
മലപ്പുറം: ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന സൂചന നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന അങ്ങേയറ്റം ദുരൂഹത നിറഞ്ഞതാണെന്ന് മുസ്ലിം ലീഗ്.
ജനങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായ സമീപനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ലീഗ് ദേശീയ സമിതി യോഗത്തിന് ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നിലവിലുള്ള നിയമവ്യവസ്ഥിതിയെ മറികടന്ന് പുതിയ നിയമം കൊണ്ട് വരാനുള്ള നീക്കത്തില്‍ രാജ്യത്തുണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും.രാഷ്ട്രീയമായും നിയമപരമായും സര്‍ക്കാരിന്റെ നീക്കത്തെ നേരിടാന്‍ ലീഗ് യോഗം തീരുമാനിച്ചതായും തങ്ങള്‍ വ്യക്തമാക്കി.
മണിപ്പൂരില്‍ ജനങ്ങള്‍ പരസ്പരം ആയുധമെടുത്ത് പോരാടുമ്പോള്‍ അതില്‍ ഒരു ദുഃഖവാക്ക് പോലും പറയാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് ഏക സിവില്‍ കോഡ് ഉയര്‍ത്തികൊണ്ട് വരാന്‍ നോക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് ഒരു അജണ്ട സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ നടത്തിയിരിക്കുന്നതെന്ന് ബോധ്യമാണ്. മറ്റൊരു ഭരണനേട്ടവും പറയാനില്ലാത്തത് കൊണ്ടാണ് ഏക സിവില്‍ കോഡ് ഉയര്‍ത്തികൊണ്ട് വരുന്നത്.
മുസ്ലിംലീഗ് എല്ലാ കാലത്തും ഏകസിവില്‍ കോഡിനെ എതിര്‍ത്തിട്ടുണ്ട്. ഇന്ത്യയില്‍ ഒരിക്കലും ഏകസിവില്‍ കോഡ് പ്രായോഗികമായി നടപ്പാക്കാന്‍ കഴിയില്ല. ബഹുസ്വര സംസ്കാരങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ഒരു രാജ്യമാണ് ഇന്ത്യ. ഓരോ വിഭാഗങ്ങള്‍ക്കും അവരവരുടെ ആചാരങ്ങളും മതവിശ്വാസങ്ങളും മതനിയമങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള ഇന്ത്യയില്‍ ഒരിക്കലും പൊതുവ്യക്തി നിയമം നടപ്പാക്കല്‍ അസാധ്യമാണെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
'മോദി ഭയപ്പെടുകയാണ്. രണ്ടു തവണ രാജ്യംഭരിച്ചിട്ടുള്ള മോദിക്ക് പിന്നോട്ട് നോക്കുമ്പോള്‍ പ്രകടനം ശൂന്യമായിരുന്നു എന്ന് മനസ്സിലായിട്ടുണ്ട്. പ്രതിപക്ഷ ഐക്യം അദ്ദേഹത്തിന് വലിയ അലോസരമുണ്ടാക്കിയിട്ടുണ്ട്. വര്‍ഗീയത മുതല്‍ തന്റെ വ്യക്തിപ്രഭാവം അടക്കം ഉപയോഗപ്പെടുത്തി കര്‍ണാടകയില്‍ പരീക്ഷണം നടത്തിയിട്ടും ആ സങ്കല്‍പ്പങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു. പുതിയൊരു യോജിപ്പിന്റെ സന്ദേശം കര്‍ണാടകയില്‍ ഉണ്ടായി അത് രാജ്യത്താകമാനം ഉണ്ടാകുമെന്ന ഭയം മോദിക്കുണ്ട്' ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Content Highlights: uniform civil code unworkable in India-muslim league
Published: 28 Jun 2023, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented