തൊടുപുഴ: പക്ഷാഘാതംവന്ന് റോഡിൽ കുഴഞ്ഞുവീണ തൊടുപുഴ നടുക്കണ്ടം സ്വദേശി പി.ടി.ജയകുമാറി(56)ന്റെ മരണത്തിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. പക്ഷാഘാതംവന്ന് കുഴഞ്ഞുവീണ ജയകുമാർ മണിക്കൂറുകളോളം റോഡിൽ‌ കിടന്നതിനുശേഷമാണ് പോലീസ് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സ ലഭ്യമാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അത് നിഷേധിക്കപ്പെട്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

To advertise here,

14ന് വൈകീട്ടാണ് തൊടുപുഴ ചുങ്കത്ത് ജയകുമാർ കുഴഞ്ഞുവീണത്. റോഡരികിൽ കിടക്കുന്ന ജയകുമാറിനെ പട്രോളിങ്ങിനിടെ പോലീസ് കണ്ടെങ്കിലും മദ്യലഹരിയിലായിരിക്കുമെന്ന് കരുതി തിരിഞ്ഞുനോക്കിയില്ല. പുലർച്ചെ രണ്ടിന് വീണ്ടും പട്രോളിങ് നടത്തുന്നതിനിടെയാണ് ജയകുമാർ അതേസ്ഥലത്തുതന്നെ കിടക്കുന്നത് കണ്ട് അഗ്നിരക്ഷാസേന ആംബുലൻസിൽ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിക്കാൻ തയ്യാറായത്.

ഇതിനിടെ ജയകുമാർ വീട്ടിലെത്താത്തിനാൽ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ രാവിലെ എട്ടിന് ആശുപത്രിയിലെത്തുമ്പോൾ അതുവരെ യാതൊരു ചികിത്സയും ലഭ്യമാക്കിയിരുന്നില്ലെന്നാണ് ആരോപിക്കുന്നത്. ജയകുമാറിന്റെ കൈവശം തിരിച്ചറിയൽ രേഖകൾ അടക്കമുണ്ടായിട്ടും േപാലീസ് ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചില്ലെന്നാരോപണമുണ്ട്.

ബന്ധുക്കൾ വന്നതിനുശേഷം സ്കാൻ ചെയ്തെങ്കിലും സ്ട്രോക്ക് ആണെന്ന് മനസ്സിലായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെയും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് 10-ാം ദിവസം ജയകുമാർ മരിച്ചു. ഭാര്യ: സുഷമ.