കണ്ണൂർ: സിപിഎം ഇതുവരെ ഒരു തെറ്റും തിരുത്തിയതായി അറിയില്ലെന്ന് ടി.കെ ഗോവിന്ദൻ എം.എൽ.എ. തിരുത്തുമായിരുന്നെങ്കിൽ ബംഗാളിലും ത്രിപുരയിലുമെല്ലാം പാർട്ടി തിരിച്ചുവരില്ലേയെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
അത്രവേഗത്തിൽ തെറ്റ് തിരുത്തുന്ന പാർട്ടിയല്ല സിപിഎം. സിപിഎം അഖിലേന്ത്യ പാർട്ടിയല്ലേ, കേരളത്തിൽ അല്ലല്ലോ സിപിഎം ആദ്യമായി പരാജയം നേരിട്ടത്. ത്രിപുരയിലും ബംഗാളിലുമെല്ലാം പാർട്ടി പരാജയപ്പെട്ടപ്പോൾ ജനവിശ്വാസം വീണ്ടെടുക്കാനും തെറ്റുതിരുത്താനും പാർട്ടിയുടെ കേന്ദ്രകമ്മിറ്റി എന്താണ് ചെയ്തിട്ടുള്ളത്. ഒരു സീറ്റിലേക്ക് പോലും തിരിച്ചുവരാൻ പറ്റാത്ത ബംഗാളിലല്ലേ പാർട്ടി ആദ്യം തെറ്റുതിരുത്തേണ്ടത്. എന്താണ് ചെയ്തത്? കേരളത്തിൽ ഇതേ അവസ്ഥയുണ്ടായപ്പോൾ പലതും ചെയ്യുന്നു. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ഘട്ടത്തിൽ ജനങ്ങളെ ആശ്വസിപ്പിക്കാൻ ഇത്തരത്തിലുള്ള പണികൾ എപ്പോഴും ചെയ്തിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല, ഇതിനുമുൻപ് പ്ലീനങ്ങൾ ചേർന്നിട്ടുണ്ട്, പ്രത്യേക സമ്മേളനങ്ങൾ ചേർന്നിട്ടുണ്ട്. എന്നിട്ടും ചർച്ച ചെയ്ത് കണ്ടെത്തിയ ഒരു തെറ്റും ഇതുവരെ തിരുത്തിയിട്ടില്ല. തെറ്റുകൾ തിരുത്തിത്തുടങ്ങേണ്ടത് നേതൃത്വത്തിൽനിന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വതന്ത്രമായ അഭിപ്രായം പറയാൻ കഴിയുന്ന ആളാണ് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ എന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി സെക്രട്ടറി അപ്രസക്തമായിരുന്നു. മുഖ്യമന്ത്രിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന പാർട്ടി സെക്രട്ടറി ആയിരുന്നു ഇവിടെയുണ്ടായിരുന്നത്. അതാണ് പാർട്ടിക്ക് വന്ന തകർച്ചയുടെ അടിസ്ഥാനം. ഭരണപരമായ കാര്യങ്ങളിലെ പോരായ്മകളും ന്യൂനതകളും പാർട്ടിയുടെ ചർച്ചയിൽ നടന്നിട്ടില്ല. ഭരിക്കുന്നവർ മാത്രമാണ് അത് ചർച്ച ചെയ്തിരുന്നത്. പിണറായിയുടെ മുൻപിൽ ഓച്ഛാനിച്ചുനിൽക്കുന്ന പാർട്ടി സെക്രട്ടറിയാണ് സിപിഎമ്മിനുള്ളത്. പാർട്ടിയുടെ അപചയത്തിനുള്ള കാരണവും അതാണ്. പാർട്ടിയെ നോക്കുകുത്തിയാക്കുന്ന നിലപാടാണ് അന്ന് ഭരിക്കുന്നവർ ചെയ്തത്. ജനവിരുദ്ധ നടപടികളിലടക്കം ചർച്ചയുണ്ടായാലേ പാർട്ടിക്കും സർക്കാരിനും നിലനിൽപ്പുണ്ടാവുകയുള്ളൂ. എന്നാൽ ഉൾപ്പാർട്ടി ജനാധിപത്യമില്ലാത്ത പാർട്ടിയാണിത്. പാർട്ടിയിലെ കരുത്തുറ്റ നേതാവായിരുന്നു പിണറായി. എന്നാൽ ഇപ്പോൾ ദുർബലനായിപ്പോയി. ഇന്ന് ശക്തമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. എന്താണ് അതിനുകാരണമെന്നും പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.ഡിയുടെ ഭാഗത്തുനിന്നുള്ളത് നിഷ്പക്ഷ അന്വേഷണമല്ലെന്നും ടി.കെ ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ബിജെപി ഇ.ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുകയാണ്. അന്വേഷണം നടത്തി കുറ്റവാളികളെ നിയമനടപടികളിലൂടെ കണ്ടെത്തുകയാണ് വേണ്ടത്. അതിനുപകരം രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിക്കുകയല്ല വേണ്ടത്. അതാണ് കോൺഗ്രസിന്റെ നിലപാട്. അത് താനും ആവർത്തിക്കുകയാണ്. അത് പിണറായിയോടുള്ള മൃദുസമീപനമല്ല, ഇ.ഡിയെ കുറിച്ചുള്ള തന്റെ അഭിപ്രായമാണെന്നും അദ്ദേഹം വിശദീകരിച്ചു.
Content Highlights: TK Govindan states CPM has never corrected its mistakes, citing losses in Bengal and Tripura., Criticizes the party secretary for being subservient to the Chief Minister., Alleges lack of internal party democracy and accountability., Comments that ED investigations are politically motivated by the BJP.
Published: 15 Sept 2026, 10:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented