തിരുവനന്തപുരം: നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മൃഗശാല മാറ്റുന്നതിലൂടെ തലസ്ഥാന നഗരത്തിന്റെ പ്രാധാന്യം ഒട്ടും കുറയില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മൃഗശാല നെയ്യാറിലേക്ക് മാറ്റിയാൽ അത് കൂടുതൽ സൗകര്യപ്രദമാകുമെന്നും ഈ നീക്കത്തിന് പിന്നിൽ ആർക്കും കച്ചവട താത്പര്യങ്ങളോ വാണിജ്യവൽക്കരണ ലക്ഷ്യങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

'തൃശ്ശൂർ മൃഗശാല പുത്തൂരേയ്ക്ക് മാറ്റി, ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ. അതുമൂലം തൃശ്ശൂരിന്റേയോ മൃഗശാലയുടേയോ പ്രാധാന്യം കുറഞ്ഞോ? തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റുക എന്നത് നല്ല ലക്ഷ്യത്തോടെയുള്ള ചർച്ചയാണ്. അതിനെ അനാവശ്യമായ വാദപ്രതിവാദങ്ങളിലേക്ക് നയിക്കേണ്ടതില്ല' മന്ത്രി വ്യക്തമാക്കി.

'ഇക്കാരണംകൊണ്ട് തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ല. തലസ്ഥാനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. ആർക്കാണ് കച്ചവടതാത്പര്യം? എന്താണ് ഈ വിഷയത്തിൽ വാണിജ്യവത്കരണം? ഇതൊക്കെ അനാവശ്യ വിവാദങ്ങളാണ്. തൃശ്ശൂരിൽനിന്നും മൃഗശാല മാറ്റിയപ്പോൾ ഞങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.' കെ. മുരളീധരൻ പറഞ്ഞു. 

നഗരമധ്യത്തിൽ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നേരത്തേതന്നെ നടത്തിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2012-ൽ കെ.ബി. ഗണേഷ്‌കുമാർ വനംമന്ത്രിയായിരുന്ന സമയത്താണ് മൃഗശാലയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നുവന്നത്.

ഈ നിർദേശം ആദ്യമായി അവതരിപ്പിച്ചത് അന്നത്തെ സ്ഥലം എംഎൽഎ കെ. മുരളീധരനായിരുന്നു. കഴിഞ്ഞദിവസം തലസ്ഥാനത്തുനടന്ന റീ ഇമേജിനിങ് റൗണ്ട് ടേബിൾ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതേ ആശയം മുന്നോട്ടുവെച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.