ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സർക്കാരും കുറ്റവാളികളും തമ്മിൽ ഒത്തുകളിക്കുന്നെന്ന് കെ.കെ. രമ എംഎൽഎ. കുറ്റവാളികളുടെ ജാമ്യത്തേപ്പോലും സർക്കാർ എതിർക്കുന്നില്ലെന്ന് രമയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആരോപിച്ചു. എന്നാൽ, നിരുത്തരവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് രമ ഗാലറിക്കുവേണ്ടി കളിക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ ആരോപിച്ചു. രമ രാഷ്ട്രീയക്കാരിയാണെന്നും ഇപ്പോൾ കളിക്കുന്നത് രാഷ്ട്രീയമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

To advertise here,

ടി.പി. കേസിൽ ശിക്ഷിക്കപെട്ട ജ്യോതി ബാബുവിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകനും കെ.കെ. രമയുടെ സീനിയർ അഭിഭാഷകനും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായത്. ജാമ്യ ഹർജിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഇതുവരെ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ലെന്നും ജാമ്യത്തിനെ സർക്കാർ എതിർക്കുകപോലും ചെയ്യുന്നില്ലെന്നും രമയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് ആരോപിച്ചു. എന്നാൽ, താൻ കോടതിയിൽ വാപോലും തുറക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന് എതിരെ രമയുടെ അഭിഭാഷകന് എങ്ങനെ ആരോപണം ഉന്നയിക്കാനാകുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് തിരിച്ചടിച്ചു.

സർക്കാരും രമയും തമ്മിലുള്ള തർക്കത്തിൽ ബുദ്ധിമുട്ടുന്നത് ഞാൻ- ടി.പി. കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതി ബാബു

സംസ്ഥാന സർക്കാരും കെ.കെ. രമയും തമ്മിലുള്ള തർക്കത്തിൽ ബുദ്ധിമുട്ടുന്നത് തന്റെ കക്ഷിയായ ജ്യോതി ബാബു ആണെന്ന് സീനിയർ അഭിഭാഷകൻ എസ്. നാഗമുത്തു പറഞ്ഞു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോഴും സർക്കാർ അഭിഭാഷകനും രമയുടെ അഭിഭാഷകനും തമ്മിൽ തർക്കമുണ്ടായതുകാരണം കേസിൽ തീരുമാനം വൈകി. നിലവിൽ ഡയാലിസിസിന് വിധേയമായി ആശുപത്രിയിൽ കഴിയുന്ന ജ്യോതി ബാബുവിന് അടിയന്തിരമായി ജാമ്യം അനുവദിക്കണമെന്നും എസ്. നാഗമുത്തു ആവശ്യപ്പെട്ടു.

ഏഴ് ദിവസത്തിനുള്ളിൽ സർക്കാർ റിപ്പോർട്ട് നല്കണം, ജാമ്യഹർജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കും

ജ്യോതി ബാബുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ചും ചികത്സയെ സംബന്ധിച്ചുമുള്ള എല്ലാ വിശദാംശങ്ങളും ഒരാഴ്ചക്കുള്ളിൽ കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. സ്വകാര്യ ആശുപത്രിയിൽ ചികത്സ ആവശ്യമുണ്ടോ എന്നത് ഉൾപ്പടെയുള്ള കാര്യം വിശദീകരിച്ചാണ് റിപ്പോർട്ട് കൈമാറേണ്ടത്. ജ്യോതി ബാബുവിന് വേണ്ടി സീനിയർ അഭിഭാഷകൻ എസ്. നാഗമുത്തുവിന് പുറമെ അഭിഭാഷകൻ ജി. പ്രകാശും ഹാജരായി. കെ.കെ. രമയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ ആർ. ബസന്ത്, അഭിഭാഷകൻ എ. കാർത്തിക് എന്നിവരും സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ പി. ദിനേശ്, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരും ഹാജരായി.