തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുഗതൻ അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് കാപ്പയടക്കം ചുമത്തപ്പെട്ട വ്യക്തിയായിരുന്നു സുഗതൻ. അറസ്റ്റുചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ചതടക്കമുള്ള കേസിലാണ് സുഗതൻ വിചാരണ നേരിടുന്നത്.
തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവസമയത്ത് നടന്ന കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസാണ് കോടതി ഇന്ന് പരിഗണിച്ചത്. ഈ കേസിൽ ജാമ്യം നൽകണം എന്നതായിരുന്നു സുഗതന്റെ ആവശ്യം, എന്നാൽ ഈ ജാമ്യാപേക്ഷ ശനിയാഴ്ച നെടുമങ്ങാട് കോടതി തള്ളി. സുഗതന് ജാമ്യം നൽകാൻ കഴിയില്ല എന്നാണ് കോടതിയുടെ നിരീക്ഷണം.
കാപ്പ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് കഴിഞ്ഞ മാസം സുഗതനെ വീട്ടിലെത്തി അറസ്റ്റുചെയ്തത്. അതുകൊണ്ടുതന്നെ ഈ കേസിൽ ജാമ്യം ലഭിച്ചാലും അതുകൊണ്ട് സുഗതന് പ്രത്യേകിച്ച് ഗുണം ഉണ്ടാവുകയില്ല. സാങ്കേതികമായ ഒരു ജാമ്യം മാത്രമായിരിക്കും അത്. കാരണം, കാപ്പ കേസുമായി ബന്ധപ്പെട്ട് നിലവിൽ വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിലുള്ളയാളാണ് സുഗതൻ.
ക്ഷേത്രോത്സവത്തിനിടയിലെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസിൽ തെളിവുശേഖരണത്തിനായാണ് നിലവിൽ പോലീസ് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്. അതിന്റെ തെളിവെടുപ്പടക്കം പൂർത്തിയാക്കി, പോലീസ് വീണ്ടും വിയ്യൂർ ജയിലിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസിൽ ജാമ്യം ലഭിച്ചാലും സുഗതന് പുറത്തിറങ്ങാൻ കഴിയില്ല.
അതേസമയം സുഗതന്റെ രാഷ്ട്രീയഭാവിയെപ്പറ്റിയും ചോദ്യങ്ങൾ ഉയരുന്നുണ്ട്. നിലവിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറാണ് സുഗതൻ. എന്നാൽ, തുടർച്ചയായി മൂന്ന് കൗൺസിലിൽ പങ്കെടുക്കാതിരുന്നാൽ സുഗതന് അയോഗ്യത നേരിടേണ്ടിവരും. അങ്ങനെ വരുമ്പോൾ, കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ അംഗസംഖ്യയിൽ കുറവുണ്ടാകും.
വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ഇപ്പോൾ കോർപറേഷൻ ഭരിക്കുന്ന ബിജെപിയുടെ അംഗസംഖ്യ 51 ആണ്. കഴിഞ്ഞ കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ വലിയ സംഘർഷമടക്കം ഉണ്ടായിരുന്നു. സുഗതന് ഒപ്പിടാനായി അറ്റൻഡൻസ് രജിസ്റ്റർ മാറ്റിവെച്ചു എന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. ഒരു കൗൺസിൽ യോഗമാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്, ഇനി രണ്ട് യോഗം കൂടി നടക്കാനുണ്ട്.
മാത്രമല്ല, സുഗതന്റെ സത്യപ്രതിജ്ഞ അസാധുവാക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവും ഇതിനിടെ വന്നിരുന്നു. ഇനി ഒരു വട്ടംകൂടി സുഗതൻ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്, അടുത്ത കൗൺസിൽ യോഗത്തിൽ പങ്കെടുക്കേണ്ടതുമുണ്ട്. അതിനുമുമ്പ് ജാമ്യം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സുഗതൻ.
Content Highlights: Nedumangad court rejected the bail plea of BJP Councilor Sugathan. Sugathan remains in Viyyur jail under KAAPA charges. Bail in the temple festival attempted murder case will not lead to his release. Potential disqualification risks due to absence from council meetings. Legal challenges regarding his oath of office remain unresolved.
Published: 04 Jul 2026, 05:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented