ബോളിവുഡ് നടി ദീപിക കക്കറിന് കാൻസർ സ്ഥിരീകരിച്ചിരുന്നു. കരളിനെ ബാധിച്ച അർബുദവുമായുള്ള പോരാട്ടത്തെ കുറിച്ചും അവർ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ കരളിന്റെ ആരോഗ്യത്തിനായി ഡോക്ടർമാർ കട്ടൻ കാപ്പി കുടിക്കാൻ നിർദേശിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ദീപികയുടെ ഭർത്താവും നടനുമായ ഷൊയ്ബ് ഇബ്രാഹിം.

To advertise here,

ഇൻസ്റ്റന്റ് കോഫി മിക്‌സുകൾക്ക് പകരം കാപ്പിക്കുരു അരച്ചെടുത്ത് കോഫി മേക്കർ ഉപയോഗിച്ച് കാപ്പി ഉണ്ടാക്കാനാണ് ഡോക്ടർമാർ പറഞ്ഞതെന്നും യുട്യൂബ് വ്‌ളോഗിൽ അദ്ദേഹം പറയുന്നു. ഡോക്ടർമാരുടെ നിർദേശം തങ്ങളുടെ ദിനചര്യയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഡോക്ടറുടെ ഈ നിർദേശം താനും ദീപികയും പിന്തുടരുന്നുണ്ടെന്നും ഇപ്പോൾ സ്ഥിരമായി കാപ്പി കുടിക്കാറുണ്ടെന്നും ഷൊയ്ബ് ഇബ്രാഹിം പറയുന്നു. ഡോക്ടർമാർ ദിവസവും മൂന്നോ നാലോ കപ്പ് കട്ടൻ കാപ്പി കുടിക്കാൻ നിർദ്ദേശിച്ചെങ്കിലും താൻ ഒരു ദിവസം കുറഞ്ഞത് രണ്ട് കപ്പാണ് കുടിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇപ്പോൾ ഞാൻ കട്ടൻ കാപ്പി കുടിക്കും. ഇൻസ്റ്റന്റ് മിക്‌സുകൾ അത്ര ഫലപ്രദമല്ലെന്ന് ഞങ്ങളുടെ ഡോക്ടർ പറഞ്ഞു. കാപ്പിക്കുരു അരച്ച് കോഫി മേക്കർ ഉപയോഗിച്ച് പുതിയ കോഫി ഉണ്ടാക്കി കുടിക്കുന്നതാണ് നല്ലത്. ഇത് കരളിന് കൂടുതൽ ഉപയോഗപ്രദമാണ്.'-അദ്ദേഹം വ്യക്തമാക്കുന്നു.

2025 മേയിലാണ് താൻ സ്റ്റേജ് 2 കാൻസറിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. അതേവർഷം ജൂണിൽ നടന്ന ശസ്ത്രക്രിയയിലൂടെ അവരുടെ കരളിന്റെ 22 ശതമാനം ഭാഗം നീക്കം ചെയ്തിരുന്നു. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ കരളിൽ ഒരു ടെന്നീസ് ബോളിന്റെ വലിപ്പമുള്ള ട്യൂമർ കണ്ടെത്തിയതെന്നും പിന്നീട് അത് അർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് ദീപിക വെളിപ്പെടുത്തിയത്. തന്റെ കാൻസർ ചികിത്സായാത്രയും കീമോതെറാപ്പി അനുഭവങ്ങളും മാനസികമായ ഉയർച്ച താഴ്ച്ചകളും ദീപിക യുട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.