
ഉപ്പള: കാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറാകാത്തതിനേത്തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു. മഞ്ചേശ്വരം താലൂക്കിലെ മീഞ്ചയിലെ ചിഗ്റുപദവ് സ്വദേശി നാരായണന്റെ (64) മൃതദേഹമാണ് ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാനാ ഇഖ്ബാലിന്റെ നേതൃത്വത്തിൽ ചിതയൊരുക്കി സംസ്കരിച്ചത്.
ഒരു മാസം മുൻപാണ് നാട്ടിലെ കടവരാന്തയിൽ ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണന്റെ ദയനീയാവസ്ഥ വാർഡ് അംഗം ഷെരിഫ് ചിനാല പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിനെ അറിയിക്കുന്നത്. സ്ഥലത്തെത്തിയ അവർ കളക്ടറെയും ജില്ലാ മെഡിക്കൽ ഓഫിസറെയും വിവരമറിയിച്ചു. തുടർന്ന് ഉപ്പളയിൽ പ്രവർത്തിക്കുന്ന ഷെയ്ഖ് സായിദ് ഫണ്ടേഷൻ പ്രവർത്തകർ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു മാസമായി അവിടെ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഇദ്ദേഹം മരിച്ചു. വിവരം മഞ്ചേശ്വരം പോലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആരും തയ്യാറായില്ല. രണ്ട് ഭാര്യമാരും മക്കളും സഹോദരിയും മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ ജില്ലാ പഞ്ചായത്ത് അംഗം ഇർഫാനക്ക് സമ്മതപത്രം നൽകി. മൃതദേഹം വിട്ടുനൽകുന്നതിനുവേണ്ടിയുള്ള കുടുംബത്തിന്റെ സമ്മതപത്രം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറി.
ആംബുലൻസിൽ ഉപ്പളയിൽ എത്തിച്ച മൃതദേഹം ചെറുഗോളി പൊതു ശ്മാശാനത്തിൽ സംസ്കരിച്ചു. സാമൂഹികപ്രവർത്തകരായ റിയാസ് പിലാത്തറ, മെഹ്മൂദ് കൈക്കമ്പ തുടങ്ങിയവരും കർമങ്ങൾക്ക് നേതൃത്വം നൽകി. ഉറ്റവർ നഷ്ടപ്പെട്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ട അൻപതോളം മാതാപിതാക്കളെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വൃദ്ധമന്ദിരം സ്ഥാപകയാണ് ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർപേഴ്സൺ കൂടിയായ ഇർഫാന.
Published: 27 Jun 2026, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented