
തൃപ്പൂണിത്തുറ: തെരുവുനായ വീട്ടമ്മയുടെ തല കടിച്ചുകീറി. ഒരു കുഞ്ഞിന്റെ മുഖവും കടിച്ചുമുറിച്ചു. തൃപ്പൂണിത്തുറ പുതിയകാവിലും ഉദയംപേരൂർ പ്രദേശത്തുമായി തെരുവുനായ ആക്രമണത്തിൽ നാലുവയസ്സുള്ള കുട്ടി ഉൾപ്പെടെ ഏഴുപേർക്കാണ് ഗുരുതര പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് ഉദയംപേരൂർ അതിർത്തി റോഡ് തെക്കേ പുളിപ്പറമ്പിൽ സതി (52) ക്ക് തെരുവുനായയുടെ കടിയേറ്റത്. ഓടിവന്ന നായ കുനിഞ്ഞുനിന്ന് മുറ്റമടിച്ചിരുന്ന ഇവരുടെ തലയിൽ ആഴത്തിൽ കടിച്ചുവലിക്കുകയായിരുന്നു. മാംസം അടർന്നതിനെത്തുടർന്ന് വെട്ടുകൊണ്ടതുപോലെ ആഴത്തിൽ മുറിവുണ്ടായി. ഭർത്താവ് വിജയനും മറ്റും സതിയെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. പിന്നീട് എറണാകുളം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
ഉദയംപേരൂർ ഉദയഗിരി റോഡ് ഭാഗത്ത് വാടക വീട്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി തങ്കവേലുവിന്റെ മകൻ ഭുവനേശി (നാല്) നെയാണ് നായ ആക്രമിച്ചത്. വീടിനു സമീപത്തെ അങ്കണവാടിയിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് 4.30-ന് വീട്ടിലേക്ക് കുട്ടി വരുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ കവിളിലും ചുണ്ടിലും നായയുടെ കടിയേറ്റു.
ഉദയംപേരൂർ വലിയകുളം കിഴക്ക് ആരോൺ എന്ന പന്ത്രണ്ടുകാരനും തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ തലയ്ക്കും മുഖത്തും മുതുകിലും മുറിവുണ്ട്. ആശുപത്രിയിൽ ചികിത്സ തേടി.
വീട്ടിലേക്ക് കയറിവന്നാണ് ഉദയംപേരൂർ ഉദയഗിരി നഗർ മാടാനയിൽ അന്നമ്മ (സോഫി - 60) യെ തെരുവുനായ കടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ഇത്. രണ്ടു കൈത്തണ്ടയിലും കടിയേറ്റു. ഇടതു കൈത്തണ്ടയിൽ കടിച്ചിട്ടു പോയ നായ പിന്നിട് തിരിച്ചുവന്ന് വലതു കൈത്തണ്ടയിൽ കടിക്കുകയായിരുന്നു. വലതു കൈക്ക് ആഴത്തിലുള്ള മുറിവുണ്ട്.
ആളുകളെ കടിച്ചതെന്നു കരുതുന്ന ഒരു നായയെ തൃപ്പൂണിത്തുറ പുതിയകാവ് കണിയാവള്ളി ഭാഗത്തു നിന്ന് ശനിയാഴ്ച സന്ധ്യക്ക് പിടികൂടിയിട്ടുണ്ട്. എല്ലാവരെയും ഒരു നായയാണോ കടിച്ചതെന്ന് ഉറപ്പില്ല.
Content Highlights: Multiple stray dog attacks reported in Thripunithura, injuring seven people, including a four-year-old child and an elderly woman. Severe bites to face and head.
Published: 01 Feb 2026, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented