തിരുവനന്തപുരം: ‘ഭയാശങ്കകൾ നിറഞ്ഞ, ഓർമ്മയിൽപ്പോലും പേടിപ്പെടുത്തുന്ന ദിനമാണ് കഴിഞ്ഞുപോയത്...’ പറന്നുയർന്നശേഷം സാങ്കേതികത്തകരാറുണ്ടെന്നറിയിച്ച്, മണിക്കൂറുകൾക്കു ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും ഞായറാഴ്ച രാത്രിയിലെ തിരുവനന്തപുരം-ചെന്നൈ വിമാനയാത്രയിലെ പേടിപ്പെടുത്തുന്ന ഓർമ്മകൾ മാറിയിട്ടില്ലെന്ന് യാത്രക്കാരനായ പ്രതാപ് സുതൻ. ന്യൂഡൽഹിയിലെ ബാങ് ഇൻ ദ മിഡിൽ എന്ന പരസ്യക്കമ്പനി സഹസ്ഥാപകനും തിരുവനന്തപുരം സ്വദേശിയുമായ പ്രതാപ് സുതൻ സാമൂഹികമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് നാടകീയനിമിഷങ്ങളെക്കുറിച്ചു വിവരിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് 7.15-ന് പുറപ്പെടേണ്ട ഡൽഹി വിമാനം, രാത്രി 8.30-നാണ് യാത്രതുടങ്ങിയത്. കുറച്ചുസമയം കഴിഞ്ഞപ്പോൾ വിമാനത്തിന് കുലുക്കം അനുഭവപ്പെട്ടു. മോശം കാലാവസ്ഥയായതിനാലാണിതെന്ന് പൈലറ്റ് മുന്നറിയിപ്പു നൽകി. വിമാനത്തിൽ ഭക്ഷണവിതരണവും ഉണ്ടായിരുന്നില്ല. ഈ സമയത്താണ് വിമാനത്തിന്റെ കാലാവസ്ഥാ റഡാർ തകരാറിലാണെന്നും ചെന്നൈയിലേക്കു വഴിതിരിച്ചുവിടുകയാണെന്നും അറിയിച്ചത്. ബെംഗളൂരു, കോയമ്പത്തൂർ മേഖലയിലൂടെ സഞ്ചരിച്ചിരുന്ന വിമാനം, തൊട്ടടുത്ത മംഗളൂരു, ബെംഗളൂരു, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ ഇറങ്ങാതെ, ഏറെ ദൂരെയുള്ള ചെന്നൈയിലേക്കു യാത്രചെയ്തത് സംശയമുണർത്തി. ചെന്നൈയിലെത്തിയപ്പോൾ ഏറെനേരം ബംഗാൾ ഉൾക്കടലിനു മുകളിൽ വട്ടമിട്ടു പറക്കാൻ തുടങ്ങി. ഇന്ധനം കടലിലൊഴുക്കാനാണ് വിമാനങ്ങൾ കടലിനു മുകളിൽ ഏറെനേരം വട്ടമിട്ടുപറക്കുകയെന്നത് വീണ്ടും ആശങ്ക സൃഷ്ടിച്ചു. ഒരു മണിക്കൂറോളം കഴിഞ്ഞശേഷമാണ് വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാനായി എത്തിയത്.
റൺവേക്ക് 40 അടിയോളം അടുത്ത് താഴ്ന്നു പറന്ന വിമാനം അപ്രതീക്ഷിതമായി വീണ്ടും ടേക്ക് ഓഫ് ചെയ്ത് ഉയരത്തിലേക്കു തിരികെ പറന്നു. റൺവേയിൽ എന്തോ തടസ്സമുണ്ടെന്ന എയർ ട്രാഫിക് കൺട്രോളിൽനിന്നുള്ള സന്ദേശം കാരണമാണ് ലാൻഡ് ചെയ്യാതെ വീണ്ടും പറന്നുയർന്നതെന്നാണ് പൈലറ്റ് അറിയിച്ചത്.
രാത്രി 11.30-ന് ചെന്നൈയിൽ ഇറങ്ങിയ യാത്രക്കാർ, പുലർച്ചെ 1.30-നാണ് മറ്റൊരു വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് യാത്ര പുനരാരംഭിച്ചത്. നേരത്തേയുണ്ടായിരുന്ന അതേ പൈലറ്റും സംഘവുമാണ് രണ്ടാമത്തെ വിമാനത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തത്. പുലർച്ചെ അഞ്ചുമണിയോടെയാണ് ന്യൂഡൽഹിയിലെത്തിയത്.
കൃത്യസമയത്ത് ന്യൂഡൽഹിയിൽ എത്താൻ കഴിയാതെവന്നതോടെ പലർക്കും വിദേശത്തേക്കുൾപ്പെടെയുള്ള യാത്ര റദ്ദാക്കേണ്ടിവന്നുവെന്നും പ്രതാപ് സുതൻ ചൂണ്ടിക്കാണിക്കുന്നു.
അടിയന്തരസാഹചര്യങ്ങളെ നേരിടാനെന്നു സൂചന
: റഡാർ തകരാറിലായതിനെത്തുടർന്ന് വിമാനം ചെന്നൈയിലിറക്കാൻ കാരണം അടിയന്തരസാഹചര്യങ്ങളെ നേരിടാനെന്നു സൂചന. സമീപത്ത് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് നീളമുള്ള റൺവേയാണ് ചെന്നൈയിലേത്. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള കൂടുതൽ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ഇതൊക്കെയാകാം വിമാനം ചെന്നൈയിലിറക്കാനുള്ള തിരുമാനത്തിനു കാരണമായതെന്ന് വ്യോമയാന മേഖലയിലെ വിദഗ്‌ധർ പറയുന്നു.
തിരുവനന്തപുരത്തുനിന്നുള്ള വിമാനം ഇറക്കാൻ നിശ്ചയിച്ചിരുന്ന റൺവേയിൽ വ്യക്തമല്ലാത്തതരത്തിൽ ചില വസ്തുക്കളുണ്ടോ എന്ന് തൊട്ടുമുൻപ് അവിടെനിന്ന് പറന്നുയർന്ന വിമാനത്തിൽനിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിമാനം വീണ്ടും പറന്നുയർന്നത്. തുടർന്ന് റൺവേ പരിശോധിച്ച് അസ്വാഭാവികമായി ഒന്നുമില്ല എന്ന് ഉറപ്പാക്കിയശേഷമാണ് വിമാനമിറക്കിയത്. ഇത്തരം സംഭവങ്ങൾ വ്യോമഗതാഗതമേഖലയിൽ പതിവുള്ളതാണെന്നും വിദഗ്‌ധർ വ്യക്തമാക്കുന്നു.
Content Highlights: Mid-Air Scare: Trivandrum-Delhi Flight Diverted to Chennai After Radar Malfunction
Published: 12 Aug 2025, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented