തൃശ്ശൂർ: ജില്ലാ കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ മാതാപിതാക്കൾ നൽകിയ പിന്തുണയെയും സ്‌നേഹത്തെയും കുറിച്ച് കുറിപ്പ് പങ്കുവെച്ച് ശിഖ സുരേന്ദ്രൻ ഐഎഎസ്. ഫെയ്‌സ്ബുക്കിൽ പോസ്റ്റ്‌ചെയ്ത വികാരനിർഭരമായ കുറിപ്പിലാണ് സിവിൽസർവീസ് എന്ന ലക്ഷ്യത്തിലേക്ക് അച്ഛനും അമ്മയും നൽകിയ പിന്തുണയും പ്രോത്സാഹനവും ശിഖ പങ്കുവെച്ചത്.
സ്വപ്‌നംകാണാൻ പഠിപ്പിച്ചത് അച്ഛനാണ്, ജില്ലാ കളക്ടറായി ചാർജെടുത്തപ്പോൾ ഈ നിമിഷത്തിന് സാക്ഷ്യംവഹിക്കാൻ അച്ഛൻകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു എന്നുപറഞ്ഞാണ് ശിഖയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘’ഡയാലിസിസ് കിടക്കയിൽനിന്ന് അച്ഛൻ പകർന്നുതന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛന്‍റെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എന്‍റെ ഊർജ്ജം. ചാർജ് എടുക്കുവാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛന്‍റെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടംകൊണ്ട് അമ്മ ഒന്നും മിണ്ടിയിരുന്നില്ല.
അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നുകൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകുവാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും സഹകരണ ബാങ്കിൽനിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.
സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽനിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചുപഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ, ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ, തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ, എല്ലാം- തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്'', ശിഖ സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Content Highlights: Sikha Surendran IAS takes charge as the new District Collector of Thrissur., She posted an emotional tribute on Facebook dedicated to her parents., Highlights her father's inspiration and her mother's immense hard work and sacrifices., Credits her success in the civil service examination to her parents' unwavering belief.
Published: 03 Mar 2026, 02:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented