ണാണ് ഇൗ മാസം ഇറക്കുമതി. പോയമാസം 30,000 ടൺ വന്നിരുന്നു. ആർഎസ്എസ് നാലിന് കിലോഗ്രാമിന് 213 രൂപ വരെ വ്യാപാരം നടന്നശേഷം 190-ന് അടുത്തേക്ക് വീണിരിക്കുകയാണ്. റബ്ബർ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നവരും ചുങ്ക വിഷയത്തിൽ ആശങ്ക നേരിടുന്നു. കൈയുറകൾ, മാറ്റ്, വാഹനഘടകങ്ങൾ എന്നിവയ്ക് വലിയ വിപണിയാണ് അമേരിക്കയിലുള്ളത്.
ശരാശരി 7600 കോടി രൂപയുടെ കയറ്റുമതിയാണ് അമേരിക്കയിലേക്ക് ഇന്ത്യൻ റബ്ബർമേഖല നേടുന്നത്. തായ്‌ലാൻഡ്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ ഉത്പാദക രാജ്യങ്ങൾ മഴ കാരണം റബ്ബറുത്പാദനം കുറച്ചിട്ടുണ്ട്. വില കൂടേണ്ട ഇൗ സാഹചര്യം ചുങ്ക വിഷയത്തിൽ ഉലയുകയാണെന്നും മുതലെടുപ്പും ഇതിനൊപ്പം നടക്കുകയാണെന്നും ഉത്പാദക സംഘങ്ങളുെട ദേശീയ കൂട്ടായ്മ ജനറൽസെക്രട്ടറി ബാബുജോസഫ് പറഞ്ഞു
Content Highlights: US-China trade war impacts rubber prices, benefiting tire companies importing to India
Published: 14 Aug 2025, 02:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented