
തൃശ്ശൂര്‍: ലഹരി ഉപയോഗവും സ്ത്രീവിരുദ്ധതയുമുള്‍പ്പെടെ സാമൂഹികവിരുദ്ധതയ്ക്ക് വാഹനങ്ങളിലൂടെ പരസ്യപ്രചാരണം. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ലോറികള്‍ എന്നിവയുടെ പിന്‍ഭാഗമാണ് ഇത്തരം നിയമവിരുദ്ധ കാര്യങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഇതിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ സാധിക്കുന്നുമില്ല. 250 രൂപ പിഴമാത്രമെ ചുമത്താനാകൂയെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. എക്സൈസിനും കാര്യമായ നടപടി സാധിക്കുന്നില്ല. യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസിന് കേസ് എടുക്കാമെങ്കിലും ജാമ്യം കിട്ടുന്ന വകുപ്പാണിത്. ഇതുകൊണ്ടുതന്നെ ഇത്തരം കുറ്റങ്ങളില്‍ നടപടിയെടുക്കുന്നതു കുറയുകയും ചെയ്യുന്നു.
പല വാഹനങ്ങളിലും കഞ്ചാവ് ഇലയുടെ ചിത്രങ്ങള്‍ കാണാറുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. പുതുതലമുറയെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുംവിധമുള്ള ആശയങ്ങളാണ് ഇതോടൊപ്പമുണ്ടാകുക. പണം, അധികാരം, സ്ത്രീ, മയക്കുമരുന്ന്... എന്നിങ്ങനെ മുദ്രാവാക്യംപോലെ വാഹനത്തിനു പിന്നില്‍ കുറിച്ചിട്ടതും കാണാം. പൊതുവാഹനമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകളിലും ഇത്തരം സന്ദേശങ്ങള്‍ കാണാറുണ്ട്. താക്കീതുനല്‍കി അവ നശിപ്പിക്കുക എന്ന രീതിയാണ് മോട്ടോര്‍വാഹനവകുപ്പ് സ്വീകരിക്കുന്നത്. എവിടെയെങ്കിലും നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ കണ്ടാല്‍മാത്രമാണ് നടപടിയെടുക്കുന്നത്. പിന്തുടര്‍ന്ന് പിടിക്കല്‍ അപകടസാധ്യതമൂലം നടക്കുന്നുമില്ല.
ഇരുചക്രവാഹനങ്ങളിലും കഞ്ചാവുചെടിയുടെ ചിത്രങ്ങള്‍ ധാരാളം കാണാറുണ്ട്. ഇത്തരമൊന്ന് പിടികൂടി നീക്കംചെയ്യവേ വാഹന ഉടമയായ യുവാവ് ദൃശ്യം ചിത്രീകരിച്ചു. റീല്‍സായിരുന്നു ലക്ഷ്യം. അധികൃതര്‍ ഇതിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് അയാള്‍ പിന്‍വാങ്ങിയത്. ഇതുകൂടാതെ വാഹനത്തിന്റെ പിന്നില്‍ തെറിവാക്കുകള്‍ എഴുതിവെക്കുന്നവരും ഉണ്ട്. ടിപ്പര്‍ ലോറികളിലും ഇത്തരം എഴുത്തുകള്‍ കാണാറുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലതെങ്കിലും ഇംഗ്ലീഷിലാണെന്നതാണ് ചെറിയ ആശ്വാസം. ലഹരിവസ്തുക്കളെ പിന്തുണയ്ക്കുന്ന സന്ദേശങ്ങള്‍ അടങ്ങിയ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഒരുസമയത്ത് സക്രിമായിരുന്നു.
ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ല
ബൈക്കുകളിലാണ് ഇത്തരം സന്ദേശങ്ങള്‍ കൂടുതല്‍. ഓട്ടോറിക്ഷകളിലായാലും മറ്റു വാഹനങ്ങളിലായാലും ലഹരിയെ പ്രോത്സാഹിപ്പിക്കുന്നതിനെതിരേ ശക്തമായി രംഗത്തുവരും. ലഹരിക്കെതിരേ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ളവ നടത്തുന്നുണ്ട്. ലഹരിവിരുദ്ധ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം തുടരുമെന്നും ബിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം എ.സി. കൃഷ്ണന്‍ പറഞ്ഞു.
കൃത്യമായ പിഴയില്ല
ഇത്തരം സ്റ്റിക്കറുകള്‍ക്കെതിരേ നിയമത്തില്‍ കൃത്യമായ പിഴയില്ല. സമൂഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടും മോട്ടോര്‍നിയമലംഘനവും എല്ലാം ഉള്‍പ്പെടുത്തിയാണ് ഇതിനെതിരേ നടപടിയെടുക്കുന്നത്. പൊതുജനം ഇത്തരം പ്രവണതകള്‍ക്കെതിരേ പ്രതികരിച്ചാല്‍ നടപടിക്ക് കുറച്ചുകൂടി എളുപ്പമുണ്ട്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പയസ് ഗിറ്റ് പറഞ്ഞു.
Content Highlights: Vehicle Graffiti Promoting Drugs & Misogyny in Thrissur
Published: 25 Mar 2025, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented