കോഴിക്കോട്: തീവണ്ടിക്കുനേരേ കല്ലെറിയുന്നതിനെത്തുടർന്ന് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എന്നാൽ, കഴിഞ്ഞദിവസം തീവണ്ടിക്ക് അകത്തുനിന്ന് പുറത്തേക്ക് കുപ്പി എറിഞ്ഞതിനെത്തുടർന്ന് പ്ലാറ്റ്‌ഫോമിൽനിന്ന യാത്രക്കാരന് പരിക്കേറ്റ സംഭവവുമുണ്ടായി. ഒരു മര്യാദയുമില്ലാത്ത ഈ ഏറ് ചിലപ്പോൾ ജീവൻതന്നെയെടുത്തേക്കാം. ഒക്ടോബറിൽമാത്രം മൂന്നു കേസുകളാണ്‌ ഉണ്ടായത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

To advertise here,

കോഴിക്കോട്-വെള്ളയിൽ സ്റ്റേഷനുകൾക്കിടയിൽ നിർത്തിയിട്ടിരുന്ന മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിനുനേരേ കല്ലേറുണ്ടായത് ഒക്ടോബർ 12-നാണ്. കോച്ചിന്റെ ജനൽചില്ല് തകർന്നു. കല്ലെറിഞ്ഞ തമിഴിനാട് സ്വദേശി അറസ്റ്റിലാവുകയും ചെയ്തു. ഒക്ടോബർ 14-ന് പുലർച്ചെ ഫറോക്കിനും കല്ലായിക്കും ഇടയിൽ ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിനുനേരേ ഇഷ്ടിക എറിഞ്ഞതിനെത്തുടർന്ന് കാസർകോട് സ്വദേശി വി.ജെ. ഷിബിയുടെ ചെവിക്ക് പരിക്കേറ്റു. 19-ന് വൈകീട്ട് അഞ്ചിനാണ് തീവണ്ടിയിൽനിന്ന് ചില്ലിന്റെ കുപ്പി എറിഞ്ഞതിനെത്തുടർന്ന് പേരാമ്പ്ര സ്വദേശി ആദിത്യന് പരിക്കേറ്റത്. തീവണ്ടിക്കുനേരേ ഏറുകൾ പതിവാണെങ്കിലും തീവണ്ടിയിൽനിന്ന് എറിഞ്ഞ സംഭവം ആദ്യമായാണ്.

ഇങ്ങനെ അതിവേഗം പോകുന്ന തീവണ്ടികളിൽനിന്ന്‌ എറിഞ്ഞാൽ ഏത് ബോഗിയിൽനിന്നാണെന്ന് കണ്ടുപിടിക്കാൻപോലും പ്രയാസമാണെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നു. സഹയാത്രക്കാർ അറിയിച്ചാൽമാത്രമേ ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരെ കണ്ടെത്താനാവൂ. ഒരുപക്ഷേ, ഒട്ടും ശ്രദ്ധിക്കാതെ എറിഞ്ഞതാവാനും സാധ്യതയുണ്ട്. എന്തായാലും ഇങ്ങനെ എറിയുന്നതായി കണ്ടാൽ കൂടെയുള്ള യാത്രക്കാർ തടയുകമാത്രമാണ് പോംവഴിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഈ വർഷം മൂന്നുതവണയോളം വന്ദേഭാരതിനുനേരേ കല്ലേറുണ്ടായി. ഏപ്രിൽ 17-ന് ഉപ്പള സ്റ്റേഷനടുത്തും സെപ്റ്റംബർ 25-ന് കളമശ്ശേരിയിലും ട്രെയിനിനുനേരേയുണ്ടായ കല്ലേറിൽ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. കളമശ്ശേരിയിൽ കല്ലെറിഞ്ഞ രണ്ടു പ്ലസ്ടു വിദ്യാർഥികളെ ആർപിഎഫ് പിടികൂടുകയും ചെയ്തു.

തീവണ്ടികൾക്കുനേരേ കല്ലെറിയുന്ന കേസുകളിൽ പിടിയിലാകുന്ന പ്രതികളിൽ കൂടുതലും ലഹരി ഉപയോഗിച്ചുംമറ്റും എറിയുന്നവരും സമൂഹവിരുദ്ധരുമാണെന്ന് അധികൃതർ പറയുന്നു. അതുപോലെ വെറും കൗതുകത്തിന്റെപുറത്ത് കുട്ടികൾ ചെയ്യുന്ന കേസുകളുമുണ്ട്. അതിവേഗം പോകുന്ന വന്ദേഭാരത് പോലുള്ള ട്രെയിനുകൾക്കുനേരേ വെറുതേ എറിയുന്ന സംഭവങ്ങളുമുണ്ട്. ഇത്തരം കേസുകളിൽ സിസിടിവി വഴിയും നാട്ടുകാർ അറിയിച്ചതനുസരിച്ചും മറ്റും പലപ്പോഴും പ്രതികളെ പിടികൂടാനാവാറുണ്ട്.

തീവണ്ടികളുടെ ഫൂട്ട്‌ബോഡിൽ ഇരിക്കുന്നവർ പ്രകോപിപ്പിക്കുന്നരീതിയിൽ പെരുമാറിയതുകാരണം എറിയുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബോധവത്കരണമല്ലാതെ ഇതിന് മറ്റ് വഴികളില്ലെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നു. ബാനറും ബോർഡും വെച്ചും മെഗാഫോൺ വഴി വിളിച്ചുപറഞ്ഞും പലവിധത്തിലുള്ള ബോധവത്കരണം സംഘടിപ്പിക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഒന്നും മനസ്സിലായില്ല, കൈനിറയെ ചോര...

പിഎസ്‌സി പരിശീലനത്തിന്റെ ഭാഗമായുള്ള കായികക്ഷമതാ പരിശീലനത്തിനായാണ് പേരാമ്പ്ര നൊച്ചാട് അടിയോടി വീട്ടിൽ എ.വി. ആദിത്യൻ(21) ഞായറാഴ്ച കണ്ണൂരിലേക്ക് പോയത്. തിരിച്ച് തീവണ്ടിയിൽ കൊയിലാണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ വന്നിറങ്ങി. പുറത്തേക്കിറങ്ങാൻ ഒന്നാം പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോഴാണ് കൊയിലാണ്ടിയിൽ സ്റ്റോപ്പില്ലാത്ത പോർബന്തർ എക്സ്പ്രസ് പാളത്തിലൂടെ ചീറിപ്പാഞ്ഞ് വന്നത്.

‘മുഖത്ത് ശക്തമായ അടിയേറ്റപോലെയാണ് തോന്നിയത്, ഒന്നും മനസ്സിലായില്ല. മുഖം പൊത്തിപ്പിടിച്ചു. കൈയിൽ നിറയെ ചോര’ -ആദിത്യൻ സുഹൃത്തുക്കളോട് പറഞ്ഞതിങ്ങനെ. അതിലേവന്ന ചിലരോട് സഹായം ചോദിച്ചെങ്കിലും ആരും നിന്നില്ല. ഫോൺ വിളിച്ചതിനെ തുടർന്ന് കൂട്ടുകാരെത്തിയാണ് ആദ്യം വടകരയിലെ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചത്. ചുണ്ടിനുതാഴെയുള്ള മുറിവിന് ഏഴ്‌ തുന്നലിടേണ്ടി വന്നു. രണ്ട് പല്ല് പൂർണമായും പോയി. ഒരു പല്ലിന് പൊട്ടലുമുണ്ട്. ദന്തൽകോളേജിൽ കാണിച്ചപ്പോൾ മുറിവുണങ്ങിയശേഷം ചികിത്സയ്ക്കായി എത്താനാണ് പറഞ്ഞതെന്ന് ആദിത്യന്റെ സുഹൃത്ത് ഷിജു പറഞ്ഞു.