തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലും പരിസരത്തുമായി അടുത്തകാലത്ത് കൂണുകൾപോലെയാണ് ആയുർവേദ സ്പാകളെന്ന പേരിൽ മസാജിങ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നത്. വിനോദസഞ്ചാരമേഖലകളിലും പഞ്ചനക്ഷത്രസൗകര്യമുള്ള ഹോട്ടലുകളിലും അന്താരാഷ്ട്ര നിലവാരമുള്ള സജ്ജീകരണങ്ങളിലാണ് നേരത്തേ സ്പാകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ നഗരഹൃദയത്തിലെ ചെറിയ കെട്ടിടങ്ങളിലാണ് സൗകര്യങ്ങളൊന്നുമൊരുക്കാതെ പല സ്പാകളുടെയും പ്രവർത്തനം. ഇവയുടെ മറവിൽ അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നഗരത്തിലെ കുറ്റവാളികളുടെ താവളങ്ങളുമാണ്.

To advertise here,

തിരുവല്ലയിലെ സ്പായിൽ യുവതി ആക്രമിക്കപ്പെട്ടതോടെയാണ് സ്പാകളുടെ പ്രവർത്തനം ചർച്ചയായത്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ സ്പായിൽ അഭിമുഖത്തിനെത്തിയ യുവതിയോട് മോശം പെരുമാറ്റമുണ്ടായി. ഇതോടെയാണ് നഗരത്തിലും അനധികൃത സ്പാകൾക്കെതിരേ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി തുടങ്ങിയത്‌.

വ്യാജ സർട്ടിഫിക്കറ്റുകളിൽ പ്രവർത്തനം

: നഗരത്തിലെ സ്പാകളിൽ പലതും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് ചില സ്ഥാപനങ്ങൾ ലൈസൻസ് നേടുന്നതെന്ന പരാതിയുമുണ്ട്. ലൈസൻസിനായി സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സംഘമുണ്ട്. പരിശോധന നടത്താതെ ഇവർ പണം വാങ്ങി തങ്ങളുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നതായാണ് ആരോപണം.
അനധികൃത സ്പാകളിൽ വനിതാ ജീവനക്കാരെ നിയോഗിച്ചാണ് മസാജിങ് നടത്തുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണവും നടത്തും. നഗരത്തിൽ ഇവയുടെ പോസ്റ്റർ പതിപ്പിക്കുന്നുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വനിതാ ജീവനക്കാർ മാത്രം ജോലിചെയ്യുന്ന സ്പാകളുമുണ്ട്. ഇവരുടെയൊക്കെ ചിത്രങ്ങളും പ്രചാരണത്തിന് ഉപയോഗിക്കാറുണ്ട്.
ഇത്തരം സ്ഥാപനങ്ങളിൽ, ആയുർവേദ സ്പായാണ് എന്നു തെളിയിക്കാനായി ഒരു എണ്ണത്തോണിയാണ്‌ ആകെയുണ്ടാകുന്ന വസ്തു. 75,000 രൂപ മാത്രമാണ് ഇതിനു മുടക്കുമുതൽ. മറ്റെല്ലാം സാധാരണ ഹോട്ടൽ മുറി പോലെതന്നെയാണ് സജ്ജീകരിക്കുക. ഇടപാടുകാരെ എത്തിക്കാൻ ഏജന്റുമാരുമുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പുകളുള്ള സ്ഥാപനങ്ങളുമുണ്ട്. നഗരത്തിലെ ഗുണ്ടാസംഘങ്ങളുമായും ചില സ്പാ നടത്തിപ്പുകാർക്കു ബന്ധമുണ്ട്.

പോലീസ് പരിശോധിക്കുന്നു
സ്പാകളുടെ മറവിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസ് ഇടപെടേണ്ട തരത്തിലുള്ള പരാതികളുയർന്നാൽ നടപടിയെടുക്കും -കെ. കാർത്തിക്, സിറ്റി പോലീസ് കമ്മിഷണർ