കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ യു.എ.പി.എ. (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) ബാധകമാക്കിയേക്കും. യു.എ.പി.എ. ബാധകമാക്കണമെങ്കിൽ കേസന്വേഷിച്ച്, നിശ്ചിത സമയപരിധിക്കുള്ളിൽ ശുപാർശ നൽകണം. ഈ കേസിൽ സമയപരിധി പാലിച്ചില്ലെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. സമയക്രമം പാലിച്ചാണ് നടപടികളെന്ന് കേസ് അന്വേഷിച്ച മുൻ എ.സി.പി. ജോർജ് കോശി കോടതിയിൽ മൊഴി നൽകി.

To advertise here,

ഓണാവധിയും മറ്റ് അവധികളും എത്തിയതാണ് അവ്യക്തതയ്ക്കു കാരണമെന്നും ജോർജ് കോശി മൊഴി നൽകി. ഒക്ടോബർ ഒന്നിനു നടക്കുന്ന വാദത്തിൽ പ്രതികളെ നേരിട്ട് ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ നിർദേശിച്ചു. 

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ.സേതുനാഥും പ്രതിഭാഗത്തിനായി ഷാനവാസും ഹാജരായി. 2016 ജൂണിൽ കളക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതിക്കു മുന്നിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്കു പരിക്കേറ്റിരുന്നു. നിരോധിതസംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷാംസൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് പ്രതികൾ.