തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിലും അതിനു മുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃശ്ശൂർ നഗരത്തിൽ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് സിപിഎം സമഗ്രമാറ്റത്തിന്. തൃശ്ശൂർ നഗരം കേന്ദ്രീകരിച്ച് പുതിയ ലോക്കൽ കമ്മിറ്റിയുണ്ടാക്കും. തൃശ്ശൂർ സിറ്റി ലോക്കൽ കമ്മിറ്റി എന്നായിരിക്കും പേര്. മുൻ മന്ത്രിയും ജില്ലാ കമ്മിറ്റി അംഗവുമായ സി. രവീന്ദ്രനാഥാകും സെക്രട്ടറി. നഗരപരിധിയിലെ അംഗത്വ പരിശോധനയും കർശനമാക്കും. പാർട്ടിയെ നഗരത്തിൽ ശക്തിപ്പെടുത്തുകയാണ് ഏറ്റവും വലിയ ലക്ഷ്യം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരപ്രദേശത്ത് കുറഞ്ഞതാണ് വേഗത്തിലുള്ള നടപടിക്ക് കാരണം. കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്ച നടക്കും. ബുധനാഴ്ച മേഖലാ റിപ്പോർട്ടിങ്ങും നടത്തും.
കോർപറേഷനാകുന്നതിന് മുൻപുണ്ടായിരുന്ന നഗരസഭാ മേഖലയിൽ സിപിഎമ്മിനിപ്പോൾ അഞ്ചു ലോക്കൽ കമ്മിറ്റികളുണ്ട്. പടിഞ്ഞാറേക്കോട്ട, പാട്ടുരായ്ക്കൽ, കിഴക്കേക്കോട്ട, കൊക്കാല, ചുമട് എന്നിവയാണവ. ഇൗ അഞ്ചു ലോക്കൽ കമ്മിറ്റികളെ സംയോജിപ്പിച്ചാണ് ഏറ്റവും വലുതും ശക്തവുമായ തൃശ്ശൂർ സിറ്റി ലോക്കൽ കമ്മിറ്റി രൂപവത്കരിക്കുന്നത്. ഏരിയ, ലോക്കൽ കമ്മിറ്റികളുടെ നിർദേശങ്ങളും പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
നിലവിലുള്ള അഞ്ചു േലാക്കൽ കമ്മിറ്റികളുടെ പരിധിയിൽ കോർപറേഷന്റെ 15 ഡിവിഷനുകളുണ്ട്. പൂങ്കുന്നം, കുട്ടൻകുളങ്ങര, പാട്ടുരായ്ക്കൽ, കിഴക്കുംപാട്ടുകര, ചെമ്പുക്കാവ്, മിഷൻക്വാർട്ടേഴ്സ്, ചേലക്കോട്ടുകര, കണ്ണംകുളങ്ങര, തേക്കിൻകാട്, തിരുവമ്പാടി, കോട്ടപ്പുറം, പൂത്തോൾ, കൊക്കാല, അരണാട്ടുകര, കാനാട്ടുകര എന്നിവയാണത്. ഇതിൽ ഏഴു ഡിവിഷനുകളിൽ ജയിച്ചത് ബിജെപിയാണ്. കോൺഗ്രസ് ആറു ഡിവിഷനിലും ജയിച്ചു. പൂത്തോൾ, കാനാട്ടുകര ഡിവിഷനുകൾ മാത്രമാണ് സിപിഎമ്മിന് നേടാനായത്.
തിരുവമ്പാടി ഡിവിഷനിൽ 91 വോട്ടും ചെമ്പുക്കാവ് ഡിവിഷനിൽ 106 വോട്ടും മിഷൻ ക്വാർട്ടേഴ്സ് ഡിവിഷനിൽ 116 വോട്ടും മാത്രമാണ് എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. സിപിഎം അംഗങ്ങൾതന്നെ ഇൗ ഡിവിഷനുകളിൽ ഇതിനേക്കാളേറെയുണ്ട്.
നിലവിലെ അഞ്ചു ലോക്കൽ കമ്മിറ്റികളിലായി ആയിരം പാർട്ടി അംഗങ്ങളുണ്ട്. പക്ഷേ ബഹുഭൂരിപക്ഷവും നഗരത്തിന് പുറത്താണ് താമസം. പാർട്ടിയുടെ ദുർബലാവസ്ഥയ്ക്ക് ഇതു കാരണമാണെന്ന് പറയപ്പെടുന്നു. ഇത്തരക്കാെര കണ്ടെത്തി താമസയിടത്തെ ബ്രാഞ്ചിലേക്ക് അംഗത്വം മാറ്റും.
Content Highlights: CPM in Thrissur plans a major revamp of its local committee structure to strengthen its presence in the city following recent election setbacks.
Published: 06 Jan 2026, 07:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented