തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ആനകൾക്ക് നൽകാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 'എടുത്തു കൊണ്ട് പോടാ പട്ട' എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തൃശ്ശൂർ പൂരം  അലങ്കോലമായത് പോലീസിന്‍റെ അമിത ഇടപെടൽ മൂലമാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

To advertise here,

കടത്തിവിടാൻ കമ്മിഷണര്‍ അനുവദിക്കാത്തതിനെ തുടർന്ന് ആനയ്ക്ക് പട്ടയുമായി പോകേണ്ടതുണ്ടെന്ന് കമ്മറ്റിക്കാർ പോലീസിനെ പറഞ്ഞ് മനസ്സിലാക്കിയതോടെയാണ് ഇവരെ പ്രവേശിപ്പിച്ചത്. പട്ടയ്ക്ക് പിന്നാലെ കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. 

കമ്മിഷണറെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ കമ്മറ്റിക്കാരുടെ നേതൃത്വത്തിലുള്ളവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അകത്തേക്ക് കടത്തിവിടാനാകില്ലെന്ന കർക്കശ നിലപാടിലായിരുന്നു അദ്ദേഹം. ഉള്ളിൽ സ്ഥലമില്ലെന്നായിരുന്നു കമ്മിഷണറുടെ വാദം. കുടമാറ്റം വേണ്ടെന്ന് പോലീസ് പറയുമോ എന്ന് ചുറ്റുമുള്ളവർ പരിഹസിക്കുന്നതും വീഡിയോയിൽ കേൾക്കാം. പിന്നീട്, ഇവരേയും അകത്ത് പ്രവേശിപ്പിച്ചു. 

അമിതനിയന്ത്രണത്തിലൂടെ പോലീസ് തൃശ്ശൂർ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന പരാതിക്കു പിന്നാലെയാണ് വീഡിയോ പുറത്തുവരുന്നത്. വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആൾവരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോൾ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിച്ചിരുന്നു. പോലീസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് കടുത്ത തീരുമാനമെടുത്തത്.

പൂരം ചെറിയ ചടങ്ങാക്കാൻ തീരുമാനിച്ചതോടെ രാത്രി 11.30-നുതുടങ്ങി രണ്ടിന് അവസാനിക്കേണ്ട തിരുവമ്പാടിയുടെ പഞ്ചവാദ്യം ഒന്നരയോടെ അവസാനിപ്പിച്ചു. ഒമ്പത് ആനകൾ അണിനിരന്നത് ഒന്നാക്കി. പന്തലുകളിലെ ദീപാലങ്കാരം അണച്ചു. വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. പൂരചരിത്രത്തിൽ ഇതാദ്യമായിരുന്നു ഈ വിധത്തിലുള്ള പ്രതിസന്ധി.

പോലീസ് കമ്മിഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിൽ വെടിക്കെട്ടുസ്ഥലത്തുനിന്ന്‌ ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിന് വഴിവച്ചിരുന്നു. പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടിന് രാത്രി പത്തരയ്ക്കുതന്നെ റോഡ് അടച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തിരുവമ്പാടി ഭാഗത്തുനിന്ന്‌ റൗണ്ടിലേക്കുള്ള എല്ലാവഴികളും അടച്ചു. തിരുവമ്പാടിയുടെ രാത്രി പഞ്ചവാദ്യത്തിന് ദേശക്കാർക്കുപോലും എത്താനാകാത്ത സ്ഥിതിയുണ്ടായി.

പല ജില്ലകളിൽനിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ തൃശ്ശൂർ റൗണ്ടിനുചുറ്റും അനിശ്ചിതത്വംപേറി കാത്തുനിന്നു. കുറേപ്പേർ തിരിച്ചുപോയി. വെടിക്കെട്ടുപുര തുറക്കാൻപോലും കമ്മിഷണർ അനുവദിച്ചില്ലെന്നാണ് സംഘാടകർ പറയുന്നത്. വെടിക്കെട്ടുണ്ടാകുമോ എന്നുപോലും സംശയമായി.

പ്രശ്നങ്ങളെത്തുടർന്ന് ചിലയിടത്ത് ജനക്കൂട്ടം പോലീസിനുനേരെ ‘ഗോബാക്ക്’ വിളിച്ചു. ജനം സംയമനംപാലിച്ചതുകൊണ്ടുമാത്രമാണ് വലിയ സംഘർഷമോ അപകടമോ ഉണ്ടാകാതിരുന്നത്. ഒടുവിൽ രാവിലെ ഏഴിന് ശേഷമാണ് പാറമേക്കാവും തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തുന്നത്.