
തിരുവനന്തപുരം: സ്മാർട്സിറ്റിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്കു നൽകിയ ഇലക്ട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും മേയർ വി.വി. രാജേഷും നേർക്കുനേർ ഏറ്റുമുട്ടി. നേരത്തേ ബസുകളുടെ സർവീസ് നഗരത്തിനു മാത്രമായി വേണമെന്ന മേയറുടെ ആവശ്യത്തിന് മന്ത്രി മറുപടി നൽകിയതോടെയാണ് വിഷയത്തിൽ രാഷ്ട്രീയപ്പോര് വീണ്ടും തുടങ്ങിയത്.
നഷ്ടത്തിൽ ഓടുന്നതിനാൽ, ലാഭകരമാക്കാൻ വേണ്ടിയാണ് ബസുകളുടെ റൂട്ടുകളിൽ പരിഷ്‌കാരം വരുത്തിയതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിക്കു നൽകിയ 113 ഇ-ബസുകൾ കോർപ്പറേഷന് ആവശ്യപ്പെട്ടാൽ തിരികെനൽകാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, ബസുകൾ ഏറ്റെടുക്കാൻ കോർപ്പറേഷനു ലക്ഷ്യമില്ലെന്നും സർവീസ് നടത്തിപ്പിലെ ത്രികക്ഷി കരാറിലെ മാനദണ്ഡങ്ങൾ പാലിക്കണമെന്നുമാണ് ഇതിനു മറുപടിയായി മേയർ വി.വി. രാജേഷ് പറഞ്ഞത്. കരാർലംഘനം നടത്തിയതിനു തെളിവായി, കെഎസ്‌ആർടിസിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മുൻ മേയർ ആര്യാ രാജേന്ദ്രന്റെ സാമൂഹികമാധ്യമ പോസ്റ്റും വി.വി. രാജേഷ് ഉയർത്തിക്കാട്ടി. ഇക്കാര്യത്തിൽ പ്രശ്നപരിഹാരത്തിന് എന്ത് നടപടിയുണ്ടാകുമെന്ന് മന്ത്രിയോ മേയറോ വിശദീകരിച്ചിട്ടില്ല.
‘ബസുകൾ കോർപ്പറേഷന്റേത്‌മാത്രമല്ല’
: വി.വി. രാജേഷ് ഉയർത്തിയ വിഷയത്തിൽ രണ്ടു ദിവസത്തിനുശേഷമാണ് മന്ത്രി ഗണേഷ് കുമാർ മറുപടിയുമായി എത്തിയത്. ഇ-ബസുകൾ വാങ്ങിയത് കോർപ്പറേഷന്റെ ഫണ്ട് മാത്രം ഉപയോഗിച്ചല്ലെന്നാണ് മന്ത്രി പറഞ്ഞത്. ജില്ലയ്ക്കു പുറത്ത് സർവീസ് നടത്തുന്നില്ല. നഗരത്തിനോടു ചേർന്നുള്ള പ്രദേശത്തെ ആളുകളുടെ സൗകര്യംകൂടി കണക്കിലെടുത്താണ് ചില സർവീസുകൾ പുറത്തേക്ക് ഓടിക്കുന്നത്. ഇ-ബസുകളുടെ പരിപാലനച്ചുമതല കെഎസ്ആർടിസിക്കാണെന്നും ഇത് വലിയ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. താൻ മന്ത്രിയായി ചുമതല ഏൽക്കുമ്പോൾ സർവീസുകൾ നഷ്ടത്തിലായിരുന്നു. എന്നാൽ, പിന്നീടത് ലാഭത്തിലാക്കുകയായിരുന്നു.
ബസുകൾ തിരികെനൽകേണ്ടിവന്നാൽ നിർത്തിയിടാനോ മറ്റ് ആവശ്യങ്ങൾക്കോ കെഎസ്ആർടിസിയെ ആശ്രയിക്കാൻ പാടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ വെല്ലുവിളി.
‘ആവശ്യം സാധാരണക്കാർക്കുവേണ്ടി’
: നേരത്തേ നഗരത്തിലെ ഇടറോഡുകളിലൂടെ കുറഞ്ഞ നിരക്കിൽ നടത്തിയ സർക്കുലർ സർവീസ് ദിവസക്കൂലിക്കാരായ സാധാരണക്കാർക്ക് ഏറെ ഗുണംചെയ്തിരുന്നുവെന്നും അത്തരക്കാരുടെ അഭ്യർഥനയെത്തുടർന്നാണ് താൻ ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും മേയർ വ്യക്തമാക്കി. ഇ-ബസുകളുടെ റൂട്ട് നിശ്ചയിക്കുമ്പോൾ കോർപ്പറേഷനുമായി കൂടിയാലോചന നടത്തണം. കോർപ്പറേഷനു ലാഭവിഹിതത്തിനുള്ള അവകാശം തുടങ്ങിയ നിബന്ധനകൾ കരാറിലുണ്ടെന്നും ഇതൊക്കെ ലംഘിച്ചിരിക്കുകയാണെന്നും വി.വി. രാജേഷ് ആരോപിച്ചു.
ഹരിതനഗരമെന്ന ആശയത്തെ മുൻനിർത്തിയും നഗരത്തിലെ ഗതാഗതസംവിധാനത്തെ മെച്ചപ്പെടുത്താനും വേണ്ടിയാണ് 10 രൂപ ടിക്കറ്റ് നിരക്കിൽ ഇ-ബസ് സംവിധാനം കൊണ്ടുവന്നത്. ആന്റണി രാജു ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ സർവീസ് ആരംഭിച്ചത്. മന്ത്രി കെ.ബി. ഗണേഷ് കുമാർ വന്നതോടെ സിറ്റി സർക്കുലർ പിൻവലിച്ച് ദീർഘദൂര സർവീസുകൾ ആരംഭിച്ചു. ടിക്കറ്റ് നിരക്കും വർധിപ്പിച്ചു. കോർപ്പറേഷനു മാത്രമായി കാര്യങ്ങൾ നിശ്ചയിക്കാൻ കഴിയില്ലെന്ന് ആന്റണി രാജു എംഎൽഎ പറഞ്ഞു.
Published: 01 Jan 2026, 07:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented