കോഴിക്കോട്: വഖഫ് ബോർഡ് പുനസംഘടനയിൽ തങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഭാഗം വിട്ടുനിൽക്കാൻ തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കോ അനുനയ നീക്കങ്ങൾക്കോ മുന്നിൽ നിന്നുകൊടുക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് എ.പി. വിഭാഗമുള്ളത്.

To advertise here,

കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെ മൂന്ന് നേതാക്കൾക്കാണ് യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കത്തുനൽകിയിരുന്നത്. എന്നാൽ തങ്ങളുടെ കടുത്ത പ്രതിഷേധം അറിയിക്കുന്നതിന്റെ സൂചനയായാണ് യോഗം ബഹിഷ്കരിക്കാൻ കാന്തപുരം വിഭാഗം തീരുമാനമെടുത്തത്.

എ.പി. വിഭാഗത്തിന്റെ ഈ അതൃപ്തി പരിഹരിക്കുന്നതിനായി വരാനിരിക്കുന്ന ഹജ്ജ് ബോർഡ്, മദ്രസാ ബോർഡ് നിയമനങ്ങളിൽ കൃത്യമായ പരിഗണന നൽകി മുന്നോട്ടുപോകാമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പ്രതീക്ഷിച്ചിരുന്നതെന്നാണ് വിവരം. എന്നാൽ വഖഫ് ബോർഡിലെ ഒഴിവാക്കലിന് പകരം ഹജ്ജ് കമ്മിറ്റിയിലോ മറ്റ് ബോർഡുകളിലോ പരിഗണന നൽകിയുള്ള യാതൊരുവിധ അനുനയ ശ്രമങ്ങൾക്കും വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കാന്തപുരം വിഭാഗമെന്നാണ് റിപ്പോർട്ടുകൾ.