കോഴിക്കോട്: ഒരു സുപ്രഭാതത്തിൽ, കേരളത്തിലെ രണ്ട്‌ ഓഫീസുകൾ കോറോഹെൽത്ത് അടച്ചുപൂട്ടിയതിനു പിന്നിൽ അമിതമായ തൊഴിൽചൂഷണത്തിന് കേരളത്തിലെ തൊഴിൽവകുപ്പും തൊഴിൽസംസ്കാരവും തടസ്സമാണെന്ന തിരിച്ചറിവാണെന്ന് ജീവനക്കാർ. ‘അടിമപ്പണി’ക്കെതിരേ ജീവനക്കാർ പ്രതികരിച്ചിരുന്നതും കമ്പനിയെ കുഴപ്പത്തിലാക്കി.

To advertise here,

കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കത്തെ ഓഫീസിൽമാത്രം നാനൂറോളം ജീവനക്കാരാണ് ജോലിചെയ്തിരുന്നത്. പലർക്കും ലോണും മറ്റുമുണ്ട്. കൊച്ചിയിലും ഇത്രത്തോളംപേരുണ്ട്. ജീവനക്കാരിൽ പലരും തിങ്കളാഴ്ച കോഴിക്കോട്ടെ ഓഫീസിൽ എത്തിയെങ്കിലും പൂട്ടിക്കിടക്കുകയായിരുന്നു.

അവധിയില്ലാത്ത ജോലി

2024 സെപ്റ്റംബറിലാണ് കോഴിക്കോട്ട് ഓഫീസ് തുടങ്ങിയത്. രാവിലെ ഏഴിന് കയറുന്നവരെ രാത്രി ഒൻപതുവരെ ജോലി ചെയ്യിക്കുന്നതായിരുന്നു തുടക്കകാലത്തെ രീതി. തൊഴിൽവകുപ്പ് ഇടപെട്ടതോടെ എട്ടു മുതൽ രാത്രി ഏഴുവരെയാക്കി. രാത്രി ഏഴോടെ കെട്ടിടത്തിലെ വൈദ്യുതി ഒാഫാക്കേണ്ടിയും വന്നു. മാസത്തിൽ ഒരു സിക്ക് ലീവുൾപ്പെടെ രണ്ട് ലീവാണ് അനുവദിച്ചിരുന്നത്. രണ്ട് ലീവും എടുത്താലുടൻ, മികച്ച പ്രകടനത്തിന് എ ഗ്രേഡ് ലഭിച്ചിട്ടുള്ള ജീവനക്കാരെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തും.

പ്രസാവാവധി, അസുഖംകാരണമുള്ള അവധി, ഒന്നോ രണ്ടോ ആഴ്ചത്തെ അവധി എന്നിവയെടുത്താൽ ഗ്രേഡ് സി-യും കടന്ന് ഡി-യിലേക്കോ ഇ-യിലേക്കോ പോവും. രേഖകൾപ്രകാരം ശനിയാഴ്ചയും ഞായറാഴ്ചയും അവധിയാണ്. ചില വിഭാഗങ്ങളിൽ സ്ഥിരമായി, ആനുകൂല്യങ്ങളൊന്നും നൽകാതെ ആ ദിവസങ്ങളിൽ ജോലിയെടുപ്പിക്കുന്നതും പതിവായിരുന്നു. ഇതിലും ജീവനക്കാരിൽനിന്നു പരാതി ഉയർന്നതോടെ തൊഴിൽവകുപ്പ് ഇടപെട്ടിരുന്നു.

കേരളത്തിനു പുറത്തെ ഓഫീസുകളിൽനിന്ന് സ്ഥലംമാറ്റം വാങ്ങിയെത്തിയ ഒട്ടേറെ പേരുണ്ട്. ഒരു മാസംമുൻപ് കോഴിക്കോട്ടെത്തിയവർക്കുവരെ ജോലി പോയി.

പൂട്ടിയത് രാജ്യത്തെ മികച്ച ഓഫീസുകൾ

സി.എസ്.ആർ. ഫണ്ട് ചെലവഴിക്കുന്ന കമ്പനിയാണ് കോറോ ഹെൽത്ത്. 500 കോടിയോ അതിൽക്കൂടുതലോ ആസ്തിയും 1000 കോടിയോ അതിൽക്കൂടുതലോ വിറ്റുവരവുമുണ്ടെന്നാണ് ഇതിൽനിന്ന് വ്യക്തമാവുന്നത്. നോയിഡ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെല്ലാം ഓഫീസുകളുണ്ട്.

എല്ലാമാസവും നടക്കുന്ന ജീവനക്കാരുടെ യോഗത്തിൽ ഓഫീസുകളുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ ഉത്പാദനത്തിലും ഗുണനിലവാരത്തിലും കൊച്ചി, കോഴിക്കോട് ഓഫീസുകൾ എല്ലായ്‌പ്പോഴും ഒന്ന്, രണ്ട് സ്ഥാനത്ത് മാറിമാറി തുടർന്നിരുന്നതായും ജീവനക്കാർ പറയുന്നു. അതായത് നഷ്ടമെന്നു പറഞ്ഞ് പൂട്ടിയത് ഏറ്റവും മികച്ച രണ്ട് ഓഫീസുകൾ.

നൽകിയത് ഒരു മാസത്തെ ശമ്പളം മാത്രം

പിരിച്ചുവിട്ടവർക്ക് മൂന്നുമാസത്തെ ശമ്പളം നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു മാസത്തേത് മാത്രമാണ് ലഭിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. ബാക്കിയെല്ലാം ജീവനക്കാർക്ക് സ്വാഭാവികമായും ലഭിക്കേണ്ട ആനുകൂല്യങ്ങളാണ്.