ഫ്ഗാനിസ്ഥാനിൽ ഗാർഹികപീഡനം നിയമപരമാക്കാനുള്ള താലിബാൻ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. കഴിഞ്ഞദിവസമാണ് സ്ത്രീവിരുദ്ധമായ പുതിയ ക്രിമിനൽ നിയമം താലിബാൻ അവതരിപ്പിച്ചത്. ഭാര്യയേയും മക്കളേയും ശാരീരികമായി ശിക്ഷിക്കാൻ പുരുഷന്മാർക്ക് അധികാരം നൽകുന്ന തരത്തിലാണ് നിയമം.

To advertise here,

'എല്ലൊടിയാതെ ഭാര്യയെ മർദിക്കുന്നത് താലിബാൻ നിയമപരമാക്കി. ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ പോയാൽ അവളെ മൂന്ന് മാസം ജയിലിലിടും. ഇതിനെ നിരുപാധികം അപലപിക്കണമെന്ന് ഞാൻ ഇന്ത്യയിലെ മുഫ്തികളോടും മുല്ലകളോടും അഭ്യർഥിക്കുകയാണ്. കാരണം, ഇതെല്ലാം മതത്തിന്റെ പേരിലാണ് ചെയ്യുന്നത്.' -ജാവേദ് അക്തർ പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സിലാണ് അദ്ദേഹം ഇക്കാര്യം പോസ്റ്റ് ചെയ്തത്.

താലിബാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ ഒപ്പിട്ട പുതിയ നിയമപ്രകാരം കുറ്റവാളി സ്വതന്ത്രനാണോ അതോ അടിമയാണോ എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത തലത്തിലുള്ള ശിക്ഷകളാണ് ലഭിക്കുക. ബലപ്രയോഗം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രത്യക്ഷമായ അസ്ഥിഭംഗമോ മുറിവുകളോ വരുത്തിയാൽ ഭർത്താവിന് 15 ദിവസത്തെ ജയിൽശിക്ഷ മാത്രമേ ലഭിക്കൂ. കൂടാതെ, കോടതിയിൽ ഇക്കാര്യം തെളിയിക്കാൻ സ്ത്രീക്ക് സാധിച്ചാൽ മാത്രമേ പുരുഷൻ ശിക്ഷിക്കപ്പെടുകയുള്ളൂ. ശരീരം പൂർണമായി മറച്ച് മുറിവുകൾ കോടതിയിൽ പ്രദർശിപ്പിക്കണം എന്നാണ് വ്യവസ്ഥ. പരാതിക്കാരിയുടെ ഭർത്താവോ പുരുഷനായ ഒരു സംരക്ഷകനോ പരാതിക്കാരിയോടൊപ്പം കോടതിയിൽ ഉണ്ടാകണം. മറുവശത്ത്, ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീയ്ക്ക് മൂന്നുമാസം വരെ ജയിൽശിക്ഷ ലഭിക്കാം.

നിയമത്തിന്റെ 9-ാം അനുച്ഛേദം അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു- മതപണ്ഡിതന്മാർ (ഉലമ), ഉന്നതർ (അഷ്റഫ്), ഇടത്തരം വർഗം, താഴ്ന്ന വർഗം. ഒരേ കുറ്റത്തിനുള്ള ശിക്ഷ കുറ്റത്തിന്റെ സ്വഭാവമോ ഗൗരവമോ അനുസരിച്ചല്ല മറിച്ച് പ്രതിയുടെ സാമൂഹികനില അനുസരിച്ചാണ് തീരുമാനിക്കുന്നത്. ഒരു ഇസ്ലാമിക മതപണ്ഡിതൻ കുറ്റം ചെയ്താൽ ഉപദേശം മാത്രമായിരിക്കും ശിക്ഷ. കുറ്റവാളി ഉന്നത വിഭാഗത്തിൽ പെട്ടയാളാണെങ്കിൽ കോടതിയിലേക്ക് സമൻസ് അയക്കുകയും ഉപദേശം നൽകുകയും ചെയ്യും. ഇടത്തരം വർഗക്കാർക്ക്, ഇതേ കുറ്റത്തിന് തടവുശിക്ഷ ലഭിക്കുന്നു. എന്നാൽ താഴ്ന്ന വർഗത്തിൽപ്പെട്ട വ്യക്തികൾക്ക് തടവുശിക്ഷയും ശാരീരികശിക്ഷയും ലഭിക്കും. ഗുരുതരമായ കുറ്റങ്ങൾക്ക് ശാരീരികശിക്ഷ നൽകുന്നത് ഇസ്ലാമിക പുരോഹിതരായിരിക്കും.