കൊല്ലം: മുൻ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയമറിഞ്ഞെങ്കിലും പതറാതെ, മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് ഇത്തവണ കൊല്ലത്ത് നാല് യു.ഡി.എഫ്. സ്ഥാനാർഥികളെ വിജയത്തിലേക്ക് എത്തിച്ചത്. കൊല്ലത്തും പത്തനാപുരത്തും കുന്നത്തൂരിലും ചടയമംഗലത്തുമെല്ലാം ഈ പോരാട്ടവീര്യം കാണാനായി.
കരുനാഗപ്പള്ളിയിൽ 2016-ൽ തോറ്റശേഷം, മണ്ഡലത്തിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ച്, നാട്ടുകാരിൽ ഒരാളായി പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമെന്ന് കാണിച്ചുകൊടുത്തത് സി.ആർ. മഹേഷാണ്. 2021-ൽ മഹേഷ് നേടിയ വിജയം ഇതിന്റെ സാക്ഷ്യമായിരുന്നു. സിറ്റിങ് എം.എൽ.എ. ആർ. രാമചന്ദ്രനെ അടുത്ത തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ തോൽപ്പിച്ച ചരിത്രം കരുനാഗപ്പള്ളിയുടെ മനസ്സിൽ എന്നുമുണ്ടാവും.
മുൻ ഡി.സി.സി. പ്രസിഡന്റ് കൂടിയായ ബിന്ദുകൃഷ്ണ ചാത്തന്നൂരിലാണ് ആദ്യം മത്സരിച്ചത്. 2021-ൽ കൊല്ലത്ത് എം. മുകേഷിനോട് നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുഫലം പ്രതികൂലമായിട്ടും മണ്ഡലത്തിലെ ജനകീയപ്രശ്‌നങ്ങളിലും സമരമുഖങ്ങളിലുമെല്ലാം അവർ തുടർന്നു. ഇത്തവണ 118 തപാൽവോട്ടുകൾ ഉൾപ്പെടെ 63,416 വോട്ടുകൾ നേടി അവർ വിജയിച്ചു.
കെ.പി.സി.സി.സെക്രട്ടറി കൂടിയായ എം.എം. നസീർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,678 വോട്ടുകൾക്കാണ് ചടയമംഗലത്ത് പരാജയപ്പെട്ടത്. എന്നാൽ മണ്ഡലത്തിൽ അടിയുറച്ചുനിന്ന് അദ്ദേഹം പ്രവർത്തിച്ചു. തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഇടത് കോട്ടകളിൽപ്പോലും യു.ഡി.എഫ്. വിജയിച്ചു. ഇത് എം.എം. നസീറിന് വിജയത്തിലേക്കുള്ള ചവിട്ടുപടിയായി.
പത്തനാപുരത്തെ വിജയിയും കെ.പി.സി.സി. സെക്രട്ടറിയുമായ ജ്യോതികുമാർ ചാമക്കാല മണ്ഡലത്തിൽ കൃത്യതയോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. രണ്ടരപ്പതിറ്റാണ്ടായി മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്ന കെ.ബി. ഗണേഷ് കുമാറിനെ പരാജയപ്പെടുത്തുക ശ്രമകരമാണെന്ന് അറിഞ്ഞിട്ടും അദ്ദേഹം മണ്ഡലത്തിൽത്തന്നെ താമസമാക്കി. കോൺഗ്രസിന് ശക്തമായ അടിത്തറയുണ്ടാക്കാനും വികസനപ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടാനും അദ്ദേഹത്തിനായി. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലം വിട്ടുനിന്ന നാളുകൾ വളരെ കുറവായിരുന്നെന്ന് നാട്ടുകാർ പറയും. വീട്ടിലെ ചടങ്ങുകളിലും ജനകീയപ്രശ്‌നങ്ങളിലും കൂടെയുള്ളൊരാൾ എന്നും കൂടെയുണ്ടാകും എന്ന ധാരണ വളർത്തിയെടുത്തുള്ള പ്രവർത്തനമായിരുന്നു ഇവരുടെയെല്ലാം.
കുന്നത്തൂരിൽ ഉല്ലാസ് കോവൂരിന്റെ വിജയവും ഇതുപോലെയായിരുന്നു. 2016-ൽ കോവൂർ കുഞ്ഞുമോനോട് തോറ്റശേഷം മണ്ഡലത്തിലെ എല്ലാ കാര്യത്തിലും ജനങ്ങൾക്കൊപ്പംനിന്ന് 2021-ൽ കോവൂർ കുഞ്ഞുമോന്റെ ഭൂരിപക്ഷം കുറയ്ക്കാനായി. യു.ഡി.എഫ്. തരംഗമുണ്ടായ ഇത്തവണ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
കനത്ത തോൽവിയിൽ പകച്ച് ഇടതുമുന്നണി
കൊല്ലം: ചുവപ്പുകോട്ടയായ കൊല്ലത്തെ കനത്ത തോൽവിയിൽ പകച്ച് ഇടതുമുന്നണി നേതൃത്വം. രണ്ട് സീറ്റിലേക്ക് ചുരുങ്ങിയ സാഹചര്യം സി.പി.എം., സി.പി.ഐ. ജില്ലാ നേതൃയോഗങ്ങളിൽ രൂക്ഷവിമർശനത്തിന് വഴിവെക്കും.
കഴിഞ്ഞതവണ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ തോൽവിയുടെപേരിൽ സി.പി.എം. സംഘടനാ നടപടിയെടുത്തിരുന്നു. സി.പി.ഐ.യാകട്ടെ നേതാക്കളെ ശാസിക്കുന്നതിൽ നടപടിയൊതുക്കി. ഇത്തവണ സംസ്ഥാനതലത്തിൽ കനത്ത തോൽവിയായതിനാൽ അത്തരം നടപടികൾ ഉണ്ടാകുമോയെന്ന് വ്യക്തമല്ല. മുന്നണിയുടെ കീഴ്‌ഘടകങ്ങൾ നൽകുന്ന കണക്കുകൾ വ്യാജമാണെന്ന വിമർശനം നേതാക്കൾ തന്നെ പങ്കുവെക്കുന്നു. കണക്കെടുത്തശേഷവും കുറഞ്ഞത് എട്ട്-ഒൻപത് സീറ്റുകൾ ലഭിക്കുമെന്നാണ് നേതാക്കൾ ഉറപ്പിച്ച് പറഞ്ഞിരുന്നത്.
ജില്ലാ നേതൃയോഗങ്ങൾ ഉടൻ
അടുത്തദിവസങ്ങളിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ചേരുന്നുണ്ട്. കൊട്ടാരക്കരയിൽ ‘അപകടം’ മുൻകൂട്ടിക്കണ്ട് പ്രവർത്തിച്ചതുകൊണ്ടാണ് ജയിച്ചുവന്നത്. ഈ മാതൃക മറ്റു മണ്ഡലങ്ങളിൽ പരീക്ഷിക്കാനാകാത്തത് ജില്ലാ സെന്ററിന്റെ വീഴ്ചയായാണ് കണക്കാക്കുന്നത്. ജില്ലാ സെന്റർ കേന്ദ്രീകരിച്ച് മുഴുവൻസമയം പ്രവർത്തിക്കാൻ നേതാക്കളില്ലായിരുന്നു എന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
ദയനീയ പരാജയത്തിലേക്ക് നീങ്ങിയ സാഹചര്യം ഏരിയ സെക്രട്ടറിമാരും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വിശദീകരിക്കേണ്ടിവരും. ചവറ, ഇരവിപുരം മണ്ഡലങ്ങളിൽ സംഘടനാ ചുമതലയുള്ളവർക്ക് വീഴ്ചപറ്റിയെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കുണ്ടറയിലെ കനത്ത തോൽവി പ്രാദേശിക ഘടകങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. പാർട്ടി ചുമതലകൾ നിർവഹിച്ചിരുന്നവരിൽ ആരെങ്കിലും ബോധപൂർവ്വം വീഴ്ചവരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് വിവരം. പ്രവർത്തനത്തിൽനിന്നു വിട്ടുനിന്നവരോടും വിശദീകരണം തേടും.
സി.പി.ഐ.യിൽ പരസ്യ വിമർശനം
കൂട്ടത്തോൽവി സി.പി.ഐ.യിൽ രൂക്ഷ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ‘ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാൻ അവസരം നൽകിയ സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റിന് അഭിവാദ്യങ്ങൾ’ എന്നാണ് ശൂരനാട്ടെ പ്രാദേശിക നേതാവ് സാമൂഹികമാധ്യമ പോസ്റ്റിട്ടത്.
തിരഞ്ഞെടുപ്പിന് ഒരാഴ്ചമുൻപ് സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം പാർട്ടി നേതൃത്വത്തിന് രാജി നൽകിയതായും പറയുന്നുണ്ട്. ചാത്തന്നൂരിലെ സ്ഥാനാർഥിയായി തന്നെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. കഴിഞ്ഞ സംഘടനാ സമ്മേളനത്തെ തുടർന്ന് ജില്ലയിലെ വലിയൊരു വിഭാഗം പാർട്ടിവിട്ടത് അടക്കമുള്ള സംഭവങ്ങൾ വീണ്ടും ചർച്ചയിലേക്ക് വന്നിട്ടുണ്ട്.
യു.ഡി.എഫിന് 95 മുതൽ 102 സീറ്റുകൾ വരെ ലഭിക്കുമെന്ന് സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം പ്രവചിച്ചത് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാണിപ്പോൾ. ഇതും ജില്ലാ യോഗങ്ങളിൽ വിമർശനത്തിനിടയാക്കും.
Content Highlights: Discover how UDF candidates in Kollam transformed past election defeats into victory through persistent grassroots work. Read the full analysis of their success.
Published: 06 May 2026, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented