
തിരുവനന്തപുരം: ചേങ്കോട്ടുകോണത്തെ നാട്ടുകാർക്കിനി മൂക്കുപൊത്താതെയും ഭയപ്പെടാതെയും വഴിനടക്കാം. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ പാർപ്പിച്ചിരുന്ന ഏഴുപതോളം തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങി. നായ്ക്കൾ കാരണം നാട്ടുകാർ അനുഭവിക്കുന്ന ദുരിതം വാർത്തയായതിനു പിന്നാലെയാണ് തിരുവനന്തപുരം നഗരസഭ നടപടികളാരംഭിച്ചത്.
ശനിയാഴ്ച മേയർ വി.വി. രാജേഷ്, കൗൺസിലർ സിന്ധു ശശി, ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയവർ നേരിട്ടെത്തിയാണ് നായ്ക്കളെ മാറ്റാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്. നിലവിൽ നായ്ക്കളെ നഗരസഭയുടെ എബിസി സെന്ററിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അവിടെ അവയ്ക്ക് ആവശ്യമായ വാക്‌സിനേഷനും മറ്റ് ചികിത്സകളും നൽകിയ ശേഷം അടുത്ത ദിവസങ്ങളിൽ സ്ഥിരമായ ഷെൽട്ടറുകളിലേക്ക് മാറ്റും. ചേങ്കോട്ടുകോണത്തെ വീട്ടിലുള്ള പരമാവധി നായ്ക്കളെ ശനിയാഴ്ച തന്നെ എബിസി സെന്ററിലെ സ്ഥല സൗകര്യം അനുസരിച്ച് മാറ്റും. ബാക്കിയുള്ളവയെ അടുത്ത ദിവസങ്ങളിലായി മാറ്റുമെന്നും മേയർ അറിയിച്ചു.
ഏകദേശം രണ്ട് വർഷത്തോളമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ അധികൃതരെ സമീപിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കോർപ്പറേഷൻ ഓംബുഡ്‌സ്മാൻ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ ഇടങ്ങളിലെല്ലാം പരാതി നൽകിയിട്ടും പരിഹാരമാകാതിരുന്ന പ്രശ്‌നം മാധ്യമ ഇടപെടലിലൂടെയാണ് ഇപ്പോൾ പരിഹരിക്കപ്പെടുന്നത് എന്ന് നാട്ടുകാർ വ്യക്തമാക്കി. നഗരസഭയുടെ ഹെൽത്ത് ടീം തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവുനായ ശല്യം പൂർണ്ണമായും പരിഹരിക്കാനുള്ള പരിശ്രമത്തിലാണെന്നും മേയർ അറിയിച്ചു.
ചെങ്കോട്ടുകോണം മടവൂർ പാറയിൽ താമസിക്കുന്ന കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ മെറ്റിൽഡ എന്ന ഉദ്യോഗസ്ഥയാണ് വീട്ടിൽ ഏഴുപതോളം തെരുവുനായ്ക്കളെ പാർപ്പിച്ചിരുന്നത്. ഇതോടെ നായ്ക്കളുടെ ആക്രമണം പേടിച്ചും ദുർഗന്ധം കാരണവും നാട്ടുകാർ പൊറുതിമുട്ടിയിരുന്നു. ചെങ്കോട്ടുകോണ ജനവാസ മേഖലയിലാണ് തെരുവുനായ്ക്കളുള്ള ഈ വീട്. ഒറ്റയ്ക്ക് താമസിക്കുന്ന മെറ്റിൽഡയുടെ വീട്ടിന്റെ മുറ്റത്തും റോഡിലും ടെറസിലും നായ്ക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.
നായ്ക്കൾ പെരുകിയതോടെ അവശ്യ സേവനത്തിനുള്ള ആളുകൾ പോലും വീടുകളിൽ എത്താൻ ഭയക്കുന്നു എന്ന് അയൽവാസികൾ പറഞ്ഞിരുന്നു. പിന്നാലെ സംഭവം വാർത്തയായതോടെ നായ്ക്കളെ വീട്ടിൽ നിന്ന് മാറ്റാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥ അറിയിച്ചിരുന്നു. നായകളെ വീട്ടിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് കോർപ്പറേഷൻ കത്ത് നൽകിയിരുന്നു.
Content Highlights: Trivandrum corporation takes decisive action to relocate over 70 stray dogs from a police officer`s residence after public outcry and media coverage. Dogs moved to ABC center for treatment.
Published: 31 Jan 2026, 04:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented