കാസർകോട്: ഡിജിറ്റൽ പഠനസൗകര്യമില്ലാതെ പ്രയാസപ്പെട്ട ആദിവാസി വിദ്യാർഥിനിക്ക് ലാപ്ടോപ്പ് ലഭ്യമാക്കി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമമന്ത്രി കെ.എ. തുളസി. ദേലംപാടി പഞ്ചായത്ത് കണ്ണംകോൽ ഉന്നതിയിലെ സിജാകുമാരിക്ക് തിരുവനന്തപുരത്തെ ഓഫീസിൽവെച്ച് മന്ത്രി ലാപ്ടോപ്പ് കൈമാറി. തുടർപഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. ഇതോടൊപ്പം വിദ്യാർഥിനിയുടെ അടിയന്തര ആവശ്യം പരിഗണിച്ച് വീട്ടിൽ പ്രത്യേക പഠനമുറി നിർമിച്ചുനൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

To advertise here,

മലവേട്ടുവ വിഭാഗത്തിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്ന ആദ്യയാളാണ് സിജാകുമാരി. കണ്ണൂർ സർവകലാശാലയിൽനിന്ന്‌ ബി.എ. സോഷ്യൽ സയൻസിൽ ഒന്നാം സ്ഥാനത്തോടെയാണീ മിടുക്കി വിജയിച്ചത്. ബി.എഡ്. പഠനം തുടരുന്ന സിജാകുമാരിക്ക് ലാപ്ടോപ്പ് ഇല്ലാത്തത് പഠനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. മുൻപ് ലഭിച്ച ലാപ്ടോപ്പ് തിരികെ നൽകേണ്ടിവന്നതുമുതൽ കടുത്ത ബുദ്ധിമുട്ടുകൾ സഹിച്ചാണ് സിജ പഠനം മുന്നോട്ട് കൊണ്ടുപോയത്. അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ ഏക ആശ്രയം തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ യശോദയാണ്. പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാനുള്ള ശേഷി കുടുംബത്തിനില്ലായിരുന്നു.

അർഹതപ്പെട്ട ലാപ്ടോപ്പ് സാങ്കേതികതടസ്സങ്ങളാൽ സിജാകുമാരിക്ക് നിരസിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി. സിജാകുമാരിയുടെ അവസ്ഥ മനസ്സിലാക്കിയ മന്ത്രി ഉടൻ ലാപ്ടോപ് നൽകാൻ മുൻകൈയെടുത്തു. കല്ലമ്പലം സ്വദേശിയായ പ്രവാസി മലയാളി തയ്യാറായി മുന്നോട്ടുവരികയും ലാപ്ടോപ്പ് വാങ്ങി നൽകുകയുമായിരുന്നു. ഈ ലാപ്ടോപ്പാണ് ഇന്ന് മന്ത്രി നേരിട്ട് വിദ്യാർഥിനിക്ക് സമ്മാനിച്ചത്.

സ്വപ്നങ്ങൾക്ക് കൂട്ടായി പഠനമുറിയും

ലൈഫ് പദ്ധതി പ്രകാരം ഈ കുടുംബത്തിന് അനുവദിച്ച വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്. പഠനമുറിയില്ലാത്തതിന്റെ വിഷമം കൂടി സിജാകുമാരി പങ്കുവെച്ചപ്പോൾ, വീടിനോടൊപ്പം മികച്ച രീതിയിൽ ഇരുന്ന് പഠിക്കാനാവശ്യമായ പഠനമുറി നിർമിക്കുന്നതിനുവേണ്ട സാമ്പത്തികസഹായം സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ. എം.ജെ. സെബാസ്റ്റ്യൻ, പ്രൈവറ്റ് സെക്രട്ടറി എം.എസ്. ഇർഷാദ്, സ്പെഷ്യൽ സെക്രട്ടറി വി.ജി. മിനിമോൾ, മറ്റ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.