തിരുവനന്തപുരം: ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതനെന്ന് ആരോപിച്ച് എൻ.ഷംസുദ്ദീൻ എം.എൽ.എ. മുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പോ എഡിജിപിയോട് എന്തിനാണ് നിരന്തരം ആർഎസ്എസ് നേതാക്കളെ കാണുന്നതെന്ന് ചോദിച്ചില്ല. സന്ദർശനം മുഖ്യമന്ത്രിക്ക് വേണ്ടിയാകുമ്പോൾ അതിന് അജിത് കുമാർ ദൂതനാകുമ്പോൾ ചോദിക്കാൻ പ്രയാസമുണ്ടാകുമെന്നും ഷംസുദ്ദീൻ പരിഹസിച്ചു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ആർഎസ്എസ് നേതാക്കളെ നിരന്തരംകണ്ട് എഡിജിപി മണിക്കൂറുകളോളം കണ്ട് ചർച്ച നടത്തി. ഇതുസംബന്ധിച്ച് ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. ആർഎസ്എസ് ക്യാമ്പിൽ പോയാണ് ദത്താത്രേയ എന്ന നേതാവിനെ കണ്ടത്. മറ്റൊരു നേതാവ് റാംമാധവിനെ പത്തുദിവസത്തിനു ശേഷം കോവളത്തുപോയി കണ്ടു. വയനാട്ടിലെ ദുരന്തഭൂമിയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ വൈറ്റ് ​ഗാർഡിന്റെ ഭക്ഷണശാല എഡിജിപി ‌പൂട്ടിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് പരാതി കൊടുത്തു- ഷംസുദ്ദീൻ പറഞ്ഞു. 

നിങ്ങളുടെ ഒപ്പമുണ്ടായിരുന്ന എംഎൽഎ പുറത്തുവന്ന് എന്തൊക്കെയാണ് പറയുന്നതെന്ന് പി.വി. അൻവറിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം വിമർശിച്ചു. കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ എന്നായിരുന്നു പരിഹാസം. ദ ഹിന്ദു പത്രത്തിൽ വന്ന മലപ്പുറത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തേയും ഷംസുദ്ദീൻ വിമർശിച്ചു. മലപ്പുറത്തെ പാവപ്പെട്ട ജനങ്ങളെ അവഹേളിക്കാൻ ആരുതന്നു ഈ വിവരം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 

എന്ത് ദേശവിരുദ്ധ പ്രവർത്തനമാണ് മലപ്പുറത്ത് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ജനതയെ അവഹേളിച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് അങ്ങനെ പോകാനാകില്ല. കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം വന്നാൽ അത് മുഴുവൻ മലപ്പുറത്തേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രിയോട് ആരാണ് പറഞ്ഞത്. 

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതെല്ലാം എഴുതി ചേർക്കാൻ പി.ആർ ഏജൻസിക്ക് നിർദേശം നൽകിയത്. മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രി സമാനകാര്യം പറഞ്ഞിരുന്നു. ഒരു ജില്ലയുടെ പേര് മാത്രമായിരുന്നു എടുത്തുപറഞ്ഞത്. മലപ്പുറത്തെ വികൃതമാക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാ​ഗമായി എസ്.പി സുജിത് ദാസിനെ ഉപയോ​ഗിച്ചു. അജിത് കുമാറും സുജിത് ദാസും സദ്ധതസഹചാരികളാണെന്നും സംഘപരിവാർ അജണ്ടയ്ക്ക് മുഖ്യമന്ത്രി വളംവെച്ചു. എല്ലാം വ്യക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം പ്ലേറ്റ് മാറ്റി. ഇനി ന്യൂനപക്ഷ പ്രീണനമില്ല, ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചുകൊണ്ട് വർ​ഗീയ പ്രീണനം നടത്തുകയാണ് ഞങ്ങളുടെ ലൈനെന്ന് സിപിഎം വ്യക്തമാക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പ്രീണനമാണ് സിപിഎമ്മിന്റെ നയമെന്നും അദ്ദേഹം വിമർശിച്ചു. 

ഭരണത്തിൽ ആർഎസ്എസിന് എല്ലാ സഹായവും ചെയ്തു കൊടുക്കുകയാണ്. ഒടുവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മഞ്ചേശ്വരം കോഴക്കേസിൽ ഊരിപ്പോരാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. സുരേന്ദ്രനെ സഹായിക്കാൻ 17മാസം കഴിഞ്ഞാണ് പിണറായിയുടെ പോലീസ് കോടതിയിൽ കുറ്റപത്രം നൽകിയത്. കൊടകര കുഴൽപ്പണ കേസും ആവിയായി പോയി. അന്തർധാര സജീവമാണ്, ഷംസുദ്ദീൻ ആരോപിച്ചു. 

അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന്മേൽ ചർച്ച പുരോ​ഗമിക്കുന്നത്. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം മുഖ്യമന്ത്രിക്ക് സഭയിൽ എത്താൻ കഴിയില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു.