തിരുവനന്തപുരം : തലസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്ന മൃഗശാല വനത്തിലേക്കു മാറ്റാനുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. 54 ഏക്കർ വിസ്തൃതിയിലുള്ള മ്യൂസിയത്തിൽ 35 ഏക്കറിലാണ് മൃഗശാല ഒരുക്കിയിട്ടുള്ളത്. 1859-ൽ സ്ഥാപിതമായ മൃഗശാലയിൽ നിലവിൽ 92 വർഗങ്ങളിലായി 997 മൃഗങ്ങളാണുള്ളത്. ഇതിൽ 28 വർഗങ്ങൾ സസ്തനികളാണ്.
കഴിഞ്ഞ സാമ്പത്തികവർഷം മൃഗശാലയിലെ പ്രവേശനടിക്കറ്റിൽനിന്നുമാത്രം ലഭിച്ചത് അഞ്ചുകോടി രൂപയാണ്. ആവാസവ്യവസ്ഥയിലെ പ്രശ്‌നങ്ങളും മലിനീകരണവും ചൂണ്ടിക്കാട്ടി വർഷങ്ങൾക്കു മുൻപുതന്നെ മൃഗശാലയെ നഗരത്തിൽ നിന്നു മാറ്റാനുള്ള ചർച്ചകൾ നടന്നിരുന്നു.
മൃഗശാലയെ വനാന്തരീക്ഷത്തിലേക്കു മാറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തണമെന്ന മുഖ്യമന്ത്രിയുടെ പൊതുപരിപാടിയിലെ പരാമർശമാണ് ചർച്ചകളെ വീണ്ടും ചൂടുപിടിപ്പിച്ചത്.
ചർച്ചകളുടെ തുടക്കം
2012-ൽ കെ.ബി. ഗണേഷ്‌കുമാർ വനംമന്ത്രിയായിരുന്ന സമയത്ത് സമാനമായ ചർച്ചകളും നിർദേശങ്ങളും ഉയർന്നുവന്നിരുന്നു. മൃഗശാലയെ മറ്റൊരിടത്തേക്കു മാറ്റണമെന്ന നിർദേശം ആദ്യം അവതരിപ്പിക്കുന്നത് അന്നത്തെ സ്ഥലം എം.എൽ.എ. കെ. മുരളീധരനായിരുന്നു.
മൃഗശാല മറ്റൊരിടത്തേക്കു മാറ്റുന്നതിൽ പ്രശ്നമില്ലെന്നും മൃഗങ്ങളുടെ മരണനിരക്ക് കുറയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അന്ന് നിർദേശങ്ങൾ സ്വീകരിച്ച വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി വനംവകുപ്പിൽ നിന്ന് 250 ഏക്കർ സ്ഥലം ആവശ്യപ്പെട്ടിരുന്നു.
മൃഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ
മൃഗങ്ങളെ വനാന്തരീക്ഷം സൃഷ്ടിക്കാതെ ഇരുമ്പുകൂടുകളിൽ സംരക്ഷിച്ചിരിക്കുന്നത് ശാസ്ത്രീയമല്ല. അവയുടെ ആവാസവ്യവസ്ഥ അതുപോലെ പകർന്നുനൽകുന്ന വിശാലമായ തുറന്ന കൂടുകളിലേക്ക് മാറ്റുന്നതാണ് ശാസ്ത്രീയമായ സംരക്ഷണമാർഗം. നഗരത്തിൽ മാലിന്യങ്ങൾ കുന്നുകൂടുന്നത് മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും രോഗങ്ങൾ പരത്തുന്നുണ്ട്.
മൃഗശാലയുടെ തടാകത്തിലേക്ക് ഒഴുകുന്ന മലിനജലം രോഗങ്ങൾ കൂടാൻ കാരണമാകുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് മൃഗങ്ങളുടെ മരണനിരക്കിൽ കുറവുവന്നെങ്കിലും 17 വയസ്സുള്ള വെള്ളക്കടുവയും 11 വയസ്സുള്ള പെൺകടുവയും ഇക്കൊല്ലമാണ് മൃഗശാലയ്ക്ക് നഷ്ടമായത്.
മാതൃക തൃശ്ശൂർ സുവോളജിക്കൽ പാർക്ക്
തൃശ്ശൂർ നഗരത്തിലെ ഹൃദയഭാഗമായ ചെമ്പൂക്കാവിൽ 13 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന തൃശ്ശൂർ മൃഗശാലയെ പുത്തൂരിലെ 336 ഏക്കർ സ്ഥലത്തേക്കാണ് വനംവകുപ്പ് മാറ്റിയത്. അടച്ചിട്ട ചെറിയ കൂടുകൾക്കുപകരം മൃഗങ്ങൾക്ക് സ്വാഭാവികമായരീതിയിൽ സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന തുറന്ന ആവാസവ്യവസ്ഥയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കാണിത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവേശനകവാടം, വിശാലമായ 23 വാസസ്ഥലങ്ങൾ, പാർക്കിങ് സൗകര്യം, സന്ദർശകർക്കുള്ള അടിസ്ഥാന സൗകര്യം, മൃഗശാല ആശുപത്രി, കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസ് സർവീസ് എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും പുത്തൂർ സുവോളജിക്കൽ പാർക്കിലുണ്ട്.
ഈ മാതൃകയാണ് തലസ്ഥാനത്തെ മൃഗശാലമാറ്റത്തിനും വിദഗ്ധർ മാതൃകയായി ചൂണ്ടിക്കാട്ടുന്നത്. നെയ്യാർ, പാലോട് തുടങ്ങി കാടിനോടു ചേർന്നുകിടക്കുന്ന സ്ഥലത്തേക്ക് തിരുവനന്തപുരം മൃഗശാലയെ മാറ്റിസ്ഥാപിക്കാനാണ് ആലോചനകൾ പുരോഗമിക്കുന്നത്.
സഫാരി മാതൃക സ്വാഗതം ചെയ്യുന്നു
വിശാലമായൊരു സഫാരി മാതൃകയിലാണ് മൃഗശാലയെ മാറ്റുന്നതെങ്കിൽ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. നിലവിൽ സ്വാഭാവികമായി വളർന്ന പച്ചപ്പാണ് മൃഗശാലയിലുള്ളത്. മൃഗങ്ങൾ ഈ പരിതസ്ഥിതിയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു.
ഇവിടെയുള്ള അതേ ചുറ്റളവിലുള്ള കാട്ടിലും മൃഗങ്ങൾക്ക് പ്രത്യേകിച്ച് മാറ്റം പ്രതീക്ഷിക്കുന്നില്ല. പുത്തൂർ മാതൃകയാണെങ്കിൽ കൂടുതൽ ഗുണം ചെയ്യും – നികേഷ് കിരൺ, വെറ്ററിനറി സർജൻ, മൃഗശാല.
പച്ചപ്പ് നിലനിർത്തണം
കൊൽക്കത്ത, തിരുവനന്തപുരം മൃഗശാലകളാണ് ഇന്ത്യയിലെ പ്രകൃതിദത്തമായ മൃഗശാലകളായി ഒരുകാലത്ത് കണക്കാക്കിയിരുന്നത്. നഗരത്തിലെ മലിനീകരണവും പാരിസ്ഥിതിക പ്രശ്‌നങ്ങളും വർധിച്ചത് മൃഗങ്ങളുടെ എണ്ണത്തിലും കുറവുവന്നു. മൃഗശാലയെ നഗരാന്തരീക്ഷത്തിനു പുറത്തേക്കു കൊണ്ടുപോകുന്നതിൽ സന്തോഷമുണ്ട്.
സർക്കാർ സ്ഥാപനങ്ങളോകെട്ടിടങ്ങളോ നിർമിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിൽ അതിനോട് വിയോജിപ്പാണ്. നിലവിലെ പച്ചപ്പിനെ സംരക്ഷിത വനമാക്കി നിലനിർത്തണം. മരങ്ങൾക്കിടയിൽക്കൂടി നടപ്പാത നിർമിച്ചാൽ പ്രഭാതസവാരിക്കിറങ്ങുന്നവർക്ക് ഇരുന്ന് ശുദ്ധവായു ശ്വസിക്കാനാകും.
35 ഏക്കറിൽ നഗരത്തിനുള്ളിൽ ഒരു വനം തലസ്ഥാനത്തിന്റെ പരിസ്ഥിതിക്കും മുതൽക്കൂട്ടാകും – അനിൽകുമാർ പണ്ഡാല, നഗരാസൂത്രണ വിദഗ്ധൻ.
നഗരമധ്യത്തിലെ മൃഗശാല മൃഗങ്ങളോടുള്ള ക്രൂരതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല നഗരമധ്യത്തിൽ നിന്നു കൂടുതൽ വിശാലമായ വനപ്രദേശത്തേക്ക് മാറ്റണമെന്ന നിർദേശവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടക്കുന്ന റീ ഇമേജിനിങ് റൗണ്ട് ടേബിൾ സമ്മേളനത്തിലാണ് മുഖ്യമന്ത്രി തന്റെ ആശയം പങ്കുവെച്ചത്.
“നഗരമധ്യത്തിലെ മൃഗശാല മൃഗങ്ങളോടു കാട്ടുന്ന ക്രൂരതയാണ്. ചുറ്റും തിരക്കുള്ള റോഡും പൊതുപരിപാടികൾ നടത്തുന്ന കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയവുമൊക്കെ മൃഗങ്ങൾക്ക് ശബ്ദശല്യം ആണ്. മൃഗങ്ങൾക്ക് അവരുടേതായ ആവാസസ്ഥലമുണ്ട്. നെയ്യാറിലേക്കോ മറ്റേതെങ്കിലും വനപ്രദേശത്തേയ്‌ക്കോ മൃഗശാല മാറ്റാൻ നമുക്ക് പറ്റില്ലേ?
അങ്ങനെ ചെയ്താൽ നിലവിലുള്ള സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ പോലെയോ, പ്രാഗ് സ്‌ക്വയർ പോലെയോ അതിമനോഹരമായ ഒരു സ്‌ക്വയർ ആക്കി മാറ്റാം” - ബജറ്റിലില്ലാത്ത പദ്ധതി ആദ്യമായാണ് പുറത്തുപറയുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
യൂറോപ്പിൽ പലയിടത്തുമുള്ളതുപോലെ വലിയ ഹരിതപാർക്കുകൾ നമുക്കും വേണം. സന്തോഷം നൽകുന്ന അതിമനോഹരമായ സ്ഥലമായിരിക്കുമത്. ഏറ്റവും ആധുനികമായ ഡെസ്റ്റിനേഷൻ പോയിന്റാകും. കൊച്ചിയിൽ അന്താരാഷ്ട്ര മാരിടൈം മ്യൂസിയം തയ്യാറാക്കുമ്പോൾ വിദേശത്തെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്ട് എം.ടി.യുടെ പേരിലുള്ള കൾച്ചറൽ പാർക്കും ആധുനികമാക്കാം. കേരളത്തിലെത്തുന്ന വിനോദസഞ്ചാരിക്ക് കുറഞ്ഞത് നാലുമുതൽ ഏഴുദിവസം വരെയെങ്കിലും താമസിക്കാൻ കഴിയുന്ന സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റ് പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ വിവിധ ആശയം പങ്കുവെയ്ക്കുന്നതിനിടെയാണ് മൃഗശാലയുടെ സ്ഥാനവും സ്ഥലവും മുഖ്യമന്ത്രി ചർച്ചയാക്കിയത്.
മുമ്പ് കെ.ബി.ഗണേഷ് കുമാർ വനംമന്ത്രിയായിരിക്കെ മൃഗശാല മാറ്റണമെന്ന് ചർച്ചയുണ്ടായെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. നഗരത്തിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റിയാൽ സന്ദർശകർ കുറയുമെന്നും വരുമാനത്തെ ബാധിക്കുമെന്നതാണ് അന്നുണ്ടായ പ്രധാന ആശങ്ക.
Content Highlights: Discussions to relocate the Thiruvananthapuram Zoo to a forest environment have been revived, aiming to enhance it to international standards due to environmental and pollution concerns in the city. The proposal to move the zoo, which currently houses 997 animals across 92 species, has been supported by the Chief Minister, citing the need for a more natural habitat and reduced animal mortality rates.
Published: 17 Sept 2026, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented