തിരുവനന്തപുരം: സമീപത്തെ ഷാപ്പിൽനിന്ന്‌ കള്ളുവാങ്ങി അതിഥികൾക്ക് വിൽക്കാൻ സ്റ്റാർഹോട്ടലുകൾക്ക് പുതിയ മദ്യനയത്തിൽ അനുമതി. കള്ളുചെത്ത് മേഖലയെ പ്രോത്സാഹിപ്പിക്കാനാണിതെന്ന് മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

ത്രീസ്റ്റാറോ അതിനുമുകളിലോ ഉള്ള ഹോട്ടലുകൾക്കും വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കും സ്ഥാപനത്തിന്റെ എക്സൈസ് റെയിഞ്ച് പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഷാപ്പുകളിൽനിന്ന്‌ കള്ളുവാങ്ങാം. ഇതിനായി പ്രത്യേക പെർമിറ്റ് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറിൽനിന്ന്‌ വാങ്ങണം. ഫീസ് നൽകണം.

നക്ഷത്രഹോട്ടലുകൾക്ക് സ്വന്തംവളപ്പിലെ തെങ്ങിൽനിന്ന്‌ കള്ളുചെത്തി അതിഥികൾക്ക് വിൽക്കാൻ നേരത്തേ അനുമതിനൽകിയിരുന്നെങ്കിലും പ്രായോഗികബുദ്ധിമുട്ടുകൾ കാരണം ആരും അപേക്ഷിച്ചിരുന്നില്ല. ഒന്നാം തീയതി ഡ്രൈഡേ കാരണം ടൂറിസം മേഖലയിൽ വലിയ നഷ്ടമുണ്ടാകുന്നുണ്ട്. ഡ്രൈഡേ കൊണ്ടുവന്നപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ടോഡി പാർലറുകൾ

സർക്കാർ അംഗീകൃത വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കള്ളുവ്യവസായ വികസനബോർഡിന് ത്രീസ്റ്റാറോ അതിന് മുകളിലേക്കോയുള്ള ഹോട്ടലുകളിൽ ടോഡി പാർലറുകൾ സ്ഥാപിക്കാം. ആ റെയിഞ്ച് പരിധിയിലുള്ള ഷാപ്പുകളിൽനിന്ന്‌ കള്ളുവാങ്ങി അതിഥികൾക്ക് വിൽക്കാം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറാണ് അനുമതിനൽകേണ്ടത്. ലിറ്ററിന് രണ്ടുരൂപ സർക്കാരിന് പെർമിറ്റ് ഫീസ് നൽകണം.

ലേലത്തിൽപോകാത്ത ഷാപ്പുകൾ കള്ളുവ്യവസായ വികസന ബോർഡിനും ടോഡി ഷോപ്പ് വർക്കേഴ്‌സ് ആൻഡ് ടാപ്പേഴ്‌സ് സഹകരണസംഘങ്ങൾക്കും കൈമാറും.

പുതിയ ബാറുകൾക്കടുത്ത് ബെവറജസ് വേണ്ടാ -മന്ത്രി

ബെവറജസ് കോർപ്പറേഷൻ കൂടുതൽ മദ്യവിൽപ്പനകേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, പുതിയ ബാറുകൾ തുടങ്ങുമ്പോൾ അതിനടുത്ത് തുടങ്ങേണ്ടതില്ല. കൂടുതൽ ബാറുകൾ തുറന്നതുകൊണ്ട് മദ്യ ഉപഭോഗം വർധിച്ചിട്ടില്ല.

കടലിലും മദ്യമെത്തും

ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ്ങിൽനിന്ന്‌ ഐആർഎസ് ക്ലാസുള്ളതും കേരള മാരിടൈം ബോർഡിൽ രജിസ്റ്റർചെയ്തിട്ടുള്ളതുമായ സ്വകാര്യകപ്പലുകളിൽ യാത്രക്കാർക്ക് മദ്യം വിളമ്പാൻ ലൈസൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു.

ഡ്രൈ ഡേയിൽ മദ്യംകിട്ടാൻ ചട്ടം വരണം

തിരുവനന്തപുരം: ഒന്നാംതീയതി ഡ്രൈഡേ ഒഴിവാക്കി മദ്യസത്കാരങ്ങൾക്ക് ഏകദിന പെർമിറ്റ് നൽകാൻ തീരുമാനിച്ചെങ്കിലും പ്രാവർത്തികമാകാൻ സമയമെടുക്കും. ബുധനാഴ്ച പ്രഖ്യാപിച്ച മദ്യനയത്തിന്റെ ഉത്തരവ് വ്യാഴാഴ്ച ഇറങ്ങിയെങ്കിലും അബ്കാരിചട്ടം ഭേദഗതിചെയ്ത് വ്യവസ്ഥകൾക്ക് അന്തിമരൂപമായിട്ടേ എക്സൈസ് അപേക്ഷ സ്വീകരിക്കൂ.

ടൂറിസംവകുപ്പിന്റെ അംഗീകാരമുള്ള ത്രീസ്റ്റാറും അതിനുമുകളിലേക്കുമുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ക്ലാസിക് റസ്റ്ററന്റുകൾ എന്നിവയ്ക്കാണ് മദ്യസത്കാരത്തിന് അനുമതി. മൈസ് ടൂറിസത്തിന്റെ ഭാഗമായ ബിസിനസ് സമ്മേളനങ്ങൾ, ഡെസ്റ്റിനേഷൻ വെഡ്ഡിങ്, കോൺഫറൻസുകൾ എന്നിവയിൽ 50,000 രൂപനൽകി ഒന്നാംതീയതികളിൽ മദ്യം വിളമ്പാം. ബാർ റൂമിലെപോലെ ബിൽ വെച്ചുള്ള മദ്യവിൽപ്പന പാടില്ല. പാർട്ടിഹാളിൽ മദ്യംനൽകാം. നിലവിലെ സമയപരിധി പാലിക്കണം. ആവശ്യമുള്ള മദ്യത്തിന്റെ അളവ് എക്സൈസിനെ അറിയിച്ചുവേണം പെർമിറ്റെടുക്കാൻ. അതുപ്രകാരം ബെവറജസ് കോർപ്പറേഷൻ വെയർഹൗസിൽനിന്ന് മദ്യം വാങ്ങാം.