തിരുവനന്തപുരം: സഹകരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ ഊരാളുങ്കൽ സഹകരണ സംഘത്തിന്റെ വായ്പാബാധ്യത ലക്ഷം കോടി കടന്നു. സംഘത്തിന്റെ മൊത്തം ടേണോവറിനെക്കാൾ എത്രയോ മടങ്ങ് കടബാധ്യതയായി കണിച്ചതോടെ ഇത് തിരുത്തണമെന്നു കാണിച്ച് ഊരാളുങ്കൽ സഹകരണ സംഘം രജിസ്ട്രാർക്ക് കത്ത് നൽകി.

To advertise here,

1661.25 കോടിരൂപയാണ് ഊരാളുങ്കലിന് വായ്പാബാധ്യതയുള്ളത്. രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ 1,66,125 കോടിയായാണ് കാണിച്ചിട്ടുള്ളത്. ഊരാളുങ്കലിന് ലഭിച്ച കരാറുകളെ സംബന്ധിച്ച് സർക്കാർ പരിശോധന നടത്തുന്നെന്ന വാർത്ത കഴിഞ്ഞദിവസം ‘മാതൃഭൂമി’ നൽകിയിരുന്നു. ഈ വാർത്തയിൽ സർക്കാർ ഉത്തരവിലെ തുകയാണ് ഊരാളുങ്കലിന്റെ വായ്പാബാധ്യതയായി പറഞ്ഞിരുന്നത്. ഇതോടെയാണ്, തിരുത്തൽ ആവശ്യം ഉന്നയിച്ചകാര്യം ഊരാളുങ്കൽ വ്യക്തമാക്കിയത്.

നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്താൻ മൂലധനം കണ്ടെത്താൻ സഹകരണ സംഘങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ ഊരാളുങ്കലിന് അനുമതിയുണ്ട്. ബാങ്കുകൾ നൽകുന്നതിനേക്കാൾ ഒരു ശതമാനം അധികം പലിശനൽകാൻ പ്രത്യേക അനുമതി സർക്കാർ നൽകാറുണ്ട്. 2025-26 വർഷത്തേക്ക് നിക്ഷേപപലിശ നിശ്ചയിച്ചുനൽകിയ ഉത്തരവിലാണ് കണക്ക് പിഴച്ചത്. കരാർ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ 2585.87 കോടിരൂപയാണ് ഊരാളുങ്കലിന് കിട്ടാനുള്ളത്. ഇതിൽ 596.95 കോടിരൂപ സർക്കാർ നൽകാനുള്ളതാണ്.