കമ്യൂണിസ്റ്റ് പ്രസ്ഥാനത്തൊടൊപ്പം നടന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി


പി.എസ്. രാകേഷ്

പൂണൂല്‍ ഉപേക്ഷിക്കാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നടന്ന വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. എഴുപത്തിനാലാം വയസ്സിലെ സിനിമാ അരങ്ങേറ്റത്തിലൂടെയാണ് ഈ മുത്തച്ഛന്‍ മലയാളിക്ക് സുപരിചിതനായത്.

ഉണ്ണികൃഷ്ണൻ നമ്പൂതിരി | ഫോട്ടോ:സി.സുനിൽ കുമാർ മാതൃഭൂമി

ടിപ്പുര വാതിലില്‍ തെരുതെരെ മുട്ടു കേട്ടാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉറക്കമുണര്‍ന്നത്. എഴുന്നേറ്റുപോയി വാതില്‍ തുറന്നപ്പോള്‍ നാട്ടിലെ രണ്ട് ചട്ടമ്പിമാര്‍ മുറ്റത്ത്- കൊക്കോടനും കണ്ടക്കോരനും. ''അതേയ് നമ്പൂരിയേ, തട്ടിന്‍പുറത്ത് ഇ.കെ. നായനാരെ ഒളിപ്പിച്ചിട്ടുള്ള കാര്യം ഞങ്ങള്‍ക്കറിയാം. വേഗമൊരു ഇരുപത്തഞ്ചുറുപ്യ എടുത്തോളീ. ഇല്ലെങ്കി നേരം വെളുക്കുമ്പോ മുറ്റത്ത് പോലീസെത്തും.'' മറുത്തൊന്നും പറയാതെ മടിയില്‍നിന്ന് കാശെടുത്തുകൊടുത്ത് ചട്ടമ്പിമാരെ പറഞ്ഞുവിട്ടു നമ്പൂതിരി.

തൊണ്ണൂറു വര്‍ഷം പഴക്കമുളള ഓര്‍മകളില്‍ പരതി ഇതുപോലെ ഒട്ടേറെ രസികന്‍ സംഭവങ്ങള്‍ ഒരിക്കല്‍ പങ്കുവെച്ചു പയ്യന്നൂര്‍ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന കേരളീയര്‍ ഒരുപാടുണ്ടാകും. എന്നാല്‍ പൂണൂലുപേക്ഷിക്കാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ പാര്‍ട്ടിക്കൊപ്പം നടന്ന കഥയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്ന് പറഞ്ഞത്. എഴുപത്തിനാലാം വയസ്സില്‍ നടത്തിയ സിനിമാ അരങ്ങേറ്റത്തിലൂടെയാണ് ഈ മുത്തച്ഛന്‍ മലയാളിക്ക് സുപരിചിതനായത്. 'ദേശാടന'ത്തില്‍ തുടങ്ങി 'മഴവില്ലിനറ്റം വരെ'യില്‍ എത്തിനില്‍ക്കുന്ന ചലച്ചിത്രജീവിതത്തേക്കാള്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഓര്‍ക്കാനും പറയാനുമിഷ്ടം രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ ആരംഭിച്ച കമ്യൂണിസ്റ്റ് സഹവാസത്തെക്കുറിച്ചായിരുന്നു. ചോരയുടെ നിറമാര്‍ന്ന കൊടി നെഞ്ചിലേറ്റിയ കാലം...

പയ്യന്നൂര്‍ കോറോമില്‍ പുല്ലേരി നാരായണ വാധ്യാര്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1923 ഒക്ടോബര്‍ 23നാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജനനം. ജ്യേഷ്ഠന്‍മാര്‍ വാസുദേവനും കേശവനും പഠിപ്പില്‍ മിടുക്കരായിരുന്നു. മദ്രാസ് പച്ചയ്യപ്പാസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി ലഖ്നൗ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ കേമനായിരുന്നു തൊട്ടുമുകളിലെ ജ്യേഷ്ഠന്‍ പി.വി. കേശവന്‍ നമ്പൂതിരി. ഏട്ടന്‍മാര്‍ മറ്റുവഴികളിലേക്ക് തിരിഞ്ഞപ്പോള്‍ ഇല്ലത്തെ പൂജയും നിത്യകര്‍മങ്ങളുമൊക്കെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ചുമലിലെത്തി. അതോടെ സ്‌കൂള്‍പഠനം കഷ്ടിയായി. ''ഇല്ലത്തെ ഉത്തരവാദിത്വങ്ങള്‍ മാത്രമല്ല പഠിപ്പ് കുറയാന്‍ കാരണം. പഠിത്തത്തേക്കാള്‍ സ്പോര്‍ട്സിലും ശരീരം സൂക്ഷിക്കുന്നതിലുമൊക്കെയായിരുന്നു താത്പര്യം. സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നു. കളിയും രാഷ്ട്രീയവുമായി സ്‌കൂളില്‍പോക്ക് നന്നേ കുറഞ്ഞു. പത്തുവരെ ഒരുവിധം ഒപ്പിച്ചു. പിന്നെ പഠിച്ചിട്ടില്ല''- പഠനകാലത്തെ കുറിച്ച് അദ്ദേഹം തന്നെ പങ്കുവെച്ച വാ്ക്കുകള്‍.

എ.കെ.ജി. തെളിച്ച പാര്‍ട്ടിവഴിയില്‍

സ്‌കൂള്‍പഠനം അവസാനിച്ചിട്ടും ദിവസവും പയ്യന്നൂര്‍ അങ്ങാടിയിലെത്തുമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ടൗണിലുളള ബോംബെ ഹോട്ടലാണ് താവളം. കൂടെ ക്ലാസ്സില്‍ പഠിച്ചവരും ഗ്രൗണ്ടില്‍ കളിച്ചവരുമൊക്കെ വൈകുേന്നരമാകുമ്പോള്‍ അവിടെയെത്തും. എല്ലാവരും ചേര്‍ന്നുളള വെടിവട്ടമാണ് പിന്നെ. അങ്ങനെയൊരു സദസ്സിലിരിക്കുമ്പോഴാണ് എ.കെ. ഗോപാലനെന്ന എ.കെ.ജി.യെ പരിചയപ്പെടുന്നത്. എ.കെ.ജി. അന്ന് കോണ്‍ഗ്രസ്സുകാരനാണ്. ഉണ്ണികൃഷ്ണന്റെ പിതാവ് നാരായണ വാധ്യാര്‍ നമ്പൂതിരിയെ എ.കെ.ജി.ക്ക് അറിയാം. വാധ്യാരസന്‍ എന്നാണ് അദ്ദേഹം നാട്ടില്‍ അറിയപ്പെടുന്നത്. വാധ്യാരസന്റെ മകനാണ് എന്നറിഞ്ഞപ്പോള്‍ എ.കെ.ജി.ക്ക് സന്തോഷം. അന്ന് ഉണ്ണികൃഷ്ണന്‍ അണിഞ്ഞിരുന്നത് ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രൊപ്ലെയ്ന്‍ തുണി കൊണ്ട് തയ്ച്ച പുത്തന്‍ ഷര്‍ട്ടാണ്. ''ഉണ്ണികൃഷ്ണന്‍ ഇതെല്ലാമുപേക്ഷിക്കണം. നമ്മുടെ നാടായ പയ്യന്നൂരില്‍ തന്നെ നെയ്തെടുത്ത ഖാദിത്തുണി കൊണ്ടുള്ള കുപ്പായമേ മേലില്‍ ധരിക്കാവൂ. ഖാദി സ്വാതന്ത്ര്യം നേടിത്തരും''- എ.കെ.ജി.യുടെ സ്നേഹശാസന ശിരസാവഹിച്ചു ഉണ്ണികൃഷ്ണന്‍. അന്നു രാത്രി തെന്ന പയ്യന്നൂരിലെ മാധവന്‍ മേസ്തിരിയുടെ തയ്യല്‍ക്കടയില്‍ ചെന്നിരുന്ന് ഖദര്‍ ജുബ്ബ തയ്പ്പിച്ചുവാങ്ങി. നാളിതുവരെ ഖാദിയല്ലാതെ മറ്റൊന്നും ധരിച്ചിട്ടില്ല.

പിറ്റേവര്‍ഷമാണ് പയ്യന്നൂരില്‍ ഉപ്പ് സത്യാഗ്രഹം നടക്കുന്നത്. ഉപ്പു കുറുക്കാന്‍ മഹാത്മാഗാന്ധി വരുന്നുണ്ടെന്നറിഞ്ഞ് നാട് മുഴുവനുമിളകി. പയ്യന്നൂര്‍ കടപ്പുറത്ത് ചെന്ന് ഗാന്ധിജിയെ കാണണമെന്ന് ഉണ്ണികൃഷ്ണനും മോഹമുണ്ടായിരുന്നു. അന്ന് ഇല്ലത്തിരുന്ന് മുറജപം നടത്തുന്ന സമയമാണ്. ഗാന്ധിയെ പോയി കണ്ട് 'അശുദ്ധമായി വന്നാല്‍' ചെയ്ത കര്‍മങ്ങളത്രയും ആദ്യം മുതല്‍ ആവര്‍ത്തിക്കേണ്ടിവരുമെന്ന് ഗുരുക്കന്‍മാര്‍ പറഞ്ഞുപേടിപ്പിച്ചു. അതിസങ്കീര്‍ണമായ വൈദികകര്‍മങ്ങള്‍ വീണ്ടും ചെയ്യുന്നതിന്റെ ബുദ്ധിമുട്ടോര്‍ത്ത് ഉണ്ണികൃഷ്ണന്‍ കടപ്പുറത്തേക്ക് പോയില്ല. ''പിറ്റേ ദിവസം കൂട്ടുകാരാരോ അതീവരഹസ്യമായി ഒരു പൊതി കൊണ്ടുതന്നു. തുറന്നുനോക്കിയപ്പോള്‍ കുറച്ച് ഉപ്പ്. ഗാന്ധിജി കുറുക്കിയെടുത്ത ഉപ്പാണെന്നറിഞ്ഞപ്പോള്‍ അമൃതം പോലെയാണ് അതിലൊരു തരി വായിലിട്ടത്. അത്രയ്ക്കായിരുന്നു ആ മഹാത്മാവിന്റെ വ്യക്തിപ്രഭാവം''- ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരിക്കല്‍ പറഞ്ഞു.

ബോംബെ ഹോട്ടലിലെ കൂടിക്കാഴ്ചയ്ക്കു ശേഷം എ.കെ.ജി.യുമായി പലതവണ കണ്ടു. അപ്പോഴേക്കും കോണ്‍ഗ്രസ്സില്‍ നിന്നകന്ന് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു എ.കെ.ജി. പാര്‍ട്ടിയോഗങ്ങള്‍ക്കെല്ലാം എ.കെ.ജി. ഉണ്ണികൃഷ്ണനെയും ഒപ്പം കൂട്ടും- യോഗത്തിനു മുന്നോടിയായുളള അവതരണഗാനം പാടാന്‍. 'വരിക വരിക സഹജരേ', 'പോരാ പോരാ നാളില്‍ നാളില്‍' എന്നീ പാട്ടുകളാണ് പതിവായി പാടുക.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ കടുത്ത നിലപാടെടുത്തതോടെ എ.കെ.ജി. സേലം ജയിലില്‍ അടയ്ക്കപ്പെട്ടു. ജയിലില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ എ.കെ.ജി.യെ സ്വന്തം ഇല്ലത്ത് ഒളിവില്‍ പാര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. അക്കാലമായപ്പോഴേക്കും അച്ഛന്‍ മരണപ്പെട്ടിരുന്നു. അമ്മയ്ക്ക് എ.കെ.ജി.യെ മുമ്പേ അറിയാം. ഏട്ടന്‍മാരുടെയും സുഹൃത്താണദ്ദേഹം. പിന്നീടൊന്നും ചിന്തിച്ചില്ല. എ.കെ.ജി.യെ കൊണ്ടുവന്ന് ഇല്ലത്തിന്റെ മൂന്നാംനിലയിലുള്ള തട്ടിന്‍പുറത്തൊളിപ്പിച്ചു. കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പയ്യന്നൂരിലെ ഷെല്‍ട്ടറായി വാധ്യാരില്ലം മാറുന്നത് അങ്ങനെയാണ്. എ.കെ.ജി.ക്ക് ശേഷം സി.എച്ച്. കണാരന്‍, ഇ.കെ. നായനാര്‍, എ.വി. കുഞ്ഞമ്പു, എന്‍. സുബ്രഹ്മണ്യഷേണായി, കെ.എ. കേരളീയന്‍, വിഷ്ണുഭാരതീയന്‍, കെ.പി.ആര്‍. ഗോപാലന്‍, കെ.പി.ആര്‍. രയരപ്പന്‍ എന്നിവരും പല ദിവസങ്ങളിലായി ഇവിടെ ഒളിവില്‍ പാര്‍ത്തു. വലിയൊരു പ്രദേശത്ത് ഒറ്റപ്പെട്ടുകിടക്കുന്ന ഇല്ലത്തേക്ക് അര്‍ദ്ധരാത്രിയാണ് നേതാക്കളെ കൊണ്ടുവരിക. ഒന്നോ രണ്ടോ ദിവസത്തിനുശേഷം മറ്റൊരു ഷെല്‍ട്ടറിലേക്ക് മാറ്റും. ഇ.എം.എസ്. ഒരു ദിവസം ഇവിടെ കഴിഞ്ഞിട്ടുണ്ട് ആരോടും ഒന്നും മിണ്ടാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. നായനാരാകട്ടെ നേരെ തിരിച്ചും. തെരുതെരാ ബീഡി വലിച്ചുകൊണ്ട് മുറ്റത്തും പറമ്പിലുമൊക്കെ ചുറ്റിനടക്കും. കാണുന്നവരോടൊക്കെ സംസാരിക്കുകയും ചെയ്യും. ഒന്നിനെയും കൂസാത്ത പ്രകൃതം. അമ്മയ്ക്കും എനിക്കുമായിരുന്നു ഏറെ ആധി''- വീട്ടിലെത്താറുള്ള വിരുന്നുകാരെക്കുറിച്ചുള്ള നമ്പൂതിരിയുടെ ഓര്‍മകള്‍.

പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ താവളമാണെന്ന കാര്യം ബ്രിട്ടീഷ് പോലീസിനുമറിയാമായിരുന്നു. പതിനഞ്ചുതവണ എം.എസ്.പി.ക്കാര്‍ ഇല്ലത്ത് തിരച്ചില്‍ നടത്തി. ഭാഗ്യവശാല്‍ ഒരാളെയും അവിടെനിന്ന് പിടികൂടാന്‍ സാധിച്ചില്ല. രാമസ്വാമി എന്ന തമിഴ്ബ്രാഹ്മണനായിരുന്നു ഇന്‍സ്പെക്ടര്‍. കേട്ടാലറയ്ക്കുന്ന തെറി വിളിച്ചുകൊണ്ടാണ് രാമസ്വാമി മടങ്ങുക. നാട്ടിലെ പേരുകേട്ട ഇല്ലക്കാരായതിനാലാവാം പോലീസുകാര്‍ ദേഹോപദ്രവം നടത്താഞ്ഞത്. സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം അടിയന്തരാവസ്ഥക്കാലത്തും ഇല്ലം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിസങ്കേതമായി. ടി.ഗോവിന്ദന്‍, കെ. രാഘവന്‍, സി. കൃഷ്ണന്‍, സി.ആര്‍.പി. ബാലന്‍ എന്നിവരാണ് അക്കാലത്ത് ഇല്ലത്തിന്റെ സുരക്ഷിതത്വം തേടിയെത്തിയത്. ഇത്രയും കാലം കമ്യൂണിസ്റ്റ് സഹയാത്രികനായി തുടര്‍ന്നിട്ടും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പാര്‍ട്ടി അംഗത്വമെടുത്തിട്ടില്ല. അതെന്തേ എന്ന ചോദ്യത്തിന് ''മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് പാര്‍ട്ടി ഇതുവരെ നിര്‍ബന്ധിച്ച് പറഞ്ഞിട്ടില്ല. അംഗത്വം ആവശ്യപ്പെട്ട് ഞാനങ്ങോട്ട് പോയിട്ടുമില്ല. മെമ്പര്‍ഷിപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മരണം വരെ ഞാന്‍ കമ്യൂണിസ്റ്റുകാരനായിത്തന്നെ തുടരും. അത് പാര്‍ട്ടിക്കുമറിയാം'' എന്നായിരുന്നു മറുപടി.

'ദേശാടന'മെന്ന വഴിത്തിരിവ്

നാട്ടില്‍ വൈദികവൃത്തിയും കൃഷികാര്യങ്ങളുമായി സ്വസ്ഥമായി കഴിയുന്നതിനിടയ്ക്കാണ് സിനിമാപ്രവേശത്തിന് അവസരം ലഭിക്കുന്നത്. അതും എഴുപത്തിനാലാം വയസ്സില്‍. മൂത്തമകള്‍ ദേവകിയുടെ ഭര്‍ത്താവും പ്രശസ്ത ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വഴിയായിരുന്നു അത്.

''ദാമോദരന്‍ കോഴിക്കോട്ട് വെച്ച വീടിന്റെ കുടിവെപ്പിനു വന്നതായിരുന്നു ഞാന്‍. അവിടെവെച്ച് എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടനാണ് സിനിമയില്‍ അഭിനയിച്ചുകൂടേ എന്ന് ആദ്യം ചോദിക്കുന്നത്. നിനക്കെന്താ ഭ്രാന്തുണ്ടോ കുഞ്ഞുകുട്ടാ എന്ന് ഞാന്‍ മറുപടി നല്‍കി. 'ദേശാടനം' എന്നതാണ് സിനിമയുടെ പേരെന്നും രണ്ടുദിവസം മാത്രമേയുള്ളൂ ഷൂട്ടിങ് എന്നും സംവിധായകന്‍ ജയരാജ് പറഞ്ഞു. അപ്പോഴും സമ്മതം മൂളിയില്ല. തിരിച്ച് ഇല്ലത്തെത്തിയപ്പോഴേക്കും ഈ വിവരം മക്കളും പേരക്കുട്ടികളുമെല്ലാം അറിഞ്ഞിരിക്കുന്നു. അച്ഛനെന്താ അഭിനയിച്ചാല്‍? കാസറ്റിട്ടാല്‍ ഞങ്ങള്‍ക്ക് ഏതുകാലത്തും അച്ഛനെ കാണാമല്ലോ എന്നൊക്കെ കുട്ടികള്‍ ചോദിച്ചപ്പോള്‍ പിന്നെ മറുത്തൊന്നും പറഞ്ഞില്ല. ആദ്യദിവസം കുറച്ച് പരിഭ്രമമുണ്ടായതൊഴിച്ച് സിനിമാഭിനയം കാര്യമായ ബുദ്ധിമുട്ടുണ്ടാക്കിയില്ല. 28 ദിവസമുണ്ടായിരുന്നു ഷൂട്ടിങ്. ദേശാടനം ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങള്‍ അനവധി വന്നുതുടങ്ങി. അങ്ങനെ ഞാനും സിനിമാനടനായി''- മലയാളത്തിലെ ഏറ്റവും സീനിയര്‍ നടന്‍ തന്റെ സിനിമാപ്രവേശത്തെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.

മലയാളത്തില്‍ നിരവധി സിനിമകളില്‍ വേഷമിട്ട ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തമിഴ്സിനിമയിലും ഒരു കൈനോക്കി. 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' ആണ് ആദ്യ തമിഴ്സിനിമ. ഐശ്വര്യറായിയുടെ മുത്തച്ഛന്റെ വേഷമായിരുന്നു അതില്‍. പിന്നീട് കമലഹാസനൊപ്പം 'പമ്മല്‍ കെ. സംബന്ധം', രജനീകാന്തിനൊപ്പം 'ചന്ദ്രമുഖി' എന്നിവയിലും അഭിനയിച്ചു. ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ 'മായാമോഹിനി'യാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത 'മഴവില്ലിനറ്റം വരെ'യാണ് അവസാന ചിത്രം. സിനിമയെന്നാല്‍ വെറും നേരമ്പോക്ക് മാത്രമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്.

''അഭിനയമല്ല എന്റെ തൊഴില്‍, ഇതുവരെ ഒരു സിനിമയ്ക്കും പ്രതിഫലം ചോദിച്ചുവാങ്ങിയിട്ടില്ല. അതുവഴി സമ്പന്നനാകണമെന്ന അതിമോഹവുമില്ല'' അഭിനയ ജീവിതത്തെ കുറിച്ചുളള അദ്ദേഹത്തിന്റെ പ്രതികരണം ഇത്രമാത്രമായിരുന്നു.


പുനഃപ്രസിദ്ധീകരണം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented