കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ യു.എ.പി.എ. (നിയമവിരുദ്ധ പ്രവർത്തനനിരോധന നിയമം) ബാധകമാക്കണോയെന്നതിൽ വിധി ഈ മാസം അവസാനവാരം ഉണ്ടാകും. മധുര സ്വദേശികളും ഒന്നുമുതൽ നാലുവരെ പ്രതികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരിംരാജ (33), ദാവൂദ് സുലൈമാൻ (27), ഷംസുദ്ദീൻ (28) എന്നിവരെ കനത്തസുരക്ഷയിൽ പോലീസ് ബുധനാഴ്ച പ്രിൻസിപ്പൽ ഡിസ്‌ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജ്‌ ജി.ഗോപകുമാർ മുമ്പാകെ ഹാജരാക്കി. സാക്ഷികളുടെ മൊഴി ജഡ്‌ജി പ്രതികളെ വായിച്ചുകേൾപ്പിച്ചു.

To advertise here,

പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് താൻ എട്ടാം ക്ലാസ്‌വരെമാത്രമേ പഠിച്ചിട്ടുള്ളൂവെന്നും സാങ്കേതികപരിജ്ഞാനമില്ലെന്നും ഒന്നാം പ്രതി അബ്ബാസ് മറുപടി നൽകി. തന്റെ കോഴിക്കടയിൽ തിരച്ചിൽ നടത്തി തെളിവുകൾ ശേഖരിച്ചതായുള്ള അന്വേഷണ ഉദ്യോഗസ്ഥൻ ജോർജ് കോശി നൽകിയ മൊഴി കളവാണെന്ന് രണ്ടാംപ്രതി ഷംസൂൺ കരീംരാജ പറഞ്ഞു. എൻ.ഐ.എ. വെറുതേവിട്ടതാണെന്നും കേസുമായി ബന്ധമില്ലെന്നും നാലാംപ്രതി ഷംസുദീൻ പറഞ്ഞു.

യു.എ.പി.എ. ചുമത്തിയ ബെംഗളൂരു സ്ഫോടനക്കേസിൽ എല്ലാ പ്രതികൾക്കും ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. മൈസൂർ കോടതി വളപ്പിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിൽ മധുരയിൽ നടത്തിയ റെയ്ഡിനിടെയാണ് ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തത്. 

അവിടെ പിടിച്ചെടുത്ത ലാപ്ടോപ്പിലാണ് കൊല്ലം കളക്ടറേറ്റിന്റെയും മറ്റും ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്നു നടത്തിയ ചോദ്യംചെയ്യലിലാണ് കൊല്ലത്തെ സ്ഫോടനത്തിലും പ്രതികളുടെ പങ്ക്‌ തെളിഞ്ഞത്. 2016 ജൂണിലാണ് കൊല്ലം കളക്ടറേറ്റ് വളപ്പിൽ മുൻസിഫ് കോടതിക്കു സമീപം സ്ഫോടനം നടത്തിയത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.