ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ എൽഡിഎഫ് പ്രവർത്തകർക്കിടയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. യു. പ്രതിഭയുടെ തോൽവിയെ 'കാത്തുവെച്ച പ്രതികാരം' എന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയയിൽ സൈബർ യുദ്ധം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് അണികൾ പരസ്യമായി വിമർശനം ഉന്നയിക്കുന്നത്. കായംകുളത്തെ പാർട്ടിക്കുള്ളിലെ പോര് നേരത്തെ തന്നെ പരസ്യമായിരുന്നെങ്കിലും തോൽവിക്ക് പിന്നാലെ അത് വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

To advertise here,

മണ്ഡലത്തിൽ നേരത്തെ തന്നെ നിലനിന്നിരുന്ന പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോൾ പരസ്യമായ തർക്കങ്ങളിലേക്ക് വഴിമാറുന്നത്. സ്ഥാനാർഥിയായിരുന്ന യു. പ്രതിഭയുമായി ചില നേതാക്കൾക്കുണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് തോൽവിയിലേക്ക് നയിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ആരോപണം.

എന്നാൽ ഈ വിമർശനങ്ങൾക്ക് ഔദ്യോഗികമായ സ്വഭാവമില്ലെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയ ചില ആളുകളാണ് ഇത്തരം കുറിപ്പുകൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇവർ എൽഡിഎഫിന്റെ ഭാഗമായി സഹകരിച്ചിരുന്നെങ്കിലും ഇവരുടെ പ്രതികരണങ്ങൾ പാർട്ടിയുടേതല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കായംകുളത്തെ സംഘടനാപരമായ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിന് മുൻപേ നിലനിന്നിരുന്നതാണെന്നും അവയാണ് ഇപ്പോൾ വിവാദമാകുന്നതെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

വോട്ടുകൾ ചോർന്നെന്ന യു. പ്രതിഭയുടെ വാദത്തെയും ജില്ലാ സെക്രട്ടറി തള്ളിക്കളഞ്ഞു. മുൻപ് രണ്ട് തവണ ഈ മണ്ഡലത്തിൽ വിജയിക്കാൻ സഹായിച്ച വോട്ടുകൾ ഇത്തവണ എന്തുകൊണ്ട് ലഭിച്ചില്ല എന്നതിനെക്കുറിച്ച് സ്ഥാനാർഥി സ്വയം പരിശോധിക്കണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സമുദായ വോട്ടുകൾ ഉൾപ്പെടെയുള്ളവ ഇത്തവണ നഷ്ടമായത് സ്ഥാനാർഥി കൂടി പരിഗണിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.