പുല്പള്ളി: ഇരുളം മരിയനാട് സമരഭൂമിയില്‍നിന്ന് ആദിവാസികള്‍ പറിക്കുന്ന കാപ്പിക്കുരു ഇടനിലക്കാര്‍ കുറഞ്ഞവിലയ്ക്ക് തട്ടിയെടുക്കുന്നതായി ആരോപണം. ആദിവാസികള്‍ കുടില്‍കെട്ടി സമരംചെയ്യുന്ന തോട്ടത്തിലാണ് വന്‍ചൂഷണം നടക്കുന്നത്. ഏക്കറുകളോളം തോട്ടമാണ് വനത്തോട് ചേര്‍ന്ന് ഇവിടെയുള്ളത്. തോട്ടത്തില്‍ ഒട്ടേറെ കാപ്പിച്ചെടികളുണ്ട്. കാപ്പി വിളവെടുക്കാനായതോടെയാണ് ആദിവാസികളെ ഉപയോഗിച്ച് കച്ചവടക്കാര്‍ ഇവിടെനിന്നും കാപ്പിക്കുരു കടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

To advertise here,

രാവിലെയെത്തി ആദിവാസികളോട് തോട്ടത്തിലെ കാപ്പി പറിക്കാന്‍ ആവശ്യപ്പെടുന്ന ഇവര്‍ സന്ധ്യയാകുന്നതോടെ ഇവിടെയെത്തി കുറഞ്ഞവിലയ്ക്ക് കാപ്പിക്കുരു വാങ്ങിയെടുക്കുകയാണ്. ഇത്തരത്തില്‍ മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ വളരെ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന കാപ്പിക്കുരു ഉയര്‍ന്ന വിലയ്ക്കാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. കൊള്ളലാഭമാണ് ആദിവാസികളെ കബളിപ്പിച്ച് ഇവര്‍ക്ക് ലഭിക്കുന്നത്. ആദിവാസികളില്‍നിന്ന് കിലോയ്ക്ക് പത്തും പതിനഞ്ചും നല്‍കി വാങ്ങുന്ന പച്ചക്കാപ്പിക്കുരു പൊതു മാര്‍ക്കറ്റില്‍ കിലോയ്ക്ക് 35 രൂപയ്ക്കാണ് മറിച്ചുവില്‍ക്കുന്നത്. തൂക്കത്തിലും കബളിപ്പിച്ചാണ് കച്ചവടം തകൃതിയായിരിക്കുന്നത്.

പോലീസും ട്രൈബല്‍വകുപ്പും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവികസന കോര്‍പ്പറേഷന് കീഴില്‍ 230 ഹെക്ടറോളം തോട്ടമാണ് ഇവിടെയുണ്ടായിരുന്നത്. തോട്ടം തൊഴിലാളികളായവരും ഇവിടെ കാലങ്ങളായി സമരം ചെയ്യുന്നുണ്ട്.

ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ സമരം. തോട്ടത്തിന്റെ ഒരുഭാഗത്ത് തൊഴിലാളികളും മറുഭാഗത്ത് ആദിവാസികളും സമരം തുടരുകയാണ്.

സുപ്രീംകോടതി വിധിയനുസരിച്ച് ആദിവാസികള്‍ക്ക് പതിച്ചുനല്‍കേണ്ട ഭൂമിയാണിതെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായും ഇതിനായുള്ള നടപടികളൊന്നും നടക്കുന്നില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

'സമരഭൂമിയിലെ ചുരുക്കം ചിലരാണ് കാപ്പിക്കുരു പറിക്കുന്നത്. എല്ലാവരും ഇങ്ങനെ ചെയ്യുന്നില്ല. കുറഞ്ഞവിലയ്ക്ക് വാങ്ങി ചൂഷണം നടത്തുന്ന സംഭവങ്ങളുണ്ട്. അധികൃതര്‍ ശ്രദ്ധചെലുത്തണം.' -ചന്തുണ്ണി, കേരള ആദിവാസി ഫോറം നേതാവ്.