നെടുമങ്ങാട്: രക്ഷിതാക്കൾ തമ്മിലുള്ള തർക്കങ്ങൾക്കും വടംവലികൾക്കുമൊടുവിൽ അതിക്രൂരമായാണ് ഒരു കുരുന്നുജീവൻ ഇല്ലാതായത്. പനവൂരിൽ താമസിക്കുന്ന അഖിലയുടെ ഒന്നരവയസ്സുകാരൻ മകൻ അർഷിത് രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂരമർദനങ്ങളേറ്റാണ് മരണത്തിന് കീഴടങ്ങിയത്.
ചുള്ളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ അഖിലാണ് അഖിലയെ ആദ്യം വിവാഹം കഴിച്ചത്. രണ്ടുവർഷം മുമ്പ് അഖിൽ മരണപ്പെട്ടു. ആ സമയം അഖില ഗർഭിണിയായിരുന്നു. ഭർതൃവീട്ടുകാരുമായി സഹകരണത്തിലല്ലായിരുന്ന അഖില, ആറുമാസമാകുംമുമ്പേ കുഞ്ഞിനെ തന്റെ അമ്മ റീനയെ ഏൽപ്പിച്ചു. സാമൂഹികാരോഗ്യകേന്ദ്രത്തിലെ താത്കാലിക ജീവനക്കാരിയായ റീനയ്ക്ക് കുഞ്ഞിനെ വേണ്ടവിധം നോക്കാൻ കഴിയാത്തതിനെച്ചൊല്ലി അഖിലയുമായി വഴക്കും ബഹളവും ഉണ്ടായിരുന്നു. തുടർന്ന് റീന കുഞ്ഞിനെ നെടുമങ്ങാട് പോലീസിൽ എത്തിച്ച് പരാതി നൽകി. പോലീസ് അഖിലയെ വിളിച്ചുവരുത്തി കുഞ്ഞിനെ ഏൽപ്പിച്ചു. തുടർന്നും ഇതിന്റെ പേരിൽ കേസും വഴക്കും തുടർന്നു. ഇതിനിടെ കുഞ്ഞിനെ ക്രൂരമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്യുന്നുവെന്ന വിവരം പുറത്തുവന്നെങ്കിലും ആരും യഥാസമയം പ്രതികരിച്ചില്ലെന്നുമറിയുന്നു.
രണ്ടാഴ്ചമുമ്പ് കുഞ്ഞിന്റെ കൈകൾ മർദനമേറ്റ് ഒടിഞ്ഞുവെന്നറിഞ്ഞ് അഖിലിന്റെ അച്ഛൻ സുനിൽ പോലീസിൽ കേസ് നൽകി. കുഞ്ഞിനെ തങ്ങൾക്ക് വിട്ടുതരണമെന്നായിരുന്നു സുനിലിന്റെയും കുടുംബത്തിന്റെയും ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ അഖില തയ്യാറായില്ല. തുടർന്ന് സമാവായചർച്ചയിൽ കുഞ്ഞിനെ അപ്പൂപ്പൻ സുനിലിന് വിട്ടുകൊടുക്കാമെന്ന് തീരുമാനമായി. ഇതിനിടയിലും ഒന്നരവയസ്സുകാരന് മർദനമേറ്റിരുന്നതായി സമീപവാസികളും പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആഹാരം കഴിക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്കർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്ന് ഡിവൈ.എസ്.പി ബൈജു കുമാർ പറഞ്ഞു.
അർഷിതിന്റെ ശരീരത്തിലാകെ പൊള്ളലേറ്റ പാടുകളും മുറിവുകളും നെഞ്ചിൽ ആഴത്തിലുള്ള ക്ഷതവുമുണ്ടായിരുന്നു. ഇതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. രണ്ട് കൈയും പ്ലാസ്റ്ററിട്ട നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
അഖിൽ മരിച്ചശേഷമാണ് അഷ്‌കറിനൊപ്പം അഖില താമസിക്കാൻ തുടങ്ങിയത്. ആറുമാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ അഖില അമ്മ റീനയെ ഏൽപ്പിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ സംരക്ഷിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കും പോലീസ് കേസും വരെയുണ്ടായി. ഭർതൃവീട്ടുകാരുമായി അകൽച്ചയിലായിരുന്ന അഖില കുഞ്ഞിനെ അവർക്ക് കൈമാറാൻ തയ്യാറായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പരിസരവാസികൾ വന്നു നോക്കിയപ്പോൾ കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു. ഈ സമയം അഖില വീട്ടിലില്ലായിരുന്നു. രണ്ടു കൈയിലും പ്ലാസ്റ്റർ ഇട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ അഷ്കർ വ്യക്തമായ മറുപടി നൽകിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടെ അഷ്കർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി.
നാട്ടുകാർ അഖിലിന്റെ ബന്ധുക്കളെ സംഭവം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. അർഷിതിന്റെ മൃതദേഹം അഖിലിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി.
Content Highlights: A tragic incident in Panavoor, Nedumangad, where a toddler died following brutal abuse by his mother and stepfather.
Published: 31 May 2026, 06:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented