
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി. ആശുപത്രിയുടെ പലഭാഗങ്ങളിലും വെള്ളം കയറിയതോടെ രോഗികൾക്ക് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായി.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്ററിന് സമീപം മേൽക്കൂരയുടെ പണിയുമായി ബന്ധപ്പെട്ട കല്ലും മണ്ണും സമീപത്തെ ഓടയിലാണ് തൊഴിലാളികൾ നിക്ഷേപിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ പെയ്ത മഴ ഒരുമണിക്കൂർ നീണ്ടുനിന്നതോടെ ആശുപത്രിക്ക് ഉള്ളിലേയ്ക്ക് വെള്ളം കയറി. ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി ഓടയിലെ മണ്ണ് നീക്കംചെയ്ത് വെള്ളം ഒഴിക്കിവിട്ടു. പിന്നാലെ അധികൃതർ ആശുപത്രി പരിസരം വൃത്തിയാക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയോടെ കുറച്ചുനേരം മഴ പെയ്തപ്പോൾത്തന്നെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. തമ്പാനൂർ ഉൾപ്പടെ ചെറിയരീതിയിൽ വെള്ളക്കെട്ടുണ്ടായി.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവുമുണ്ടായി. കഴക്കൂട്ടത്ത് വീടുകളിൽ വെള്ളം കയറി. അടുത്ത ദിവസങ്ങളിലും ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നെടുമങ്ങാട് തിങ്കളാഴ്ച 18-കാരൻ ഇടിമിന്നലേറ്റ് മരിച്ചിരുന്നു.

ശനിയാഴ്ച തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. കഴക്കൂട്ടത്ത് അങ്കണവാടിയിലും നാല് വീടുകളിലും വെള്ളം കയറി. ഒരു വീട്ടിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിയും വന്നു. വിഴിഞ്ഞം ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി.
Content Highlights: Thiruvananthapuram district faces heavy rain, causing flooding at Neyyatinkara General Hospital
Published: 04 Nov 2024, 06:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented