ന്യൂഡൽഹി: തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയ കേസിൽ വിചാരണത്തടവുകാരനായി ആറര വർഷം ജയിലിൽ കഴിയേണ്ടിവന്നശേഷം കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകി. യു.പി. പോലീസിന്റെ അന്വേഷണത്തെയും പ്രോസിക്യൂഷനെയും കോടതി അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു.
'അന്വേഷണ നടപടിക്രമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് സംസ്ഥാന പോലീസിന് നന്നായിരിക്കും' എന്നും കോടതി പറയുകയുണ്ടായി. 'വെറും ഊഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ കെട്ടിച്ചമച്ച ഒരു കഥ കാരണം ഒരു വ്യക്തിയുടെ ജീവിതത്തിലെ ആറ് വർഷങ്ങളാണ് നഷ്ടപ്പെട്ടത്. പ്രാഥമികമായ ഒരന്വേഷണം പോലും നടന്നില്ല. ഏതുവിധേനയും പ്രതിയെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെ മാത്രമാകരുത് അന്വേഷണ ഏജൻസികളും പ്രോസിക്യൂഷൻ വിഭാഗങ്ങളും നിലനിൽക്കേണ്ടത്'-ബെഞ്ച് നിരീക്ഷിച്ചു.
ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. അനുചിതമായ ഒരു അന്വേഷണത്തിന് എങ്ങനെ ഒരാളുടെ ജീവിതവും സ്വാതന്ത്ര്യവും അപകടത്തിലാക്കാൻ സാധിക്കുമെന്ന് ഈ കേസ് വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇരകൾക്കും പരാതിക്കാർക്കും മാത്രമല്ല, കുറ്റക്കാരനാണെന്ന് തെളിയുംവരെ നിരപരാധിയായി കണക്കാക്കപ്പെടുന്ന പ്രതികൾക്കും നീതി ഉറപ്പാക്കാൻ അന്വേഷണ ഏജൻസികൾ പ്രവർത്തിക്കണമെന്ന് കോടതി പറഞ്ഞു.
‘കുറ്റാരോപിതനായ ഒരാൾ കുറ്റക്കാരനാണെന്ന് തെളിയുന്നതുവരെ നിരപരാധിയാണെന്ന് കരുതപ്പെടുമ്പോൾ, പ്രത്യേകിച്ച് പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാനത്തിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അന്വേഷണ, പ്രോസിക്യൂഷൻ ഏജൻസികൾ കേവലം ശിക്ഷ ഉറപ്പാക്കാൻവേണ്ടി മാത്രമുള്ളതല്ല, ഏത് മാർഗത്തിലൂടെയും അത് നടപ്പിലാക്കാനുള്ളതുമല്ല. ഇരയ്ക്കും പരാതിക്കാരനും പരിക്കേറ്റയാൾക്കും മാത്രമല്ല, പ്രതിക്കും നീതി ഉറപ്പാക്കിക്കൊണ്ട്, നീതിന്യായ വ്യവസ്ഥയിലെ പ്രധാന പങ്കാളികളാണ് തങ്ങൾ എന്ന് അവർ തിരിച്ചറിയണം. ഇത്തരം നീതിനിഷേധങ്ങൾ നമ്മൾ പല കാര്യങ്ങളിലും കാണാറുണ്ട്, എന്നാൽ ചിലതിൽ, ഈ കേസിലെന്നപോലെ വളരെ പ്രകടവും ഞെട്ടിക്കുന്നതുമാണ്.’- കോടതി പറഞ്ഞു.
ആഗ്രയിൽ 2019 ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസാണ് സംഭവത്തിനാസ്പദം. ഐപിസി 364 (കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകൽ), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഹർജിക്കാരനെ അറസ്റ്റ് ചെയ്തത്. 2019 നവംബർ 14 മുതൽ ഇയാൾ കസ്റ്റഡിയിലാണ്. ദീർഘകാലമായുള്ള തടങ്കലിൽ കഴിയുന്നതും കേസ് പൂർണമായും സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന കാര്യവും പരിഗണിച്ച്, 2026 മാർച്ചിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട്, മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി വിചാരണ കോടതിക്ക് നിർദേശം നൽകിയിരുന്നു.
വിചാരണയ്ക്കൊടുവിൽ ഹർജിക്കാരനെ കോടതി വെറുതെവിടുകയും ചെയ്തു. തുടർന്നാണ് പ്രോസിക്യൂഷൻ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് പരിശോധിക്കാൻ സുപ്രീം കോടതി വിചാരണക്കോടതിയുടെ വിധിന്യായത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടത്. വിവർത്തനം ചെയ്ത വിധിന്യായം പരിശോധിച്ച കോടതി, അന്വേഷണം നടന്ന രീതിയോടുള്ള തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തി. എഫ്.ഐ.ആറിലോ ക്രിമിനൽ നടപടിക്രമം സെക്ഷൻ 161 പ്രകാരം രേഖപ്പെടുത്തിയ പരാതിക്കാരന്റെ മൊഴിയിലോ ഹർജിക്കാരന്റെ പേര് ഉണ്ടായിരുന്നില്ല. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെയും കൂട്ടുപ്രതിയുടെ സമ്മതമൊഴിയുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്രതിചേർത്തത്. വിചാരണയ്ക്കിടയിൽ കൂട്ടുപ്രതി മരിച്ചു, മറ്റൊരു പ്രതിയായ അദ്ദേഹത്തിന്റെ മാതാവ് ഒളിവിലാണ്. വിചാരണ നേരിട്ട ഏക പ്രതി ഹർജിക്കാരനാണ്. അന്വേഷണം നടത്തിയ രീതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
'ഹർജിക്കാരനെതിരെ യാതൊരു തെളിവുമില്ലാതിരുന്നിട്ടും, വിചാരണത്തടവുകാരനായി അദ്ദേഹം ആറ് വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. അശ്രദ്ധമായ അന്വേഷണത്തെത്തുടർന്ന്, യാതൊരു കൃത്യതയുമില്ലാത്ത രീതിയിലാണ് പ്രോസിക്യൂഷൻ നടപടികൾ മുന്നോട്ട് കൊണ്ടുപോയത്; ഭാഗ്യവശാൽ, ഇത് പ്രതിയുടെ കുറ്റവിമുക്തിയിൽ കലാശിച്ചു. അന്വേഷണം നടത്തിയ രീതിയെയും പ്രോസിക്യൂഷൻ നടപടികളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഞങ്ങൾ ആദ്യം സൂചിപ്പിച്ചതുപോലെ, വിചാരണ പൂർത്തിയാക്കാൻ ഉത്തരവിട്ട ഒരു ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ഇവിടെ ഇടപെട്ടത്. ആ വിചാരണയിലൂടെ വിചാരണ നേരിട്ട ഏക പ്രതി വെറുതെ വിടപ്പെടുകയും ചെയ്തു. അന്വേഷണങ്ങൾ നടത്തുന്ന രീതിയെക്കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകാൻ മാത്രമാണ് ഞങ്ങൾ വിധിന്യായം പരിശോധിക്കാൻ വിലയേറിയ സമയം ചെലവഴിച്ചത്. അന്വേഷണ പ്രക്രിയയിൽ തങ്ങളുടെ ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കാൻ സംസ്ഥാന പോലീസ് തയ്യാറാകണം'- സുപ്രീംകോടതിയുടെ വിധിന്യായത്തിൽ പറയുന്നു.
Content Highlights: Supreme Court ordered Uttar Pradesh government to pay Rs 6 lakh compensation., The individual spent 6.5 years as an undertrial prisoner before being acquitted., Court severely criticized UP Police and prosecution for flawed investigation and fabricated cases., Emphasized that justice must be ensured for the accused as well until proven guilty.
Published: 26 Oct 2026, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented