തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങൾ നവീകരിക്കുന്നത് കേവലം മോടിപിടിപ്പിക്കൽ അല്ലെന്നും പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള അറ്റകുറ്റപ്പണികളാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ലിഫ് ഹൗസിന്റെ ശോചനീയാവസ്ഥയും സുരക്ഷാ മുൻകരുതലുകളും പരിഗണിച്ച് മുൻ സർക്കാരിന്റെ കാലത്തുതന്നെ നവീകരണ പ്രൊപ്പോസൽ വന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, സർക്കാരിന്റെ അവസാനഘട്ടമായിരുന്നതിനാൽ അന്ന് അതിലേക്ക് കടന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

To advertise here,

"ഒരു മന്ത്രിമന്ദിരം ആവശ്യമായ റിപ്പയർ നടത്തുന്നതുകൊണ്ട് എന്താണ് തകരാർ ഉള്ളത്? ഞാൻ ഇപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ഞാൻ പോകേണ്ടത് കന്റോൺമെന്റ് ഹൗസിലാണ്. രണ്ടാഴ്ചകൊണ്ട് മാറാൻ പറ്റുമെന്ന ധാരണയിലായിരുന്നു കന്റോൺമെന്റ് ഹൗസിലേക്ക് പോയത്. അവിടെ ചെന്ന് നോക്കുമ്പോൾ, അതിൽ കിടക്കാൻ പറ്റുന്ന അവസ്ഥയല്ല. എങ്ങനെയാണ് പഴയ പ്രതിപക്ഷ നേതാവ് അവിടെ കിടന്നത് എന്ന് എനിക്ക് അറിയില്ല. റിപ്പയർ ചെയ്യാൻ സമയമെടുക്കുമെന്ന് പറഞ്ഞു", പിണറായി വിജയൻ പറഞ്ഞു.

കന്റോൺമെന്റ് ഹൗസിൽ നടന്ന തീപിടിത്തത്തെ പരാമർശിച്ച അദ്ദേഹം, താൻ അങ്ങോട്ട് മാറിയ ശേഷമാണ് അത് സംഭവിച്ചതെങ്കിൽ എന്തെല്ലാം കഥകൾ പ്രചരിപ്പിക്കപ്പെടുമായിരുന്നുവെന്നും ചോദിച്ചു. 200 വർഷത്തോളം പഴക്കമുള്ള പല മന്ത്രിമന്ദിരങ്ങളും ശോചനീയാവസ്ഥയിലാണ്. അറ്റകുറ്റപ്പണികൾ നിർദ്ദേശിച്ചാൽ 'മോടിപിടിപ്പിക്കുന്നു' എന്ന പേരിൽ വാർത്തവരുമെന്ന് ഭയന്ന് താമസിക്കുന്നവർ പലപ്പോഴും അറ്റകുറ്റപ്പണികൾ ആവശ്യപ്പെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കെട്ടിടങ്ങളുടെ കാര്യത്തിൽ വകുപ്പിന് വ്യക്തമായ നിലപാടുണ്ടാകണമെന്നും ഓരോ വർഷവും കെട്ടിടങ്ങളുടെ അവസ്ഥ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം സുരക്ഷാ നവീകരണങ്ങളോട് മാധ്യമങ്ങളും പൊരുത്തപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.