കോഴിക്കോട്: നാടകീയ നീക്കത്തിലൂടെ ഇടതുപാളയത്തിലെത്തി വീണ്ടും കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയ്ക്ക് തോൽവി. ഇതോടെ ആഴ്ചകൾ നീണ്ട ആകാക്ഷയ്ക്ക് വിരാമമിട്ട് പഞ്ചായത്തിൽ യു.ഡി.എഫ്. ഭരണം തുടരും. മുസ്‌ലിംലീഗിലെ ഒ.കെ. അമ്മദ് അഞ്ചിനെതിരേ എട്ടുവോട്ട് നേടി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ വോട്ടുകൾക്കുപുറമേ സ്വതന്ത്രൻ അരുൺ ജോസിന്റെ വോട്ടും ഒ.കെ. അമ്മദിന് ലഭിച്ചു. പരാജയത്തിനുപിന്നാലെ ഗ്രാമപ്പഞ്ചായത്ത് അംഗത്വം പോളി കാരക്കട രാജിവെക്കുകയുംചെയ്തു.
അവസാനവർഷം മുസ്‌ലിംലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്ന ജില്ലാതലത്തിലെ മുന്നണിധാരണ പാലിക്കാത്തതിനെത്തുടർന്ന് ലീഗ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായാണ് പോളി കാരക്കടയ്ക്ക് ജനുവരി 27-ന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്. സ്ഥാനത്തുനിന്ന് മാറാനുള്ള നിർദേശമനുസരിക്കാത്തതിനാൽ പോളിയെ കോൺഗ്രസിൽനിന്ന് ഡി.സി.സി. പ്രസിഡന്റ് സസ്പെൻഡ് ചെയ്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാമെന്നും മുസ്‌ലിംലീഗിന് പ്രസിഡന്റ് സ്ഥാനം നൽകാൻ കഴിയില്ലെന്നുമായിരുന്നു പോളിയുടെ നിലപാട്.
എന്നാൽ, മുസ്‌ലിംലീഗിനുതന്നെ പ്രസിഡന്റ് സ്ഥാനം നൽകണമെന്ന തീരുമാനമാണ് കോൺഗ്രസ് നേതൃത്വം എടുത്തത്. അതിനാൽ, അവിശ്വാസത്തെ കോൺഗ്രസ് അംഗങ്ങളും പിന്തുണച്ചിരുന്നു. ഇടഞ്ഞുനിന്നിരുന്ന മുസ്‌ലിംലീഗിനെ യു.ഡി.എഫിൽത്തന്നെ ഉറപ്പിച്ചുനിർത്താനും അതുവഴി മുന്നണിയുടെ ഭരണം നിലനിർത്താനും കോൺഗ്രസിനായി. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒ.കെ. അമ്മദിനെ വിജയിപ്പിക്കാൻ കോൺഗ്രസ് വിപ്പും നൽകി. കോൺഗ്രസിൽനിന്നും ചിലരുടെ വോട്ടുകൾകൂടി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സമാഹരിക്കാമെന്ന പോളി കാരക്കടയുടെയും എൽ.ഡി.എഫിന്റെയും കണക്കുകൂട്ടൽ പാളുകയായിരുന്നു. സ്വതന്ത്രന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് ആറും മുസ്‌ലിംലീഗിന് രണ്ടും (ഒരു സ്വതന്ത്രൻ) ആയിരുന്നു നേരത്തേയുള്ള കക്ഷിനില. സി.പി.എമ്മിന് രണ്ടും കേരള കോൺഗ്രസിന് രണ്ടും അംഗങ്ങളുണ്ട്. ഒരു പഞ്ചായത്തംഗം സ്വതന്ത്രനാണ്.
സി.പി.എം. അപഹാസ്യരായി - കെ. പ്രവീൺകുമാർ
സി.പി.എം. സഹായിച്ചിട്ടും കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ദയനീയമായി പരാജയപ്പെട്ടതോടെ സി.പി.എം. അപഹാസ്യരായെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ.
യു.ഡി.എഫിന്റെ പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണം ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപാളയത്തിലെത്തി മത്സരിച്ചിട്ടും മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട തോറ്റു. പഞ്ചായത്തംഗത്വം രാജിവെച്ചുമുസ്‌ലിം ലീഗിലെ ഒ.കെ. അമ്മദ് പുതിയ പ്രസിഡന്റ്
എൽ.ഡി.എഫിന്റെ നീക്കം പാളി
പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ കോൺഗ്രസ് അംഗം ജെസി ജോസഫിന്റെ പേരാണ് എൽ.ഡി.എഫ്. ആദ്യം നിർദേശിച്ചത്. കേരള കോൺഗ്രസ് അംഗം സിനി ഷിജോ നിർദേശിച്ചപ്പോൾ പോളി കാരക്കട പിന്താങ്ങി. എന്നാൽ, മത്സരിക്കാനില്ലെന്ന് ജെസി ജോസഫ് അറിയിച്ചതോടെ കേരള കോൺഗ്രസിലെ വിത്സൺ പാത്തിച്ചാൽ, പോളി കാരക്കടയെ നിർദേശിച്ചു.
സി.പി.എമ്മിലെ എൻ.ജെ. ആൻസമ്മ പിന്താങ്ങി. ഒ.കെ. അമ്മദിനെ കോൺഗ്രസിലെ വിൻസി തോമസ് നിർദേശിക്കുകയും മുസ്‌ലിംലീഗിലെ റസീന യൂസഫ് പിന്താങ്ങുകയുംചെയ്തു. വരണാധികാരി എം. വിധു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഒ.കെ. അമ്മദ് ഒൻപതാംവാർഡിൽനിന്ന് യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായാണ് ഇത്തവണ വിജയിച്ചത്. മൂന്നിൽക്കൂടുതൽ തവണ മത്സരിച്ചവർക്ക് മുസ്‌ലിംലീഗ് സംസ്ഥാനനേതൃത്വം സീറ്റ് നിഷേധിച്ചപ്പോഴായിരുന്നു സ്വതന്ത്രനായുള്ള മത്സരം.
കരുത്തുചോരാതെ യു.ഡി.എഫ്.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി മുസ്‌ലിംലീഗിലെ ഒ.കെ. അമ്മദിന്റെ വിജയത്തിൽ നിർണായകമായത് കോൺഗ്രസ്, മുസ്‌ലിംലീഗ് ജില്ലാനേതൃത്വത്തിന്റെ ഇടപെടലുകൾ.2020-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുന്നണിയടിസ്ഥാനത്തിൽ എട്ടുസീറ്റോടുകൂടി ഭരിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും കോൺഗ്രസ്, ലീഗ് പ്രാദേശികഘടകങ്ങൾ തമ്മിലുള്ള തർക്കംകാരണം നടന്നിരുന്നില്ല. തർക്കം നീണ്ടുപോയപ്പോൾ ജില്ലാനേതൃത്വം വിളിച്ചുചേർത്ത ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസ് അംഗം പോളി കാരക്കട പ്രസിഡന്റായും, മുസ്‌ലിംലീഗിലെ റസീന യൂസഫ് വൈസ് പ്രസിഡന്റായും യു.ഡി.എഫ്. മുന്നണി അധികാരത്തിൽവന്നത്. ആദ്യ നാലുവർഷം കോൺഗ്രസും, തുടർന്ന് മുസ്‌ലിംലീഗും എന്ന കരാറും അന്ന് ജില്ലാനേതൃത്വം ഉണ്ടാക്കിയിരുന്നു.എന്നാൽ നാലുവർഷം കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ പോളി കാരക്കട തയ്യാറായിരുന്നില്ല. മുന്നണിബന്ധം തകരുന്ന ഘട്ടം വന്നപ്പോൾ ഡി.സി.സി. ഇടപെട്ട് പോളിയുടെ രാജി ആവശ്യപ്പെട്ടിരുന്നെങ്കിലും രാജിവെക്കാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തെ സസ്പെൻഡുചെയ്തു.
അപ്രതീക്ഷിതമായി മുസ്‌ലിംലീഗ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ പോളിക്കുനേരേ അവിശ്വാസത്തിന് നോട്ടീസുനൽകിയിരുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ലീഗ് കൊണ്ടുവരുന്ന അവിശ്വാസം പാസായാൽ മുന്നണിബന്ധം തിരിച്ചുകൊണ്ടുവരാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ കോൺഗ്രസ് പഞ്ചായത്തംഗങ്ങൾക്ക് അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്യാൻ വിപ്പ് നൽകിയിരുന്നു.
ഇതോടെ മുസ്‌ലിംലീഗ് നേതൃത്വം യു.ഡി.എഫ്. മുന്നണിയിലേക്ക് തിരിച്ചുവരുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 28-ന് നടക്കുമെന്നായതോടെ ഭരണംപിടിക്കാൻ എൽ.ഡി.എഫും കരുനീക്കങ്ങൾ ശക്തമാക്കിയിരുന്നു. യു.ഡി.എഫ്. സ്ഥാനാർഥിയായി ഒ.കെ. അമ്മദിനെ നേതൃത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും എൽ.ഡി.എഫ്. സ്ഥാനാർഥിയെ തീരുമാനിച്ചിരുന്നില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ചചെയ്യാൻ കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെ യോഗംവിളിച്ചപ്പോൾ രണ്ടംഗങ്ങൾ പങ്കെടുക്കാതിരുന്നതിനെത്തുടർന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു.വെള്ളിയാഴ്ചനടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായ ജെസി ജോസഫിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫ്. നിർദേശിച്ചിരുന്നെങ്കിലും അവർ താത്‌പര്യമില്ലെന്നറിയിച്ചതോടെ നീക്കം തകരുകയായിരുന്നു.
തുടർന്ന് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയ പോളിയുടെ പേരുതന്നെ എൽ.ഡി.എഫ്. നിർദേശിച്ചിരുന്നെങ്കിലും അഞ്ച് വോട്ട് മാത്രമേ നേടിയെടുക്കാൻ സാധിച്ചിരുന്നുള്ളൂ. ഏഴ് സീറ്റുണ്ടായിരുന്ന യു.ഡി.എഫ്. സ്വതന്ത്ര അംഗം അരുൺ ജോസിന്റെ പിന്തുണയോടെ എട്ട് വോട്ടുമായി ഭരണത്തിൽ തിരിച്ചെത്തുകയായിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദംപ്രകടിപ്പിച്ച് യു.ഡി.എഫ്. പ്രവർത്തകർ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രകടനവും അനുമോദനസദസ്സും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ഹമീദ്, കാവിൽ പി. മാധവൻ, അഹമ്മദ് കോയ എന്നിവർ സംസാരിച്ചു.
ജനപ്രതിനിധിയായി 34 വർഷം ‘ഒ.കെ.’
കൂരാച്ചുണ്ട് : മുപ്പത്തിനാലുവർഷം ഗ്രാമപ്പഞ്ചായത്തംഗമായ പരിചയസമ്പത്തിന്റെ കരുത്തിലാണ് കൂരാച്ചുണ്ട് പഞ്ചായത്ത് ഒൻപതാം വാർഡിൽ യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ച ഒ.കെ. അമ്മദ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. തുടർച്ചയായി 25 വർഷം ഗ്രാമപ്പഞ്ചായത്തംഗമായിരുന്നതിനെത്തുടർന്ന് സംസ്ഥാനസർക്കാർ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
മൂന്നിൽ കൂടുതൽ തവണ മത്സരിച്ചവർക്ക് മുസ്‌ലിംലീഗ് സംസ്ഥാനനേതൃത്വം സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് പ്രാദേശികനേതൃത്വത്തിന്റെ പിന്തുണയോടെ ഇത്തവണ അദ്ദേഹം യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്.
മുസ്‌ലിംലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രവർത്തകസമിതി, ബാലുശ്ശേരി നിയോജകമണ്ഡലം യു.ഡി.എഫ്. കൺവീനർ, കൂരാച്ചുണ്ട് അത്തിയോടി മഹല്ല് പ്രസിഡന്റ്, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്ഥാനങ്ങൾ ഒ.കെ. നിർവഹിച്ചിട്ടുണ്ട്.
ജനങ്ങളോടൊപ്പം ജനപ്രതിനിധിയായി 34 വർഷത്തോളമായി പ്രവർത്തനരംഗത്തുള്ള ഒ.കെ. അമ്മദിനുള്ള അംഗീകാരമെന്ന നിലയിൽക്കൂടിയാണ് കോൺഗ്രസ് നേതൃത്വം പ്രസിഡന്റ് പദവി ഒ.കെ.യ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നത്.
Content Highlights: UDF rule will continue in Koorachundu panchayath, Kozhikode
Published: 01 Mar 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented