
തിരുവനന്തപുരം: സ്മാർട് സിറ്റിയുടെ ഭാഗമായി കോർപ്പറേഷൻ കെഎസ്ആർടിസിക്കു നൽകിയ 113 ഇലക്ട്രിക് ബസുകളെ നഗരത്തിനുള്ളിൽതന്നെ സർവീസ് നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മേയർ വി.വി.രാജേഷ്. മീറ്റ് ദ പ്രസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിൽതന്നെ ഇ-ബസുകൾ സർവീസ് നടത്തി തുച്ഛമായ ടിക്കറ്റ് നിരക്ക് ഈടാക്കണമെന്ന് കെഎസ്ആർടിസി കോർപ്പറേഷനുമായി കരാർ ഉണ്ടാക്കിയിരുന്നു. പിന്നീട് ഈ കരാർ ലംഘിച്ചാണ് കെഎസ്ആർടിസി സിറ്റി ബസാക്കിയതും മറ്റു സ്ഥലങ്ങളിലേക്ക് സർവീസുകൾ നടത്തിയതും. അത് മറ്റു ജില്ലകളിലേക്കു പോയപ്പോൾ കഴിഞ്ഞ കോർപ്പറേഷൻ ഇടപെട്ടിരുന്നെങ്കിലും പൂർണമായി പിൻവലിക്കാൻ കെഎസ്ആർടിസി തയ്യാറായില്ലായിരുന്നു. ഇപ്പോൾ പല ബസുകളും കട്ടപ്പുറത്താണെന്നും ചിലതൊക്കെ കരാർ ലംഘിച്ച് സർവീസുകൾ നടത്തുന്നുവെന്നും മേയർ പറഞ്ഞു. ഇക്കാര്യത്തിൽ ഇ-ബസുകൾ തിരിച്ചുപിടിക്കാൻ കർശന നടപടിയുമായാണ് കോർപ്പറേഷൻ ഇറങ്ങുന്നത്.
കോർപ്പറേഷൻ ഇടപാടുകൾ ഓൺലൈനിലൂടെ മാത്രമാക്കുമെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ വാഹനങ്ങൾ പലതും ദുരുപയോഗം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടു. വെറുതെകിടന്നു നശിക്കുന്നതും ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ കോർപ്പറേഷൻ വാഹനങ്ങളുടെ കാര്യത്തിലും വിദഗ്ധാഭിപ്രായത്തിലൂടെ നടപടിയെടുക്കും. നികുതിപ്പണത്തിലൂടെയും മറ്റും കോർപ്പറേഷനു കിട്ടുന്ന കോടിക്കണക്കിന് രൂപ ചോരുന്നുണ്ട്. അതിന് തടയിടും. ജനങ്ങളുടെ നികുതിപ്പണം കട്ടെടുത്തവർ മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
കോർപ്പറേഷന്റെ കീഴിലുള്ള കെട്ടിടങ്ങൾക്കു കാലഹരണപ്പെട്ട വാടക പുതുക്കി നിശ്ചയിച്ച് വരുമാനമാക്കി മാറ്റും. അത്തരത്തിൽ കോർപ്പറേഷന് ലഭിക്കേണ്ട നികുതിപ്പണം പിരിച്ചെടുക്കുന്നതിന് പ്രഥമ പരിഗണന നൽകും.
തെരുവു കച്ചവടക്കാർക്കായി കേന്ദ്രത്തിന്റെ ധനസഹായം ലഭ്യമാക്കാനുള്ള നടപടികളെല്ലാം കൈക്കൊള്ളും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ഗവൺമെന്റും രാജ്യത്തെമ്പാടും വരച്ചുകാട്ടിയ മാതൃകയാണ് തലസ്ഥാനത്തും പിന്തുടരാൻ പോകുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇൻഡോറാണ്. നഗരത്തിൽ ഇൻഡോർതന്നെ മാതൃകയിൽ മാലിന്യ സംസ്‌കരണ പരിഷ്‌കരണങ്ങൾ കൊണ്ടുവരും. നിയമനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിലവിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് മറുപടി നൽകി. കഴിഞ്ഞ ഭരണസമിതിയിൽ മുൻ മേയർ ആര്യാ രാജേന്ദ്രൻ അഴിമതി കാണിച്ചുവെന്ന കോൺഗ്രസ് കൗൺസിലർ ആയിരുന്ന ശ്രീകുമാർ നൽകിയ പരാതി പരിശോധിച്ച് തീരുമാനം എടുക്കും. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പ്രധാന ഉദ്ദേശ്യം. തെരുവുനായ ശല്യത്തിന് പരിഹാരമായും അവയെ സംരക്ഷിക്കാനുമായി കൂടുതൽ ഷെൽട്ടറുകൾ സ്ഥാപിക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനമെടുക്കും.
55 വാർഡുകളിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള വയോമിത്രം മറ്റു വാർഡുകളിലേക്കും വ്യാപിപ്പിക്കും. മെഡിക്കൽ ടൂറിസം, സ്പിരിച്വൽ ടൂറിസം, വിഴിഞ്ഞം പോർട്ടിന്റെ വികസനം, ഐടി മേഖല തുടങ്ങിയവയെ കേന്ദ്രീകരിക്കുമെന്നും മേയർ മീറ്റ് ദ പ്രസിൽ പ്രതികരിച്ചു. 101 വാർഡുകളിലെയും കൗൺസിലർമാരിൽ നിന്ന് അവരവരുടെ വാർഡുകളിൽ അടിയന്തരമായി ഇടപെടേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ ശേഖരിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും രാജേഷ് പറഞ്ഞു.
ഡെപ്യൂട്ടി മേയർ ആശാ നാഥും മീറ്റ് ദ പ്രസിൽ പങ്കെടുത്തിരുന്നു. ഇരുവർക്കും പ്രസ് ക്ലബ്ബിന്റെ സ്‌നേഹോപഹാരവും സമ്മാനിച്ചു. പ്രസിഡന്റ് എസ്. ശ്രീകേഷ്, സെക്രട്ടറി പി.ആർ.പ്രവീൺ, ട്രഷറർ വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Thiruvananthapuram Mayor V.V. Rajesh addresses KSRTC electric bus contract violations and plans to reclaim buses. Also discusses online transactions, vehicle misuse, and urban development.
Published: 28 Dec 2025, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented