തൃശ്ശൂർ: കൈകാണിച്ചിട്ടും ബൈക്ക് നിർത്താത്തതിന് 21-കാരനായ ചുമട്ടുതൊഴിലാളിക്ക് പോലീസിന്റെ ക്രൂരമർദനം. പോലീസ് വിളിപ്പിച്ചതനുസരിച്ച് തൃശ്ശൂരിലെ നെടുപുഴ സ്റ്റേഷനിൽ പിതാവിനോടൊപ്പം ഹാജരായപ്പോഴാണ് ഒഴിഞ്ഞ മുറിയിൽ കയറ്റി എസ്‌ഐ മർദിച്ചത്. വീട്ടിലേക്ക് മടങ്ങും വഴി വായിൽനിന്ന് ചോര വന്ന യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൂടുതൽ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

To advertise here,

കണിമംഗലം പുല്ലാനി ഷോബിയുടെ മകനും തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്‌സിൽ സി.ഐ.എ.ടി.യു. വിഭാഗം ചുമട്ടുതൊഴിലാളിയുമായ പി.എസ്. അഭിഷേകാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച രാവിലെ പത്തിനാണ് അഭിഷേകും സുഹൃത്തും ബൈക്കിൽ യാത്ര ചെയ്തത്.

പോലീസ് കൈനീട്ടിയെങ്കിലും സുഹൃത്ത് ഹെൽമെറ്റ് ധരിക്കാതിരുന്നതിനാൽ ഭയന്ന് ബൈക്ക് നിർത്തിയില്ല. വൈകീട്ട് ഷോബിയെ പോലീസ് വിളിച്ച് മകനെ സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന ഷോബി മകനുമായി വ്യാഴാഴ്ച രാവിലെ 10.30-ന് സ്റ്റേഷനിലെത്തി. പോലീസ് മേലധികാരികൾക്കും ആഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്ന വിവരങ്ങൾ:

അനിൽ എന്ന സിവിൽ പോലീസ് ഓഫീസർ അഭിഷേകിനെ വലിച്ചിഴച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടു പോയി. കിരൺ എന്ന സബ് ഇൻസ്പെക്ടർ അഭിഷേകിനെ ആറു മണിക്കൂറോളം സ്റ്റേഷനിൽ നിർത്തി. വെള്ളം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. മകനെത്തേടി ഉള്ളിലേക്കെത്തിയ പിതാവിനെ ഭീഷണിപ്പെടുത്തി. പിഴയായി 6500 രൂപ ഇട്ട ശേഷം എസ്‌ഐ കിരൺ സ്റ്റേഷന്റെ പടിഞ്ഞാറുള്ള മുറിയിലേക്ക് കൊണ്ടുപോയി മർദിച്ചു.

മുട്ടുകാൽ കൊണ്ട് വാരിയെല്ലിന് മർദിച്ചു. ഇരുചെവികളിലും അടിച്ചു. ആരോടെങ്കിലും പരാതിപ്പെട്ടാൽ മയക്കുമരുന്നു കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചെറിയ രണ്ടു കുപ്പികൾ കീശയിലിട്ട് ഇതിനുള്ളിൽ മയക്കുമരുന്നാണ്, ഇതേപോലെ പൂട്ടും എന്നും ഭീഷണിപ്പെടുത്തി. മകനെത്തേടി ആ മുറിയിലേക്കെത്തിയ ഷോബിക്കെതിരേ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസുമെടുത്തു.

ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ എക്‌സ്‌റേയിൽ വാരിയെല്ലിലും മുതുകിലും മുഖത്തും ചതവ് കണ്ടെത്തി. രണ്ടു മാസം വിശ്രമം വേണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. എം.ആർ.ഐ ഉൾപ്പെടെയുള്ള പരിശോധനകളും ചികിത്സയും വേണമെന്ന് കണ്ടെത്തിയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. അമ്മയുടെ മരണത്തോടെ പഠനം നിർത്തേണ്ടി വന്നാണ് ചുമട്ടുതൊഴിലാളിയായത്.

മർദിച്ചിട്ടില്ല- എസ്.ഐ.

കേസുമായി ബന്ധപ്പെട്ട് ആരേയും മർദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് നെടുപുഴ പോലീസ് എസ്‌ഐ കിരൺ പ്രതികരിച്ചു.